ലമീൻ യമാൽ എന്തിനാണ് പല്ലിൽ ബ്രേസ് ഇടുന്നത്? ആരോഗ്യകാരണങ്ങൾക്കപ്പുറം അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്!
text_fieldsഗോളടിച്ചാൽ നിറഞ്ഞു ചിരിക്കുന്നയാളാണ് എഫ്.സി ബാഴ്സലോണയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും സൂപ്പർ താരമായ ലമീൻ യമാൽ. ആ ചിരിയിൽ പ്രകടമാവുക യമാലിന്റെ കൗമാരനിഷ്കളങ്കത മാത്രമല്ല, ദന്തനിരകൾ ശരിയാക്കാനായി ഉപയോഗിക്കുന്ന ബ്രേസ് കൂടിയാണ്. സൗന്ദര്യത്തെയും സൗകര്യത്തെയും ബാധിക്കുമെന്നു കരുതി സാധാരണക്കാർ വരെ ഒഴിവാക്കാവുന്ന ഒരു വസ്തു സൂപ്പർ താരമായിട്ടും ലമീൻ യമാൽ എന്തിനാണ് ധരിക്കുന്നത്? അതിനു പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ? ഉണ്ട് എന്നാണ് മാർക്കറ്റിങ് ലോകത്തുനിന്നുള്ള ഉത്തരം. യമാലിന്റെ ആ ബ്രേസിന്റെ നിറങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ...പലപ്പോഴും ബാഴ്സയുടെ നീലയും ചുവപ്പും കലർന്നതാണ് അവയുടെ വിന്യാസം.
സ്പാനിഷ് ജ്വല്ലറി ബ്രാൻഡായ ടുജെയ്സും ഓട്രൻ ഡെന്റൽ ക്ലിനിക്കും ചേർന്നാണ് യമാലിന് ഈ സ്പെഷൽ ബ്രേസ് നിർമിച്ചു നൽകിയത്. പ്രത്യക്ഷത്തിൽ അവരുടെ പരസ്യമൊന്നും ഇല്ലെങ്കിലും യമാലിന്റെ ചിരിയിലൂടെ തങ്ങളുടെ പ്രൊഡക്ടും പേരും ലോകം കാണുമെന്ന ബുദ്ധിയാണ് ഈ ആശയത്തിനു പിന്നിൽ. ഫുട്ബാളിലെ കടുത്ത ആഭരണ വിലക്കുകൾ മറികടക്കാനുള്ള മാർഗംകൂടിയാണ് എല്ലാ മെഡിക്കൽ മാനദണ്ഡങ്ങളും പാലിച്ചുള്ള ഈ കസ്റ്റമൈസ്ഡ് ബ്രേസുകളുടെ ഉപയോഗം.
പ്രതിഫലമൊന്നും കൈപ്പറ്റുന്നില്ലെങ്കിലും ക്ലബിനോടുള്ള തന്റെ സ്നേഹം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേറിട്ട ഉപാധിയായി യമാലിന് ഈ ബ്രേസ്. എൽ ക്ലാസിക്കോ പോലുള്ള പ്രധാന മത്സരങ്ങൾക്കും ബാലൺ ഡി ഓർ പോലുള്ള പുരസ്കാരച്ചടങ്ങുകൾക്കും ശേഷം യമാൽ ഉപയോഗിച്ച ബ്രേസുകൾ ഓട്രൻ ഡെന്റൽ ക്ലിനിക്കിനുതന്നെ തിരിച്ചുനൽകും. അവർ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന മ്യൂസിയം പീസുകളാകും പിന്നീട് ഇവ.
