കാബൂൾ: താലിബാൻ ഭരണത്തിൽനിന്ന് എങ്ങനെയും രക്ഷപ്പെടാൻ ശ്രമിച്ച് ദുരന്തത്തിൽ പെട്ടവരുടെ കണ്ണീരാണിപ്പോൾ അഫ്ഗാനിസ്താന്റെ ദുഃഖം. രക്ഷപ്പെടുന്നവരെ കൊണ്ടുപോകാനായി എത്തിയ യു.എസ് സൈനിക വിമാനത്തിന് പുറത്തു കയറിപ്പറ്റിയവർ ആകാശത്തുനിന്ന് താഴെ പതിച്ചും ലാന്‍റിങ് ഗിയറിനുള്ളിൽ കുടുങ്ങിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നു പേരാണ് ഒരു വിമാനത്തിൽനിന്ന് താഴെ വീണ് നുറുങ്ങിപ്പോയത്. അകത്ത് കുടുങ്ങിയ ചിലരുടെ ശരീരാവശിഷ്ടങ്ങൾ മാത്രം ബാക്കിയായി.
അതിെലാരാൾ ദേശീയ ടീമിനു വേണ്ടി ബൂട്ടുകെട്ടിയ 19കാരൻ സകി അൻവരിയുമുണ്ടെന്ന് അഫ്ഗാൻ കായിക വകുപ്പ് അറിയിച്ചു. വിമാനത്തിന് പുറത്ത് അള്ളിപ്പിടിച്ചുനിൽക്കാൻ ശ്രമിച്ച അൻവരി താഴെ വീണ് മരണം പുൽകുകയായിരുന്നു.
താലിബാൻ കാബൂളിലെത്തിയ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഇതുപോലുള്ള ദുരന്തങ്ങൾ നടന്നത്. ജനം കൂട്ടമായി വിമാനത്താവളത്തിനകത്ത് തടിച്ചുകൂടുകയായിരുന്നു. റൺവേയിൽ ഓടിത്തുടങ്ങിയ കൂറ്റൻ വിമാനത്തിനൊപ്പം നൂറുകണക്കിന് അഫ്ഗാനികൾ കൂട്ടമായി ഓടുന്ന ഞെട്ടിക്കുന്ന വിഡിയോയും പുറത്തുവന്നു. വിമാനത്തിൽനിന്ന് രണ്ടുപേർ താഴെ പതിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചു.
അൻവരിയുടെ മരണത്തിൽ അഫ്ഗാൻ കായിക മന്ത്രാലയം അനുശോചനമറിയിച്ചു. സമൂഹ മാധ്യമങ്ങളിലും അൻവരിക്ക് ഓർമപ്പൂക്കളൾപ്പിക്കുന്നവരേറെ.
നിലവിൽ 4500 ഓളം അമേരിക്കൻ സൈനികരാണ് കാബൂൾ വിമാനത്താവളത്തിൽ കാവലായി നിൽക്കുന്നത്. ഇവിടെനിന്നാണ് നാട്ടുകാരെയും വിദേശികളെയും ഒഴിപ്പിക്കൽ തുടരുന്നത്.