ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ
text_fieldsഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ഹോക്കി മത്സരത്തിൽ നിന്ന്
ആംസ്റ്റൽവീൻ (നെതർലൻഡ്സ്): ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ജയത്തിനായി ഇന്ത്യൻ പുരുഷ ടീമിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പ് തുടരും. പൂൾ ഡി-യിലെ രണ്ടാം മത്സരത്തിൽ 4-2നായിരുന്നു ഇംഗ്ലീഷ് വിജയം. ഇതോടെ ബുധനാഴ്ച പാകിസ്താനെതിരെ നടക്കുന്ന പൂളിലെ മൂന്നാത്തെയും അവസാനത്തെയും മത്സരം ഇന്ത്യക്ക് നിർണായകമായി. ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഹർമൻപ്രീത് സിങ്ങിനും സംഘത്തിനും രണ്ടാം റൗണ്ടിൽ കടക്കാം. തുടർച്ചയായ രണ്ട് ജയങ്ങളുമായി ഇംഗ്ലണ്ട് (6) മുന്നേറിയിട്ടുണ്ട്.
കളിയുടെ 13ാം മിനിറ്റിൽ നിക്കോളാസ് ബൻഡുറാക് ഇംഗ്ലീഷുകാർക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ, തിരിച്ചുവന്ന നായകൻ ഹർമന്റെയും (16) ദിൽപ്രീത് സിങ്ങിന്റെയും (24) ഗോളുകളിൽ ഇന്ത്യ ഒന്നാം പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ സ്റ്റുവർട്ട് റുഷ്മിയറും (38) ഹെൻറി ക്രോഫ്റ്റും ബൻഡുറാകും (54) ചേർന്ന് ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് ഇന്ത്യ. പാകിസ്താന് ഒരു പോയന്റേയുള്ളൂ.
വനിതകൾ ഇന്ന് ദക്ഷിണാഫ്രിക്കയോട്
വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യ ചൊവ്വാഴ്ച രണ്ടാം മത്സരത്തിന്. പൂൾ ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ ആദ്യ മത്സരത്തിൽ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരെ വിജയം നേടി പൂളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് മുന്നേറുകയാണ് ലക്ഷ്യം. ഇംഗ്ലണ്ടിനോട് 4-0ന് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കക്ക് ടൂർണമെന്റിൽ നിലനിൽക്കാൻ ജയം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

