ഇന്ത്യ ആതിഥ്യമരുളുന്ന ഹോക്കി ലോകകപ്പ് മത്സരങ്ങൾ നാളെ മുതൽ
text_fieldsകട്ടക്കിൽ ലോകകപ്പ് ഹോക്കി ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ,
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് ത്വയ്യിബ് ഇക്രാം, ഒഡിഷ മുഖ്യമന്ത്രി
നവീൻ പട്നായിക് എന്നിവർ
ഭുവനേശ്വർ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോകകപ്പ് മത്സരങ്ങൾ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ആതിഥ്യമരുളുന്നു. ജനുവരി 13 മുതൽ 29 വരെ ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലും റൂർക്കേല ബിർസ മുണ്ട അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിലുമാണ് 16 ടീമുകൾ നാല് പൂളുകളായി ഏറ്റുമുട്ടുന്നത്.
ഉദ്ഘാടനച്ചടങ്ങുകൾ ബുധനാഴ്ച രാത്രി കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്നു. 2018ലും ഭുവനേശ്വറായിരുന്നു വേദി. അന്ന് ബെൽജിയം ജേതാക്കളും നെതർലൻഡ്സ് റണ്ണേഴ്സ് അപ്പും ആസ്ട്രേലിയ മൂന്നാം സ്ഥാനക്കാരുമായി.
റൂർക്കല ബിർസ മുണ്ട സ്റ്റേഡിയം
പൂളുകൾ ഇങ്ങനെ
പൂൾ എയിൽ ആസ്ട്രേലിയ, അർജന്റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ബിയിൽ ബെൽജിയം, ജർമനി, ദക്ഷിണ കൊറിയ, ജപ്പാൻ, സിയിൽ നെതർലൻഡ്സ്, ന്യൂസിലൻഡ്, മലേഷ്യ, ചിലി, ഡിയിൽ ഇന്ത്യ, ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ് ടീമുകളാണുള്ളത്. വെള്ളിയാഴ്ച കലിംഗയിൽ അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഓരോ പൂളിലെയും ജേതാക്കൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസ് ഓവർ റൗണ്ട് കളിച്ചാണ് അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കുക. സെമി ഫൈനലുകൾ 27നും കലാശക്കളി 29നും ഭുവനേശ്വറിൽ നടക്കും.
ഭുവനേശ്വർ കലിംഗ സ്റ്റേഡിയം
പ്രതീക്ഷയിൽ ഇന്ത്യ
ആതിഥേയരായ ഇന്ത്യ പൂൾ ഡിയിൽ നാളെ സ്പെയിനിനെ നേരിടും. റൂർക്കേലയിലാണ് ഈ മത്സരം. 15ന് ഇതേ വേദിയിൽ ഇംഗ്ലണ്ടുമായും 19ന് കലിംഗയിൽ വെയ്ൽസുമായും ഇന്ത്യ ഏറ്റുമുട്ടും. 15ാം തവണയും ലോകകപ്പ് കളിക്കുന്ന ടീമാണ് ഇന്ത്യ.
1975ൽ മലേഷ്യയിലെ ക്വാലാലംപുരിൽ പാകിസ്താനെ 2-1ന് തോൽപിച്ച് ജേതാക്കളായ ഇന്ത്യ അതിനുശേഷം കിരീടത്തിന് അരികിൽപോലും എത്തിയിട്ടില്ല. 1973ൽ ആദ്യമായി ഫൈനൽ കളിച്ചപ്പോൾ നെതർലൻഡ്സിനോട് തോറ്റു. 1982, 2010ലും 18ലും ആതിഥ്യമരുളി. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യ ഇക്കുറി ആത്മവിശ്വാസത്തിലാണ്. മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷും ടീമിലുണ്ട്. 2021ലെ ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ.