പരിക്കിനെ തോൽപിച്ച അര്‍ഷാദിന് സ്വർണം
text_fieldsടി. അര്‍ഷാദ്
തേഞ്ഞിപ്പലം: കാലിലെ പരിക്കിനെ കൈക്കരുത്തുകൊണ്ട് തോൽപിച്ച് സ്പോര്‍ട്‌സ് അക്കാദമി കാവനൂരിന്റെ ടി. അര്‍ഷാദിന് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും സ്വര്‍ണം. കഴിഞ്ഞ തവണത്തെ റെക്കോഡ് മറികടക്കാനായില്ലെങ്കിലും സ്വര്‍ണം നിലനിര്‍ത്താനായ സന്തോഷത്തിലാണ് താരം.
ജാവലിൻത്രോ അണ്ടര്‍ 20 വിഭാഗത്തില്‍ 49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണം നേടിയത്. 52 മീറ്ററിലാണ് അര്‍ഷാദിന്റെ റെക്കോഡ്. കഴിഞ്ഞ വര്‍ഷം ഡിസ്‌കസില്‍ സ്വര്‍ണം നേടിയിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന ഡിസ്കസ് ത്രോയിലും അർഷാദ് സ്വർണം ചൂടി.
രണ്ടു മാസം മുമ്പ് ഇരുവേറ്റി സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസില്‍ പരിശീലനത്തിനിടെയാണ് വലതു കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലായിരുന്നു. മീറ്റിനായി പരിശീലകന്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പാണ് പരിശീലനം പുനരാരംഭിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ബി.എ. ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കാവനൂര്‍ സ്വദേശി അഷ്‌റഫ് മുഹമ്മദ്- സലീന ദമ്പതികളുടെ മകനാണ്.