Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസ്റ്റിക് ദേ ഇന്ത്യാ;...

സ്റ്റിക് ദേ ഇന്ത്യാ; പുരുഷ, വനിത ലോകകപ്പ് ഹോക്കി ഉദ്ഘാടനം നാളെ

text_fields
bookmark_border
സ്റ്റിക് ദേ ഇന്ത്യാ; പുരുഷ, വനിത ലോകകപ്പ് ഹോക്കി ഉദ്ഘാടനം നാളെ
cancel

ബ്രസൽസ്: ബെൽജിയവും നെതർലൻഡ്‌സും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന എഫ്‌.ഐ.എച്ച് പുരുഷ, വനിത ഹോക്കി ലോകകപ്പിന്റെ 16ാം പതിപ്പ് മത്സരങ്ങൾക്ക് ആഗസ്റ്റ് 15ന് തുടക്കമാവും. നെതർലൻഡ്സിലെ ആംസ്റ്റൽവീനിലും ബെൽജിയത്തിലെ വാവ്രെയിലുമായാണ് പോരാട്ടങ്ങൾ. ഇതാദ്യമായാണ് പുരുഷ, വനിത ലോകകപ്പുകൾ ഒരുമിച്ച് നടക്കുന്നത്. ഇരു വിഭാഗങ്ങളിലും 16 വീതം ടീമുകൾ മാറ്റുരക്കും. പുരുഷന്മാരിൽ മുൻ ജേതാക്കളായ ഇന്ത്യക്ക് സ്വാതന്ത്ര്യദിനത്തിൽ വെയ്‍ൽസിനെതിരെയാണ് ആദ്യ മത്സരം. വനിതകൾ 16ന് ചൈനയുമായി കൊമ്പുകോർക്കും. ക്വാർട്ടർ ഫൈനൽ ഒഴിവാക്കി പൂൾ, ക്രോസ് ഓവർ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ പുതിയ മത്സരക്രമമാണ് ഇക്കുറി നടപ്പാക്കിയിരിക്കുന്നത്. 30നാണ് കലാശപ്പോരാട്ടങ്ങൾ. ഉദ്ഘാടന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.

ചരിത്രം തിരുത്താൻ ഹർമനും സംഘവും

ലോകകപ്പിന്റെ പ്രഥമ പതിപ്പുകളിലെ മികച്ച പ്രകടനം ഒഴിവാക്കിയാൽ നിരാശയായിരുന്നു ഇന്ത്യയുടെ പിന്നീടുള്ള ഫലങ്ങൾ. 1971ലെ ആദ്യ ടൂർണമെന്റിൽത്തന്നെ വെങ്കലത്തോടെ വരവറിയിച്ചു. തുടർന്ന് 1973ൽ റണ്ണറപ്. 1975ലെ ഫൈനലിൽ പാകിസ്താനെ തോൽപിച്ചാണ് ഇന്ത്യ കന്നിക്കിരീടം നേടി‍യത്. അതിനു ശേഷം ടീം സെമി ഫൈനലിൽപ്പോലും എത്തിയില്ല. ഇക്കുറി ഇംഗ്ലണ്ട്, പാകിസ്താൻ, വെയ്‍ൽസ് ടീമുകളുൾപ്പെടുന്ന പൂൾ ഡി-യിലാണ് ഇന്ത്യ. 19നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.

മുഖ്യപരിശീലകൻ ക്രെയ്ഗ് ഫുൾട്ടന്റെ കീഴിലിറങ്ങുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ഒളിമ്പിക്സ് മെഡൽ നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ് ലോകകപ്പിന് എത്തിയിരിക്കുന്നത്. പൂൾ ഡി-യിൽ ഇംഗ്ലണ്ട് (4) മാത്രമാണ് റാങ്കിങ്ങിൽ എട്ടാംസ്ഥാനക്കാരായ ഇന്ത്യക്ക് മുകളിലുള്ളത്. പാകിസ്താൻ (12), വെയിൽസ് (15) എന്നിവരെക്കാൾ റാങ്കിങ്ങിലും നിലവാരത്തിലും മുന്നിലാണ് ഹർമൻപ്രീത് സിങ്ങും സംഘവും. അതിനാൽ, അടുത്ത ഘട്ടത്തിലേക്ക് (ക്രോസ്ഓവർ പൂൾ) യോഗ്യത നേടുക ഇന്ത്യക്ക് എളുപ്പമാകും ഹർമൻ നയിക്കുന്ന പെനാൽറ്റി കോർണർലൈനപ്പാണ് ഏറ്റവും വലിയ ആയുധം. പരിചയസമ്പന്നരായ മൻപ്രീത് സിങ്ങിന്റെയും മൻദീപ് സിങ്ങിന്റെയും സാന്നിധ്യവും കരുത്താകും.

