ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ
text_fieldsആംസ്റ്റൽവീൻ (നെതർലൻഡ്സ്): ഹോക്കി കളത്തിൽ ഇന്ത്യയെ തോൽപിക്കാൻ പതിറ്റാണ്ട് പിന്നിട്ട് കാത്തിരിക്കുന്ന പാകിസ്താന് വീണ്ടും നിരാശ. പുരുഷ ലോകകപ്പ് ഹോക്കിയിലെ നിർണായക പൂൾ മത്സരത്തിൽ അയൽക്കാരെ മടക്കി ഹർമൻപ്രീത് സിങ്ങും സംഘവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വീറും വാശിയും ആവേശവും നിറഞ്ഞ കളിയിൽ മൂന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പൂൾ ഡി-യിൽനിന്ന് ഇംഗ്ലണ്ടിന് (9) പിറകിൽ ആറ് പോയന്റോടെ രണ്ടാംസ്ഥാനക്കാരായാണ് കടന്നത്. ഓരോ പോയന്റുള്ള പാകിസ്താനും വെയ്ൽസും മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീതും അഭിഷേകും ഇരട്ട ഗോൾ നേടി. അഞ്ചാം മിനിറ്റിലും 21ലും പെനാൽറ്റി കോർണറുകളിലാണ് ഹർമൻ സ്കോർ ചെയ്തത്. 11ലും 24ലും അഭിഷേകിന്റെ ഫീൽഡ് ഗോളുകളെത്തി. 35ാം മിനിറ്റിൽ ഉപനായകൻ ഹാർദിക് സിങ്ങിന്റെ പെനാൽറ്റി സ്ട്രോക്കും ലക്ഷ്യം കണ്ടു. ഇന്ത്യ മൂന്ന് ഗോളിന് മുന്നിൽക്കവേ പാകിസ്താൻ 22ാം മിനിറ്റിൽ ഹനാൻ ഷാഹിദിലൂടെയാണ് ഒരെണ്ണം മടക്കിയത്. പിന്നെയായിരുന്നു അഭിഷേകിന്റെ രണ്ടാം ഗോൾ. സ്കോർ 4-1ൽ സുഫിയാൻ ഖാനും (24) സ്കോർ ചെയ്തതോടെ പാകിസ്താന് ആഹ്ലാദം. 46ാം മിനിറ്റിൽ ഹനാന്റെ രണ്ടാം ഗോളെത്തുമ്പോൾ സ്കോർ 5-3. കളിതീരാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ആദിത്യ ലലാഗെ മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതിനെത്തുടർന്ന് ഇന്ത്യ പത്തുപേരായി ചുരുങ്ങിയിരുന്നു.
ഹസ്തദാനം ചെയ്ത് ഇന്ത്യ-പാക് താരങ്ങൾ
ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി ഹസ്തദാനം ചെയ്ത് താരങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിൽപ്പിന്നെ കളിക്കളത്തിൽ താരങ്ങൾ തമ്മിൽ കൈകൊടുക്കാറില്ല. ക്രിക്കറ്റിലടക്കം കർശനമായി പിന്തുടരുന്ന പതിവ് പക്ഷേ, ഹോക്കിയിൽ താരങ്ങൾ മുമ്പും തെറ്റിച്ചിരുന്നു. ഈ വർഷം ആദ്യം ലണ്ടനിൽ നടന്ന എഫ്.ഐ.എച്ച് പ്രോലീഗ് മത്സരത്തിന് മുമ്പും ശേഷവും ഇന്ത്യ-പാക് കളിക്കാർ പരസ്പരം ഹസ്തദാനം ചെയ്തത് വലിയ വാർത്തയായി.
വനിതകൾക്ക് ഇന്ന്ഇംഗ്ലീഷ് ടെസ്റ്റ്
ലോകകപ്പ് രണ്ടാം റൗണ്ട് തേടി ഇന്ത്യൻ വനിത ടീം വ്യാഴാഴ്ച ഇറങ്ങും. പൂൾ ഡി-യിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സമനില മതിയാകും ഇന്ത്യക്ക്. ഇന്ത്യക്കും ചൈനക്കും നാലുവീതം പോയന്റാണുള്ളത്. ഗോൾ വ്യത്യാസത്തിന്റെ കരുത്തിൽ ഇന്ത്യയാണ് മുന്നിൽ.
നിലവിൽ മൂന്ന് പോയന്റുമായി മൂന്നാമതുള്ള ഇംഗ്ലണ്ടിന് രണ്ടാം റൗണ്ടിൽ കടക്കാൻ ജയം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

