അവശതയിൽനിന്ന് കായിക ഉണർവിലേക്ക്; സംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സിന് കോഴിക്കോട്ട് തുടക്കം
text_fieldsകോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ ഒളിമ്പിക്സിലെ വീൽചെയർ റൈസിൽ (എം 1 വിഭാഗം) സ്വർണം നേടുന്ന മുഹമ്മദ് ഷിഫിൻ (മഅദിൻ സ്കൂൾ ഫോർ ഇന്റലക്ച്വലി ഡെഫിഷ്യന്റ്, മലപ്പുറം) -പി. സന്ദീപ്
കോഴിക്കോട്: കൈപിടിച്ച് നടന്നവർ കളിക്കളത്തിൽ കായികതാരത്തിന്റെ ഉണർവിലും ഉശിരിലും മത്സരിച്ചപ്പോൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കണ്ണുകളിൽ പടർന്ന സന്തോഷത്തിന് അതിരില്ല. സമ്മാനവും സ്ഥാനവുമൊന്നും ലഭിച്ചില്ലെങ്കിലും ജീവിതത്തിലേക്ക് ഓടിയും ചാടിയും കയറാനാകുമെന്ന പ്രതീക്ഷ മറ്റേതൊരു സമ്മാനത്തേക്കാളും വലിയ കിരീടവുമായി.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്പെഷല്‍ ഒളിമ്പിക്സ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ ആരംഭിച്ചത് സാഹിത്യ നഗരമായ കോഴിക്കോടിന് കാരുണ്യ നഗരം കൂടിയെന്ന പേരുചാർത്തി നൽകിയാണ്.
അയ്യായിരത്തോളം മത്സരാർഥികൾക്ക് ഇരിക്കാനും വിശ്രമിക്കാനുമായി തീർത്ത വിശാലമായ പന്തലിൽ തങ്ങളുടെ ഊഴത്തിനനുസരിച്ച് സ്കൂൾ അധ്യാപകരും രക്ഷിതാക്കളും താരങ്ങളെ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. ആറു വയസ്സുമുതൽ 63 വയസ്സുവരെയുള്ളവർ വിവിധ കാറ്റഗറികളിലായി മാറ്റുരച്ചു. അവശതകളെ മറന്ന് കളത്തിൽ മത്സരിക്കുന്നത് കണ്ടതോടെ രക്ഷിതാക്കളുടെ ആശങ്ക വിട്ടൊഴിഞ്ഞു.
ആദ്യദിനത്തിൽ 1500ലധികം കായികതാരങ്ങൾ മാറ്റുരച്ചു. 50 മീറ്റർ അസിസ്റ്റഡ് വാക്ക്, 100 മീറ്റർ അസിസ്റ്റഡ് വാക്ക്, 50 മീ. വീൽചെയർ റേസ്, 25 മീറ്റർ നടത്തം, സോഫ്റ്റ് ബാൾ ഏറ് എന്നിവയടക്കം 274 മത്സരങ്ങൾ നടന്നു. വൈകീട്ടു നടന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ പ്രഫ. ജെ. പ്രസാദ് സല്യൂട്ട് സ്വീകരിച്ചു.
സംസ്ഥാനത്തെ 245 സ്ഥാപനങ്ങളില്‍ നിന്നായി 5000ഓളം പേരാണ് സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. സ്പെഷല്‍ സ്കൂളുകള്‍, ബഡ്സ് സ്കൂളുകള്‍, ജനറല്‍ സ്കൂളിലെ ഭിന്നശേഷിക്കാര്‍ എന്നീ മൂന്നു വിഭാഗത്തിലുള്ളവരാണ് മത്സരിക്കുന്നത്. ജില്ലയിലെ 32 സ്പെഷല്‍ സ്കൂളുകളിലെ കുട്ടികളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മലബാറില്‍ നടക്കുന്ന ആദ്യ സ്റ്റേറ്റ് മീറ്റാണിത്. 5000 മത്സരാർഥികളുടെ കൂടെയെത്തുന്ന 2500 പേർക്കടക്കം 7500 പേര്‍ക്ക് ആതിഥ്യമരുളുന്നുണ്ട്. ആറു കാറ്റഗറിയില്‍ 575 ഇവന്റുകളാണ് നടക്കുന്നത്.
സ്റ്റേറ്റ് ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് നാഷനല്‍ ഒളിമ്പിക്സിലും തുടര്‍ന്ന് വേള്‍ഡ് സ്പെഷൽ ഒളിമ്പിക്സിലും പങ്കെടുക്കാം. കോഴിക്കോട് കോർപറേഷനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍പിടിക്കുന്നത്. സ്പെഷല്‍ ഒളിമ്പിക്സിന് എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നത് ദേവഗിരി കോളജ് കാമ്പസിലാണ്. ഒളിമ്പിക്സിന്റെ മാതൃകയില്‍ നാലു വര്‍ഷത്തിലൊരിക്കലാണ് മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.