ഗെറ്റ് സെറ്റ് ഗോ... ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം
text_fieldsദുബൈ: ദുബൈ ഓട്ടം തുടങ്ങിയിരിക്കുന്നു. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ ഇനിയുള്ള 30 ദിനങ്ങളിൽ ദുബൈ നഗരം ഓടിക്കൊണ്ടേയിരിക്കും. ഓട്ടം മാത്രമല്ല, ഭൂലോകത്തുള്ള നല്ലൊരു ശതമാനം കായിക ഇനങ്ങളും അടുത്ത ദിവസങ്ങളിൽ ദുബൈയുടെ മുക്കിലും മൂലയിലും അരങ്ങേറും. കളിക്കേണ്ടവർക്ക് കളിക്കാം, കളി പഠിക്കേണ്ടവർക്ക് പഠിക്കാം, പുതിയ ആരോഗ്യ ശീലങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതുമാവാം. ദുബൈ നഗരവാസികളിൽ ആരോഗ്യപൂർണമായ ജീവിത ശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം.
നവംബർ 27 വരെ നീണ്ടുനിൽക്കുന്ന ചലഞ്ചിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധൻമാർ വരെ പ്രായ-ലിംഗ ഭേതമന്യേ പങ്കെടുക്കും. വിവിധ സ്ഥാപനങ്ങൾ ഓഫറുകളുമായി രംഗത്തുള്ളതിനാൽ പുതിയതായി ആരോഗ്യ ശീലങ്ങൾ പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമായിരിക്കും ഫിറ്റ്നസ് ചലഞ്ച്. അടുത്ത ഒരുമാസം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
ക്രിക്കറ്റ്, ഫുട്ബാൾ, യോഗ, ബോക്സിങ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്ക് പുറമെ വിവിധ കായിക ഇനങ്ങളിൽ സൗജന്യ പരിശീലനവും ലഭിക്കും. ദുബൈ സിലിക്കൺ ഒയാസീസ്, ഡിജിറ്റൽ പാർക്ക്, ഹത്ത വാലി സെന്‍റർ, ഡിസൈൻ ഡിസ്ട്രിക്ട്, സബീൽ ലേഡീസ് ക്ലബ്ബ്, ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ, സബീൽ സ്പോർട്സ് ഡിസ്ട്രിക്ട്, ബ്ലൂവാട്ടേഴ്സ് ദുബൈ, ഡ്രാഗൺ മാർട്ട്, മിർദിഫ് മാളിന് സമീപത്തെ സ്പോർട്സ് സൊസൈറ്റി, ജുമൈറ ബീച്ച് റെസിഡൻസ്, ദുബൈ ഹിൽസ് മാൾ, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി, സെയ്ലിങ് ക്ലബ്ബ്, ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ, പാം, ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയം, ദുബൈ ഹാർബർ, എ.എസ്.ഡി ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലം വിവിധ മത്സരങ്ങൾ അരങ്ങുതകർക്കും.
വിവിധ സ്ഥാപനങ്ങളും ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിക്കും. പല പരിപാടികളും ഇന്നലെ തന്നെ തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് വർഷത്തിൽ ഒരു ദിവസം മാത്രമാണ് അടച്ചിടുന്നത്. അത് ദുബൈയിലെ സൈക്കിൾ റൈഡർമാർ തെരുവിലിറങ്ങുന്ന ദുബൈ റൈഡിന് വേണ്ടി മാത്രമാണ്.
നവംബർ ആറിനാണ് ദുബൈ റൈഡ്. ഓട്ടക്കാരുടെ ദിനം നവംബർ 20 ആണ്. അന്നാണ് ദുബൈ റൺ നടക്കുന്നത്. ഇതിന് പുറമെ ഹാഫ് മാരത്തൺ, പാഡൽ ടെന്നിസ് തുടങ്ങിയവയെല്ലാം നടക്കും. ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത് കൈറ്റ് ബീച്ചിലെ ഫിറ്റ്നസ് വില്ലേജിലാണ്. ഇവിടെ എത്തിയാൽ സൗജന്യ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാം. www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താണ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.