മെസ്സി വരുന്നത് അന്യഗ്രഹത്തിൽനിന്ന്, അമേരിക്കൻ ലോകകപ്പിൽ അർജന്‍റീനക്കായി കളിക്കുമെന്നും മുൻ സഹതാരം
text_fieldsന്യൂയോർക്ക്: അടുത്ത വർഷം അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി വേദിയാകുന്ന ഫിഫ ലോകകപ്പിൽ ഇതിഹാസ താരം ലയണൽ മെസ്സി, അർജന്‍റീനക്കായി ബൂട്ടുകെട്ടുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. താരത്തെ തുടർച്ചയായി പരിക്കുകൾ വേട്ടയാടുന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.
നിലവിൽ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്കായി കളിക്കുന്ന മെസ്സി, പരിക്കിൽനിന്ന് മുക്തനായി കഴിഞ്ഞദിവസം കളിക്കാനിറങ്ങിയിരുന്നു. ലോസ് ആഞ്ജലസ് ഗാലക്സിക്കെതിരായ മത്സരത്തിൽ ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് താരം വരവറിയിച്ചത്. പേശികളിലെ പരിക്കാണ് താരത്തെ വലക്കുന്നത്. എന്നാൽ, ഇത്തരം ആശങ്കകൾ വെറുതെയാണെന്നും 39ാം വയസ്സിലും മെസ്സി ദേശീയ ടീമിനായി കളിക്കണമെന്നും മുൻ സഹതാരമായ എയ്ഞ്ചൽ ഡി മരിയ പറഞ്ഞു. ‘മെസ്സിയുടെ അവസ്ഥ എന്തുതന്നെയായാലും, എന്ത് സംഭവിച്ചാലും, എന്ത് വില കൊടുത്തും അദ്ദേഹം ലോകകപ്പിൽ കളിക്കണം. ദേശീയ ടീമിനെ സജീവമായി നിലനിർത്തുന്നതും ആരാധകരെ ആവേശംകൊള്ളിക്കുന്നതും മെസ്സിയാണ്. ഡീഗോ മറഡോണ കളത്തിലുള്ളതു പോലെയാണ് മെസ്സിയുടെ സാന്നിധ്യവും. ഇരുവരും ഒരുപാട് പ്രത്യേകതയുള്ളവരാണ്, അവരെപ്പോലെ മറ്റാരുമില്ല. അവർ മറ്റൊരു ഗ്രഹത്തിൽനിന്നുള്ളവരാണ്; ഭൂമിയിൽ നിന്നുള്ളവരല്ല. നമ്മൾ അവരുടെ കളികൾ ആസ്വദിക്കണം, അവർ മികച്ച നിലയിലാണെന്ന് പ്രതീക്ഷിക്കണം’ -ഡി മരിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
മെസ്സി കളിക്കുന്നതുകൊണ്ടു മാത്രമാണ് താൻ ഇന്‍റർ മയാമിയുടെ മത്സരങ്ങൾ കാണുന്നത്. ഇതിനു മുമ്പ് മേജർ ലീഗ് സോക്കർ കണ്ടിട്ടില്ല, മെസ്സിയുടെ കളി കണാൻ വേണ്ടി മാത്രം താൻ സീസൺ ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും ഡി മരിയ കൂട്ടിച്ചേർത്തു. മെസ്സിയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഒരു ലോക കിരീടം 2022 ഖത്തർ ലോകകപ്പ് വിജയത്തിലൂടെ പൂവണിഞ്ഞിരുന്നു. തുടർച്ചയായി അർജന്‍റീനക്ക് രണ്ടാം കോപ അമേരിക്ക കിരീടവും നേടികൊടുത്തു. പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് താരം വിരമിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
കരിയറിന്‍റെ സായാഹ്നത്തിലും അർജന്‍റീനക്കായും ക്ലബിനായും മികച്ച ഫോമിലാണ് താരം പന്തുതട്ടുന്നത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിലും താരം കളിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മെസ്സിയെ മനസ്സിൽ കണ്ടാണ് പരിശീലകൻ ലയണൽ സ്കലോണി അടുത്ത വർഷത്തെ ലോകകപ്പിനുള്ള അർജന്‍റീന ടീമിന്‍റെ പദ്ധതികൾ തയാറാക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 2026ലെ ലോകകപ്പിൽ മെസ്സി കളിക്കുന്നത് അർജന്‍റീന ടീമിനു മാത്രമല്ല, ടൂർണമെന്‍റിനു തന്നെ ഏറെ ഗുണകരമാകുമെന്ന് ഫുട്ബാൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെസ്സിയുടെ അനുഭവവും നേതൃഗുണവും അർജന്‍റീനക്ക് ലോക കിരീടം നിലനിർത്താൻ ഏറെ നിർണായകമാണെന്നും വലിയൊരുവിഭാഗം വിശ്വസിക്കുന്നു.
മെസ്സിയുടെ മാജിക് പ്രകടനത്തിൽ ഇന്‍റർ മയാമി, ലോസ് ആഞ്ജലസ് ഗാലക്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തകർത്തത്. ആഗസ്റ്റ് രണ്ടിന് നടന്ന ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. രണ്ടാം പകുതിയിൽ 46ാം മിനിറ്റിൽ പകരക്കാരന്‍റെ റോളിലാണ് മെസ്സി കളത്തിലെത്തിയത്. ഈസമയം മയാമി ഒരു ഗോളിന് മുന്നിലായിരുന്നു. 43ാം മിനിറ്റിൽ ജോഡി ആൽബയാണ് വലകുലുക്കിയത്. സെർജിയോ ബുസ്ക്വറ്റ്സാണ് ഗോളിന് വഴിയൊരുക്കിയത്. 59ാം മിനിറ്റിൽ ജോസഫ് പെയിന്‍റ്സിലൂടെ ഗാലസ്കി മത്സരത്തിൽ ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കി നിൽക്കെയാണ് മെസ്സി വലകുലുക്കുന്നത്.
പതിവ് ശൈലിയിൽ എതിർ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് ബോക്സിനു മുന്നിലേക്ക് കുതിച്ചെത്തിയ മെസ്സിയുടെ ഇടങ്കാൽ ഷോട്ട് ഗോളിയെയും കീഴ്പ്പെടുത്തി വലയിൽ. മയാമി ഒരു ഗോളിന് മുന്നിൽ. ഡീ പോളാണ് അസിസ്റ്റ് നൽകിയത്. സീസണിൽ അർജന്‍റൈൻ താരത്തിന്‍റെ 19ാം ഗോളാണിത്. 89ാം മിനിറ്റിൽ യുറുഗ്വായ് താരം ലൂയിസ് സുവാരസ് മയാമിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മെസ്സി നൽകിയ ഒരു ബാക്ക് ഹീൽ പാസ്സിൽനിന്നാണ് സുവാരസ് ലക്ഷ്യംകണ്ടത്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 3-1ന് മയാമി മത്സരം കൈപിടിയിലൊതുക്കി.
എം.എല്‍.എസ് ഈസ്റ്റേൺ കോണ്‍ഫറന്‍സില്‍ നിലവില്‍ അഞ്ചാമതാണ് മയാമി. 24 മത്സരങ്ങളില്‍നിന്ന് 13 ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 45 പോയന്റാണ് ടീമിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

