അംഗീകാരമില്ലാത്ത മത്സരങ്ങളിലൂടെ പണംതട്ടുന്ന സംഘം സജീവം
text_fieldsകോഴിക്കോട്: കുട്ടികളിൽനിന്ന് പണം വാങ്ങി അംഗീകാരമില്ലാത്ത കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വീണ്ടും സജീവമാകുന്നു. സ്കൂൾതലത്തിലോ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരമില്ലാത്ത മത്സരങ്ങളുടെ പേരിലാണ് തട്ടിപ്പ്. പേരിനുമാത്രം കുറച്ച് ദിവസങ്ങൾ ക്യാമ്പ് സംഘടിപ്പിച്ചാണ് ആയിരങ്ങൾ തട്ടിയെടുക്കുന്നത്. ബേസ്ബാളിനും സോഫ്റ്റ്ബാളിനും സമാനമായ കളിയുടെ പേരിലാണ് ഇപ്പോൾ കുട്ടികളിൽനിന്ന് പണമീടാക്കുന്നത്. ഏഴു ദിവസത്തെ ക്യാമ്പിന് 10,000 രൂപയാണ് ആവശ്യപ്പെടുന്നത്.
സംസ്ഥാന ചാമ്പ്യൻഷിപ് വരെ നടത്തിയെടുത്ത സംഘം ദേശീയ മത്സരം സംഘടിപ്പിക്കുന്നുമുണ്ട്. സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ കൂടാതെ, ഓപൺ സെലക്ഷൻ നടത്തിയുമാണ് ദേശീയ മത്സരത്തിൽ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം നൽകി പേരുചേർക്കുന്നത്. ഫെഡറേഷൻ, കോൺഫെഡറേഷൻ എന്നെല്ലാമുള്ള ആകർഷകമായ പേര് നൽകിയാണ് പരിശീലനത്തിന് കുട്ടികളെ ക്ഷണിക്കുന്നത്. മറ്റു കായിക ഇനങ്ങളുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ പരിചയവും ബന്ധവും ഉപയോഗപ്പെടുത്തിയാണ് പുതിയ കായിക ഇനങ്ങൾ തട്ടിക്കൂട്ടി ക്യാമ്പ് സംഘടിപ്പിച്ച് പണം തട്ടുന്നത്.
ഒരു ദിവസത്തെ സെലക്ഷനും ആറു ദിവസത്തെ ക്യാമ്പുമാണ് വാഗ്ദാനം ചെയ്യുന്നത്. പോക്കുവരവിനും മറ്റു ചെലവുകൾക്കുമാണ് 10,000 രൂപ ഈടാക്കുന്നത്. എന്നാൽ, യാത്രാക്കൂലി കായികതാരങ്ങൾതന്നെ എടുക്കുകയും വേണം. യൂനിവേഴ്സിറ്റിതലത്തിൽ അംഗീകാരമുണ്ടെന്ന് അറിയിച്ചാണ് സ്കൂൾ കുട്ടികളെയും ക്യാമ്പിലേക്ക് ആകർഷിക്കുന്നത്. യൂനിവേഴ്സിറ്റി, കോളജ് പ്രവേശനത്തിനും ഗുണംചെയ്യുമെന്ന് സംഘാടകർ വിശദീകരിക്കുന്നു. കോഴിക്കോട് കോടഞ്ചേരിയിലാണ് ആദ്യഘട്ട ക്യാമ്പ്. ഒരു കാറ്റഗറിയിൽ 20 പേർക്കാണ് അവസരം നൽകുന്നത്. മൂന്ന് കാറ്റഗറികളിൽ പരിശീലനം നൽകുന്നതിന്റെ മറവിൽ ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്.
'പണം ഈടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല'
അംഗീകാരമില്ലാത്ത കായിക ഇനങ്ങളുടെ പേരിൽ കുട്ടികളിൽനിന്ന് പണം ഈടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്പോർട്സ് കൗൺസിൽ കോഴിക്കോട് ജില്ല പ്രസിഡന്റ് ഒ. രാജഗോപാൽ പറഞ്ഞു. സോഫ്റ്റ് ബാളിനും ബേസ് ബാളിനും മാത്രമേ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളൂ. ഇതിനു സമാനമായ പേരിലുള്ള കായിക ഇനത്തിന് അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.