ഫോർമുല വൺ പ്രേമികളേ... ടിക്കറ്റുകൾ ഇപ്പോൾ സ്വന്തമാക്കൂ
text_fieldsദോഹ: വേഗപ്പൂരത്തിന്റെ മഹാമേളയിലേക്ക് നാളുകളെത്തി തുടങ്ങാം. ഒക്ടോബർ എട്ടിന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് വേദിയാവുന്ന ഫോർമുല വൺ കാറോട്ടപ്പോരാട്ടത്തിനുള്ള ടിക്കറ്റ് വിൽപനകൾ നാലു മാസം മുമ്പേ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
നേരത്തെ ബുക്ക് ചെയ്താൽ ഇളവുകളോടെ ടിക്കറ്റുകൾ ലഭ്യമാക്കും എന്ന ഓഫറിൽ ‘ഏർലി ബേഡ് ടിക്കറ്റ്’ വിൽപനയാണ് ഇപ്പോൾ ആരംഭിച്ചത്. ലുസൈൽ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ് വെബ്‌സൈറ്റിലാണ് ടിക്കറ്റുകൾ ലഭിക്കുക. ടിക്കറ്റ് വിൽപനയുടെ മൂന്ന് ഘട്ടങ്ങളിൽ ആദ്യത്തേതതാണ് ഇത്.
ഈ വർഷം ഒക്ടോബർ ആറ് മുതൽ എട്ട് വരെ ലുസൈൽ സർക്യൂട്ടിലാണ് ഫോർമുല വൺ മത്സരം നടക്കുന്നത്. ഒക്ടോബർ ആറിന് നടക്കുന്ന മത്സരത്തിലേക്കുള്ള ജനറൽ കാറ്റഗറി ടിക്കറ്റുകൾ 20 ശതമാനം ഇളവിൽ 160 റിയാലാണ് ടിക്കറ്റ് നിരക്ക്. ഏഴ്, എട്ട് ദിവസങ്ങളിൽ ജനറൽ കാറ്റഗറിയിൽ 400 റിയാലാണ് ടിക്കറ്റ് വില.
മൂന്ന് ദിവസത്തെ ടിക്കറ്റുകൾ ജനറൽ കാറ്റഗറിയിൽ 450 റിയാലിന് വാങ്ങാനുള്ള ഓപ്ഷനും സംഘാടകർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഗ്രാൻഡ് സ്റ്റാഡിന് 800 റിയാലും നോർത്ത് ഗ്രാൻഡ് സ്റ്റാൻഡിന് 1200 റിയാലും മെയിൻ ഗ്രാൻസ്റ്റാൻഡിന് 1600 റിയാലുമാണ് നിരക്കുകൾ.