ലോകകപ്പ്: ഏഷ്യൻ ഫുട്ബാളിൽ മാറ്റത്തിന് വഴിയൊരുക്കും -ടിം കാഹിൽ
text_fieldsഖത്തർ ലോകകപ്പ് ലെഗസി അംബാസഡറും മുൻ ആസ്ട്രേലിയൻ താരവുമായ ടിം കാഹിൽ
ദോഹ: ഖത്തർ ആതിഥ്യംവഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആസ്ട്രേലിയൻ ഇതിഹാസം ടിം കാഹിൽ. ഏഷ്യയിൽ ഇത് രണ്ടാം തവണയാണ് ലോകകപ്പ് ഫുട്ബാൾ എത്തുന്നതെന്നും ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങൾക്ക് വലിയ ലോകോത്തര ടൂർണമെൻറുകൾക്കും ചാമ്പ്യൻഷിപ്പുകൾക്കും വേദിയാകാൻ മുന്നോട്ടുവരുന്നതിന് ഖത്തർ ലോകകപ്പ് പ്രചോദനമാകുമെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ടിം കാഹിൽ പറഞ്ഞു. ഗ്രൗണ്ടിൽ ഏഷ്യൻ രാജ്യങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഗ്ലോബൽ ഖത്തർ ലെഗസി അംബാസഡർ കൂടിയായ കാഹിൽ കൂട്ടിച്ചേർത്തു.
ലോകകപ്പിൽ കളിക്കുന്നു എന്നതിലുപരി താഴേത്തട്ടിൽനിന്ന് ഫുട്ബാളിനെ വളർത്തിക്കൊണ്ടുവരുകയെന്നതും വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം രാജ്യത്ത് ഗെയിമിനെ വളർത്തിയെടുക്കുകയും ചെയ്യണം. ആ ലക്ഷ്യത്തിലേക്ക് ലോകകപ്പ് വളരെ മികച്ച മുതൽക്കൂട്ടാണ്, എന്നാൽ അതിനുശേഷം നിങ്ങൾ എന്ത് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഏഷ്യയെ സംബന്ധിച്ചിടത്തോളം, എപ്പോഴും നമ്മെക്കുറിച്ച് വലിയ കണക്കുകൾ സൂക്ഷിക്കുന്നുവെന്ന് കരുതുന്നു. മികച്ച പ്രകടനവും നമ്മൾ കാഴ്ചവെക്കുന്നുണ്ട്. ഇപ്പോൾ, അത് ഭൂമിയിലെ ഏറ്റവും സുപ്രധാന ടൂർണമെൻറിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് പ്രധാനം.
ഖത്തറിന്റെ തനത് പരമ്പരാഗത ആതിഥേയത്വം പങ്കുവെക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകരെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും ആസ്ട്രേലിയക്കായി നാല് ലോകകപ്പുകളിൽ ബൂട്ട് കെട്ടിയ കാഹിൽ പറഞ്ഞു. കംഗാരു ജഴ്സിയിൽ 50 ഗോളുകൾ നേടിയ കാഹിൽ, ഖത്തർ ലോകകപ്പിന്റെ പ്രചാരണത്തിനായുള്ള ആഗോള അംബാസഡർമാരിലെ പ്രധാന വ്യക്തിയാണ്. സ്റ്റേഡിയങ്ങൾ തമ്മിൽ ദൂരം കുറഞ്ഞ ലോകകപ്പാണ് നടക്കാനിരിക്കുന്നത്. 70 മൈൽ ചുറ്റളവിനുള്ളിൽ എട്ട് സ്റ്റേഡിയങ്ങൾ. അത്യാധുനിക സാങ്കേതികവിദ്യകളോടെ ശീതീകരിച്ച വേദികൾ. ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണാൻ കഴിയുന്ന ലോകകപ്പ്. ഇത് വലിയ നേട്ടമാണ് -അദ്ദേഹം പറഞ്ഞു.
രണ്ടു വർഷമായി ഖത്തറിൽ സ്ഥിരതാമസമാക്കിയ കാഹിൽ, നാട്ടുകാരൻ എന്നാണ് സ്വയം അഭിസംബോധന ചെയ്യാറുള്ളത്. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഖത്തർ ദേശീയ ടീമിലെ നിരവധി താരങ്ങൾ വളർന്നുവന്ന ആസ്പയർ അക്കാദമിയുടെ ചീഫ് സ്പോർട്സ് ഓഫിസർ കൂടിയാണ് കാഹിൽ. ലോകകപ്പിൽ ആസ്ട്രേലിയക്കായി ആദ്യം ഗോളടിച്ചതും കൂടുതൽ ഗോൾ നേടിയതും കാഹിൽ തന്നെയാണ്. 2004 മുതൽ 2012 വരെ പ്രീമിയൽ ലീഗിൽ എവർട്ടനിനായി പന്ത് തട്ടിയ താരം, 226 മത്സരങ്ങളിൽനിന്നായി 56 ഗോൾ നേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