ലമീൻ, വിശ്വപൗരൻ
ലോക ഫുട്ബാളിലെ ഏറ്റവും മാർക്കറ്റബ്ൾ താരങ്ങളിലൊരാളാണ് ഇപ്പോൾ ലമീൻ യമാൽ. പരിക്കിന്റെ പിടിയിലകപ്പെട്ടില്ലെങ്കിൽ ഈ ലോകകപ്പിന്റെ താരമാകുമെന്നു വിലയിരുത്തപ്പെടുന്നവരിൽ പ്രധാനി. എന്തുകൊണ്ടാണ് യമാലിന് ഇത്ര വിപണിമൂല്യം? പല കാരണങ്ങളുണ്ട് അതിന്. ലോകമെങ്ങും പല മേഖലകളിലും കൗമാരക്കാർ വിപ്ലവം തീർക്കുന്ന കാലമാണിത്. യമാൽ മുതൽ നമ്മുടെ വൈഭവ് സൂര്യവംശി വരെ അക്കൂട്ടത്തിൽ ഉൾപ്പെടും. ഒരേസമയം ഇതേ പ്രായത്തിലുള്ളവരെയും അവരുടെ മാതാപിതാക്കളെയും ആകർഷിക്കാൻ കഴിയുന്ന ബ്രാൻഡ് അംബാസഡർമാരാണ് ഈ താരങ്ങളെല്ലാം.
തങ്ങളുടെ മക്കളും യമാലിനെപ്പോലെയും സൂര്യവംശിയെപ്പോലെയും ആവണം എന്നാഗ്രഹിക്കാത്ത മാതാപിതാക്കൾ ആരുണ്ട്! എന്നാൽ, യമാലിന്റെ മാർക്കറ്റബിലിറ്റി ഇതിൽ മാത്രമൊതുങ്ങുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ഐഡന്റിറ്റിയാണ്. ഒരു സ്പെയിനുകാരനായിരിക്കുമ്പോൾതന്നെ ആഫ്രിക്കൻ വേരുകളിൽ അഭിമാനംകൊള്ളുകയും സൂപ്പർ താരമായിരിക്കുമ്പോൾതന്നെ തന്റെ രാഷ്ട്രീയ ബോധ്യങ്ങൾ സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട് യമാൽ.
ബാഴ്സയുടെ ലാലിഗ കിരീടാഘോഷത്തിനിടെ ഫലസ്തീൻ പതാക വീശിയത് ഉദാഹരണം. ദേശീയതയുടെ ഏറ്റവും വലിയ പ്രദർശന വേദികളിലൊന്നായ ഫുട്ബാളിൽ നിലനിൽക്കുമ്പോൾതന്നെ അതിനുള്ളിലെ ഉപദേശീയതകളെയും സാർവദേശീയസാഹോദര്യത്തെയും ഉയർത്തിപ്പിടിക്കാൻ യമാലിനു കഴിയുന്നത് അദ്ദേഹത്തിന്റെ ജീവിതപശ്ചാത്തലംകൊണ്ടുകൂടിയാണ്.
ബാഴ്സലോണയിലാണ് ജനിച്ചതെങ്കിലും മൊറോക്കോ -ഇക്വറ്റോറിയൽ ഗിനി വംശജരാണ് യമാലിന്റെ മാതാപിതാക്കൾ. തന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ ഒട്ടും മടി കാണിക്കാറില്ല യമാൽ. സ്പാനിഷ് ജഴ്സിയണിയുമ്പോൾതന്നെ അമ്മയുടെയും അച്ഛന്റെയും രാജ്യങ്ങളുടെ പതാക ബൂട്ടിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട് യമാൽ. താൻ വളർന്ന സ്പെയിനിലെ കാറ്റലൂനിയൻ പ്രദേശമായ റോക്കഫോൻഡയുടെ പിൻകോഡ് (304) ഉയർത്തിക്കാണിച്ചാണ് യമാൽ ആഘോഷിക്കാറുള്ളത്.
മാതാപിതാക്കൾക്കൊപ്പംതന്നെ യമാൽ ഇഷ്ടം കാത്തു സൂക്ഷിക്കുന്ന ഒരാളാണ് അമ്മൂമ്മയായ ഫാത്തിമ. കഴിഞ്ഞ വർഷം ബാഴ്സയുടെ വിഖ്യാതമായ 10ാം നമ്പർ ജഴ്സി സ്വീകരിക്കുന്ന ചടങ്ങ് യമാൽ നീട്ടിവെപ്പിച്ചത് ഫാത്തിമക്ക് മൊറോക്കോയിൽനിന്ന് സ്പെയിനിലെത്താനുള്ള സമയംകൂടി കണ്ടിട്ടാണ്. 38 വർഷങ്ങൾക്കു മുമ്പ് കുടുംബത്തിൽനിന്ന് ആദ്യം സ്പെയിനിലെത്തിയത് ഫാത്തിമയാണ്. കഠിനമായ ജോലികൾ ചെയ്ത് പണം സമ്പാദിച്ചതിനു ശേഷമാണ് അവർക്ക് മൂത്ത മകനായ മുനീർ നസ്റോയിയെ സ്പെയിനിലേക്കു കൊണ്ടുവരാനായത്.