കരുത്തുകാട്ടാൻ വനിതകൾ

ഹൈദരാബാദിൽ നടന്ന ലോകകപ്പ് ക്വാളിഫയറിലൂടെയാണ് ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്. പൂൾ ഡി-യിൽ ചൈന (റാങ്ക് 4), ഇംഗ്ലണ്ട് (റാങ്ക് 7) എന്നീ കരുത്തരായ ടീമുകൾ ഇന്ത്യക്കൊപ്പമുണ്ട്. അടുത്തിടെ ഏഷ്യ കപ്പ് ഫൈനലിൽ ചൈനയോട് പരാജയപ്പെട്ട അനുഭവമുള്ളതിനാൽ പൂളിൽ കടുത്ത പോരാട്ടം നേരിടേണ്ടിവരും. ദക്ഷിണാഫ്രിക്ക മാത്രമാണ് റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിലുള്ളത്. നായിക സലീമ ടെറ്റെ നയിക്കുന്ന മധ്യനിരയും ഗോൾകീപ്പർ സവിത പുനിയ, നിക്കി പ്രധാൻ, നവ്നീത് കൗർ തുടങ്ങിയവരുടെ പരിചയസമ്പത്തും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.

ചൈന, ഇംഗ്ലണ്ട് പോലുള്ള വേഗമേറിയ ശൈലികൾക്കെതിരെ തുടർച്ചയായി മികച്ച പ്രകടനം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ ഘട്ടം മുതൽതന്നെ കടുത്ത മത്സരങ്ങൾ നേരിടേണ്ടിവരും. 1974ലെ പ്രഥമ ലോകകപ്പിൽ ലഭിച്ച നാലാംസ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

സമ്മർദം കളിയെ ബാധിക്കരുത് -ശ്രീജേഷ്

ന്യൂഡൽഹി: ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മാനസിക കരുത്ത് പകർന്ന് മുൻ ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്. ലോകകപ്പിന്റെ വലിയ സമ്മർദം കളിയെ ബാധിക്കാൻ അനുവദിക്കരുതെന്നും, പരിശീലനത്തിൽ പൂർണമായി വിശ്വസിച്ച് ടൂർണമെന്റ് ആസ്വദിച്ചു കളിക്കണമെന്നും അദ്ദേഹം താരങ്ങളെ ഓർമിപ്പിച്ചു. ‘‘ഒളിമ്പിക്സ് കഴിഞ്ഞാൽ ഹോക്കിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൂർണമെന്റാണ് ലോകകപ്പ്. അതുകൊണ്ടുതന്നെ ലോകം മുഴുവൻ നിങ്ങളെ ഉറ്റുനോക്കുമ്പോൾ വലിയ സമ്മർദമുണ്ടാകും. എന്നാൽ, അത് പ്രകടനത്തെ ബാധിക്കരുത്. അമിതമായി ചിന്തിക്കുമ്പോൾ പ്രകടനം മോശമാവുകയും സമ്മർദം ഇരട്ടിക്കുകയും ചെയ്യും. ശാന്തത കൈവിടാതെ സ്വന്തം ഉത്തരവാദിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പോംവഴി’’ -ശ്രീജേഷ് ജിയോസ്റ്റാറിനോട് പറഞ്ഞു.

ഇന്ത്യ-പാക് പോരാട്ട ചരിത്രം

ആഗസ്റ്റ് 19ന് നെതർലൻഡ്സിലെ അംസ്റ്റൽവീനിൽ വാഗ്നർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ഹോക്കി ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും പോരടിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളിലൊന്നും സമനില ഉണ്ടായിട്ടില്ലെന്ന അപൂർവതയുമുണ്ട്. ലോകകപ്പ് പോരാട്ടങ്ങളിൽ 3-2 എന്ന വിജയക്കണക്കിൽ ഇന്ത്യക്കാണ് മുൻതൂക്കം. 1986ലെ ലണ്ടൻ ലോകകപ്പിലാണ് പാകിസ്താൻ അവസാനമായി ഇന്ത്യയെ പരാജയപ്പെടുത്തിയത്. സമീപകാലത്തെ മത്സരങ്ങളിലെല്ലാം പാകിസ്താനെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ മൊത്തം കണക്കുകളിൽ പക്ഷേ, പാകിസ്താനാണ് മേൽക്കൈ. ഇതുവരെ കളിച്ച 183 മത്സരങ്ങളിൽ 82 എണ്ണത്തിൽ അവർ വിജയിച്ചപ്പോൾ 69 മത്സരങ്ങളിലാണ് ഇന്ത്യക്ക് ജയിക്കാനായത്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും പാകിസ്താനാണ് ജയക്കണക്കിൽ മുൻതൂക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyindia hockyHockey World CupFIH Hockey World Cup
News Summary - FIH Hockey World Cup 2026 Kicks Off August 15: India Aiming for Glory
Next Story