ഉയർത്തിയത് 1200 കിലോയുള്ള കല്ല്; ദി ഗ്രേറ്റ് ഗാമയുടെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ
text_fieldsഇന്ത്യയിലെ പ്രശസ്തരായ ഗുസ്തിക്കാരിൽ ഒരാളായ ദി ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ഗാമ ഫയൽവാന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ഗുസ്തിയിൽ ലോക ചാമ്പ്യനായ അദ്ദേഹം റുസ്തം-ഇ-ഹിന്ദ് എന്നും അറിയപ്പെട്ടിരുന്നു. ഗാമ ഫയൽവാന്റെ നേട്ടങ്ങളെയും ഇന്ത്യൻ സംസ്‌കാരത്തിൽ അദ്ദേഹം കൊണ്ടുവന്ന സ്വാധീനത്തെയും പ്രാതിനിധ്യത്തെയും ആഘോഷിച്ചു കൊണ്ടാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിലിന്റെ രൂപകല്പന . ആർട്ടിസ്റ്റ് വൃന്ദ സവേരിയാണ് ഡൂഡിലിന് പിന്നിൽ.
1878-ൽ അമൃത്‌സറിൽ ഗുസ്തിക്കാരുടെ കുടുംബത്തിലാണ് ഗുലാം മുഹമ്മദ് ബക്ഷ് ബട്ട് എന്ന ഗാമ ജനിച്ചത്. 1910ൽ അദ്ദേഹത്തിന് വേൾഡ് ഹെവിവെയ്റ്റ് കിരീടം ലഭിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ 500 ലുങ്കുകളും 500 പുഷ്-അപ്പുകളും അദ്ദേഹം തന്‍റെ വ്യായാമത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1888ൽ ഉപഭൂഖണ്ഡത്തിലുടനീളമുള്ള 400ലധികം ഗുസ്തിക്കാർ പങ്കെടുത്ത ഒരു ലുഞ്ച് മത്സരത്തിൽ ഗാമ വിജയിക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തി നേടുകയും ചെയ്തിരുന്നു.
1902ൽ 1200 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് ഉയർത്തിയതാണ് ഗാമ നേടിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. ഈ കല്ല് ബറോഡ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ലോക പ്രശസ്ത ഗുസ്തി താരം ബ്രൂസ് ലീ ഗാമയുടെ ആരാധകനാണെന്നും അദ്ദേഹത്തിൽ നിന്ന് വശത്താക്കിയ പല അഭ്യാസങ്ങളും സ്വന്തം പരിശീലന ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗൂഗിൾ പറഞ്ഞു.
5 അടി 8 ഇഞ്ച് ആയിരുന്നു ഗാമയുടെ ഉയരം. 7 അടി ഉയരമുണ്ടായിരുന്ന അന്നത്തെ ലോക ചാമ്പ്യൻ റഹീം ബക്ഷ് സുൽത്താനിവാല ആയിരുന്നു ഗാമയുടെ ഏറ്റവും ശക്തരായ എതിരാളികളിൽ ഒരാൾ. ഇരുവരും നാലു തവണ ഏറ്റുമുട്ടുകയും ആദ്യ മൂന്നിൽ സമനിലയിലും അവസാനത്തേതിൽ ഗാമ വിജയിക്കുകയും ചെയ്തു.
വെയിൽസ് രാജകുമാരൻ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഗാമയുടെ ശക്തിയെ പ്രശംസിച്ച് ഒരു വെള്ളി ഗദ സമ്മാനിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളിലുണ്ട്. തന്റെ അവസാന നാളുകൾ ലാഹോറിൽ ചെലവഴിച്ച ഗാമ 1960ൽ അന്തരിച്ചു.