ലോകകപ്പ്; സൗദി ടീമിനെ പ്രഖ്യാപിച്ചു, 30 അംഗ സ്ക്വാഡിൽ പ്രമുഖ താരങ്ങൾ
text_fieldsറിയാദ്: വരാനിരിക്കുന്ന 2026 ലെ ഫിഫ ലോകകപ്പിനുള്ള അന്തിമവട്ട തയാറെടുപ്പുകളുടെ ഭാഗമായി സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലന ക്യാമ്പും കളിക്കാരുടെ പട്ടികയും പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസ് തയാറാക്കിയ 30 അംഗ സ്ക്വാഡാണ് അമേരിക്കയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക. ലോകകപ്പ് പരിശീലന പരിപാടിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമായ ഈ ക്യാമ്പ് മേയ് 25 മുതൽ ജൂൺ 10 വരെയാണ് യു.എസിൽ ക്രമീകരിച്ചിരിക്കുന്നത്.
പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 30 കളിക്കാർ ഇവരാണ്: മുഹമ്മദ് അൽ ഒവൈസ്, നവാഫ് അൽ അഖീദി, അഹമ്മദ് അൽ കസ്സാർ, അബ്ദുൽ ഖുദ്ദൂസ് അത്വിയ്യ, അബ്ദുൽ ഇലാഹ് അൽ അമ്രി, ഹസ്സൻ അൽ തംബക്തി, ജിഹാദ് ദിക്രി, അലി ലജാമി, ഹസ്സൻ കാദേഷ്, സഊദ് അബ്ദുൽ ഹമീദ്, മുഹമ്മദ് അബു അൽ ഷാമത്, അലി മജ്‌റഷി, മുതാബ് അൽ ഹർബി, നവാഫ് ബൂഷൽ, സക്കറിയ ഹവ്സാവി, മുഹമ്മദ് കണ്ണോ, അബ്ദുല്ല അൽ ഖൈബറി, സിയാദ് അൽ ജൊഹാനി, നാസർ അൽ ദോസരി, മുസ്അബ് അൽ ജുവൈർ, അലാ അൽ ഹജ്ജി, സലേം അൽ ദോസരി, ഖാലിദ് അൽ ഗന്നം, അയ്മൻ യഹ്‍യ, സുൽത്താൻ മന്ദേശ്, സാലിഹ് അബു അൽ ഷാമത്, ഫിറാസ് അൽ ബുറൈകാൻ, അബ്ദുല്ല അൽ സലേം, സാലിഹ് അൽ ഷെഹ്‌രി, അബ്ദുല്ല അൽ ഹംദാൻ.
ലോകകപ്പിലേക്കുള്ള സൗദി ദേശീയ ടീമിന്റെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കളിക്കാർ
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി സൗദി പ്രതിനിധിസംഘം തിങ്കളാഴ്ച വൈകുന്നേരം അമേരിക്കയിലേക്ക് തിരിക്കും. ആദ്യഘട്ട ക്യാമ്പ് ന്യൂയോർക്കിലാണ് നടക്കുക. മേയ് 31 വരെ നീളുന്ന ഈ ഘട്ടത്തിൽ ഒരു സൗഹൃദ മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് 30ന്, ന്യൂജേഴ്‌സിയിലെ ഹാരിസൺ നഗരത്തിലുള്ള ‘സ്പോർട്സ് ഇലസ്ട്രേറ്റഡ്’ സ്റ്റേഡിയത്തിൽ വെച്ച് സൗദി ടീം ഇക്വഡോറിനെ നേരിടും. തുടർന്ന് ജൂൺ ഒന്നിന് ടീം ടെക്സാസിലെ ഓസ്റ്റിൻ നഗരത്തിലേക്ക് തിരിക്കുന്നതോടെ ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. ജൂൺ ഒമ്പത് വരെ നീളുന്ന ഈ ഘട്ടത്തിൽ ടീം രണ്ട് സൗഹൃദ മത്സരങ്ങളിൽ കൂടി പങ്കാളികളാകും.
ആദ്യ മത്സരം ജൂൺ അഞ്ചിന് ഓസ്റ്റിനിലെ Q2 സ്റ്റേഡിയത്തിൽ വെച്ച് പോർട്ടോ റിക്കോയുമായാണ്. രണ്ടാമത്തെ മത്സരത്തിൽ ജൂൺ 9 ചൊവ്വാഴ്ച, ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള സാൻ അന്റോറാണിയോ എഫ്.സി സ്റ്റേഡിയത്തിൽ വെച്ച് സൗദി ടീം സെനഗലുമായി ഏറ്റുമുട്ടും. ഈ മത്സരങ്ങൾക്ക് ശേഷം, ജൂൺ 10 മുതൽ ടീം ഔദ്യോഗിക ടൂർണമെൻറ് ഘട്ടത്തിലേക്ക് പ്രവേശിക്കും. 2026 ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത്വരെ ടെക്സാസിലെ ഓസ്റ്റിൻ നഗരമായിരിക്കും സൗദി ദേശീയ ടീമിന്റെ പ്രധാന ആസ്ഥാനം.വരാനിരിക്കുന്ന ലോകകപ്പിൽ ഗ്രൂപ് എച്ചിലാണ് സൗദി അറേബ്യ മത്സരിക്കുന്നത്. മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ, ഉറുഗ്വേ, കേപ് വെർദെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

