
ഹോക്കി താരം വന്ദന കതാരിയ ഉത്തരാഖണ്ഡ് വനിത ശിശു വികസന, ശാക്തീകരണ വകുപ്പിന്‍റെ ബ്രാൻഡ് അംബാസിഡർ
text_fieldsഡെറാഡൂൺ: ഇന്ത്യൻ ഹോക്കി താരം വന്ദന കതാരിയ ഇനി ഉത്തരാഖണ്ഡ് വനിത ശിശു വികസന, ശാക്തീകരണ വകുപ്പിന്‍റെ ബ്രാൻഡ് അംബാസിഡർ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചതാണ് ഇക്കാര്യം.
ഒളിമ്പിക് സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ വന്ദനക്കും കുടുംബത്തിനും നേരെ വൻതോതിൽ ജാതിയധിക്ഷേപം ഉയർന്നിരുന്നു. ഹരിദ്വാറിലെ റോഷൻബാദിലെ വീട്ടിന് സമീപം സവർണ ജാതിയിൽപ്പെട്ട രണ്ടുപേർ പടക്കംപൊട്ടിച്ച് തോൽവി ആഘോഷിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. ദലിത് താരങ്ങൾ ഇന്ത്യയിലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന്ന് അവർ ആരോപിച്ചതായും വന്ദനയുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. സെമി ഫൈനലിൽ അർജന്‍റീനയോട് ഇന്ത്യ തോൽക്കുകയായിരുന്നു.
നേരേത്ത, ഉത്തരാഖണ്ഡ് കായിക മന്ത്രി അരവിന്ദ് പാണ്ഡെ വന്ദനയുടെ വീട് സന്ദർശിക്കുകയും മികച്ച ഭാവി ആശംസിക്കുകയും ചെയ്തിരുന്നു. യുവജനങ്ങൾക്ക് മാതൃകയാണ് വന്ദനയെന്നും എല്ലാവരും വന്ദനയിൽനിന്ന് പഠിക്കണമെന്നും ഉത്തരാഖണ്ഡിൽനിന്നുള്ള താരങ്ങൾക്ക് പ്രചോദനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച വന്ദനക്ക് ഉത്തരാഖണ്ഡ് സർക്കാർ 25ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.