വെള്ളിത്തിളക്കത്തിലും കടത്തിന്റെ സങ്കടം; മത്സരങ്ങൾക്കും പരിശീലനത്തിനും ഫണ്ടില്ലാതെ ബേസ് ബോൾ താരം കെ.കാവ്യ
text_fieldsകെ. കാവ്യ
പാലക്കാട്: കടക്കെണിക്കിടയിലാണെങ്കിലും അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തിനായി പൊരുതി വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് പിരായിരി സ്വദേശിനി കെ. കാവ്യ. ഏപ്രിൽ അവസാനവാരം തായ്ലൻഡിൽ നടന്ന നാലാമത് ബേസ്ബോൾ വിമൻസ് ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് ഈ 24 കാരി. ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം അന്താരാഷ്ട്ര മത്സരത്തിൽ മെഡൽ കരസ്ഥമാക്കുന്നത്. കേരളത്തിൽനിന്ന് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് കാവ്യ. എന്നാൽ, സന്തോഷത്തിനിടയിലും ആശങ്കക്ക് ശമനമില്ല. ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് തായ്ലൻഡിലേക്ക് പോയത്.
ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയുടെ കൂടെ നടന്ന ആദ്യ മത്സരത്തിൽ 12-4ന് ഇന്ത്യ വിജയിച്ചു. പാകിസ്താന്റെ കൂടെ 2-1നും ഇറാന്റെ കൂടെ 13-0നും വിജയിച്ചു. ആതിഥേയരായ തായ്ലൻഡിനൊപ്പം നടന്ന കടുത്ത മത്സരത്തിൽ 6-5 സ്കോറിനാണ് വിജയിച്ചത്. ഫൈനൽ മത്സരത്തിൽ ഇന്തോനീഷ്യയുമായി പൊരുതിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തോടെ ഒക്ടോബറിൽ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം യോഗ്യത നേടി.
ചെന്നൈയിലെ മത്സരത്തിൽ വിജയിച്ചാൽ ലോകകപ്പ് യോഗ്യത നേടും. കൂലിപ്പണിക്കാരായ പിതാവ് കണ്ണനും അമ്മ സുനിതയും മകളുടെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്നുണ്ട്. എം.എൽ.എ മുഖേനയും മറ്റും ചെറുസഹായങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, തുടർപരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കാനും നല്ലൊരു തുക ആവശ്യമുണ്ട്.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് കാവ്യ. അതിന് മുന്നോടിയായി ആഗസ്റ്റിൽ പഞ്ചാബിൽ ഒരു മാസത്തെ പരിശീലനം ഉണ്ടാകും. ഇതിനും ചെലവുണ്ട്. കേരളത്തിൽനിന്ന് കാവ്യയും തൃശൂർ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പറളി സ്കൂളിൽ അത് ലറ്റായിരുന്ന കാവ്യ മേഴ്സി കോളേജിൽ ബിരുദത്തിന് പ്രവേശിച്ച ശേഷമാണ് ബേസ് ബോൾ പരിശീലനം തുടങ്ങിയത്. സോഫ്റ്റ് ബോളും കളിക്കും. അഞ്ച് ദേശീയതല മത്സരങ്ങളിലും അഞ്ച് ഇന്റർ യൂനിവേഴ്സിറ്റി മത്സരങ്ങളിലും പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. തൃശൂർ സെന്റ് മേരീസ് കോളജിൽ എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനിയാണ്. തായ്ലൻഡിലെ മത്സരം ഏറെ ആഗ്രഹിച്ച് ലഭിച്ച അവസരമാണെന്ന് കാവ്യ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് യാത്രാചെലവ് അതത് സംസ്ഥാനങ്ങൾ വഹിക്കുമ്പോഴാണ് കാവ്യയെ പോലുള്ള മികച്ച താരങ്ങൾ കഴിവുണ്ടായിട്ടും മുന്നോട്ടുപോകാൻ വഴിയില്ലാതെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

