ലോകകപ്പ്: ടീമുകളെ വരവേൽക്കാം
text_fieldsദോഹ: കാത്തിരുന്ന് കാത്തിരുന്ന് ആ ദിവസങ്ങളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറും കാൽപന്ത് ആരാധകരും. സ്റ്റേഡിയങ്ങളൊരുക്കി, പാതകളും കെട്ടിങ്ങളും സജ്ജമാക്കി, വഴിയോരങ്ങളെല്ലാം അലങ്കരിച്ച് വിശ്വമേളയെ കാത്തിരിക്കുന്ന ഖത്തറിന്റെ മണ്ണിലേക്ക് തിങ്കളാഴ്ച മുതൽ ടീമുകളും വരവായി. അർധരാത്രിയോടെ മുൻ ഏഷ്യൻ ചാമ്പ്യന്മാരും വൻകരയിലെ കരുത്തരുമായ ബ്ലൂ സാമുറായ്സാണ് ആദ്യമെത്തുന്നത്. ദേശീയ ടീമിലെ ഒരു സംഘം മാത്രമായിരിക്കും ടീമിനൊപ്പമുണ്ടാവുക.
തുടർന്നുള്ള ദിവസങ്ങളിലായി ടീമിലെ മറ്റുള്ള താരങ്ങളും ദോഹയിലെത്തി ദേശീയ ടീമിനൊപ്പം ചേരും. നവംബർ 13ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ ലീഗ് സീസണുകൾ ഇടക്കാലത്തേക്ക് പിരിയുന്നതോടെയാണ് മറ്റു ടീമുകളും കൂടുതൽ താരങ്ങളും ദോഹയിലെത്തുന്നത്.കളിക്കാരും ആരാധകരും വന്നിറങ്ങുന്ന ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ നഗരവും കോർണിഷും സ്റ്റേഡിയം പരിസരങ്ങളും ഉൾപ്പെടെ അലങ്കരിച്ചാണ് ഖത്തർ കാൽപന്തു ലോകത്തെ വരവേൽക്കുന്നത്.