നാട്ടിലെ സംഘർഷസാഹചര്യങ്ങളിൽനിന്നു രക്ഷപ്പെട്ട് ജിബ്രാൾട്ടർ കടലിടുക്ക് വഴി ബോട്ടിലും പിന്നീട് ബസ് വഴിയുമായിരുന്നു ആ കന്നി യാത്രയെങ്കിൽ മൂന്നര പതിറ്റാണ്ടിനു ശേഷം കൊച്ചുമകൻ അവർക്കു നൽകിയത് ഫുട്ബാൾ ലോകത്തെ വെയ്റ്റ് ചെയ്യിപ്പിച്ച രാജകീയമായ ഒരു വിമാനയാത്ര- തന്റെ തലവര തിരുത്തിയതിനുള്ള സമ്മാനം!
മുന്നിൽ ലോകകപ്പ് മാത്രം
ഈ ഐഡന്റിറ്റികളെല്ലാം അഭിമാനപൂർവം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻ യമാലിനു പ്രാപ്തി നൽകിയത് ഫുട്ബാളല്ലാതെ മറ്റൊന്നുമല്ല. തന്റെ പ്രായത്തിൽ സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈവരിച്ചതിനെക്കാൾ വലിയ ഗോൾ കണക്കുകളാണ് യമാലിന്റെ പേരിലുള്ളത്.
18 വയസ്സായപ്പോഴേക്കും ക്ലബിനും രാജ്യത്തിനുമായി 150ഓളം മത്സരങ്ങൾ കളിച്ചുകഴിഞ്ഞു യമാൽ. ഗോളുകളും അസിസ്റ്റുകളുമായി നൂറിലേറെ തവണ സ്കോർ ബോർഡിൽ തന്റെ പേരും രേഖപ്പെടുത്തി. ഈ പ്രായത്തിൽ മെസ്സിയോ ക്രിസ്റ്റ്യാനോയോ സീനിയർതലത്തിൽ 20 മത്സരങ്ങൾ പോലും കളിച്ചില്ല. അവരുടെ ഗോൾനേട്ടം വിരലിലെണ്ണാവുന്നതു മാത്രമായിരുന്നു. കിരീടനേട്ടത്തിലും യമാൽ ഇവർക്കു മുന്നേ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെറിയ പ്രായത്തിനിടയിൽ യൂറോ കപ്പും ലാലിഗയുമെല്ലാം നേടിയെടുത്ത യമാലിന് ഇനി തെളിയിക്കാനുള്ളത് ലോകകപ്പിലാണ്. മികച്ച ടീമിനൊപ്പം ലോകകപ്പിനു വരുന്ന യമാലിനു മുന്നിൽ തടസ്സമായി നിൽക്കുന്നത് പരിക്ക് മാത്രമാണ്.
ഏപ്രിലിൽ ഒരു ലാലിഗ മത്സരത്തിനിടെ ഇടതുകാലിനു പരിക്കേറ്റ യമാൽ ഇപ്പോൾ വിശ്രമത്തിലാണ്. പിന്നീടുള്ള മത്സരങ്ങൾക്ക് ഇറങ്ങിയില്ലെങ്കിലും ബാഴ്സലോണയുടെ ലാലിഗ ട്രോഫി പരേഡിൽ യമാൽ ശ്രദ്ധാകേന്ദ്രമായിരുന്നു. പരിക്കിൽനിന്നു പൂർണമായും മോചിതനായി തിരിച്ചെത്തുന്ന യമാൽ ലോകകപ്പിനായി കാത്തുവെച്ചിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാമാവും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

