ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട്: തുടക്കം ഗംഭീരമാക്കി ഇന്ത്യ
text_fieldsകുവൈത്തിനെതിരെ ഗോൾ നേടിയ മൻവീർ സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
കുവൈത്ത് സിറ്റി: 22 വർഷങ്ങൾക്കുശേഷം ലോകകപ്പ് യോഗ്യത മത്സരത്തിൽ എവേ ഗ്രൗണ്ടിൽ ജയിച്ച ഇന്ത്യയുടേത് അഭിമാനനേട്ടം. ലോകകപ്പ് യോഗ്യത രണ്ടാംറൗണ്ടിൽ പൊരുതിക്കളിച്ച കുവൈത്തിനെ അവരുടെ നാട്ടിൽ 1-0ത്തിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ചാങ്തെയുടെ ഉഗ്രൻ പാസിൽനിന്ന് മൻവീർ സിങ്ങിന്റെ അത്യുഗ്രൻ ഷോട്ടാണ് ഇന്ത്യയുടെ ഏക ഗോളിലെത്തിച്ചത്. 75ാം മിനിറ്റിലായിരുന്നു മൻവീറിന്റെ ഗോൾ. 2001ൽ ബ്രൂണെക്കെതിരെയായിരുന്നു അന്യനാട്ടിൽ അവസാനമായി ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ജയിച്ചത്. 2022ൽ കോവിഡിനെ തുടർന്ന് ബംഗ്ലാദേശിനെതിരായ മത്സരം നിഷ്പക്ഷവേദിയായ ദോഹയിൽ ഇന്ത്യ ജയിച്ചിരുന്നു.
106ാം റാങ്കിലുള്ള ഇന്ത്യ 149ാം സ്ഥാനക്കാരായ കുവൈത്തിനെതിരെ വമ്പൻ നീക്കങ്ങൾ ആദ്യപകുതിയിൽ നടത്തിയിരുന്നില്ല. സുനിൽ ഛേത്രിയുടെയും മൻവീർ സിങിന്റെയും സഹൽ അബ്ദുൽ സമദിന്റെയും മുന്നേറ്റം കുവൈത്ത് പ്രതിരോധം ബ്ലോക്ക് ചെയ്തു.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിൽ നിന്ന് രാഹുൽ ഭേക്കെക്ക് കിട്ടിയ പന്ത് ആകാശ് മിശ്ര വഴി ലാലിയൻസുവാല ചാങ്തെയുടെ കാലുകളിലെത്തിയതാണ് ഗോളിന് വഴിയൊരുക്കിയത്. ചാങ്തെയുടെ ക്രോസ് മൻവീർ ഫസ്റ്റ് ടച്ചിൽ വലയിലാക്കിയത് ജാബിർ അൽ അഹ്മദ് സ്റ്റേഡിയത്തിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ ആരാധകർക്ക് ആഹ്ലാദനിമിഷമൊരുക്കി. ഇഞ്ചുറി സമയത്ത് മലയാളി താരം കെ.പി. രാഹുൽ പകരക്കാരനായി ഇറങ്ങി. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

