ഹാട്രിക് നെയ്മർ; ബ്രസീലിനും അർജൻറീനക്കും രണ്ടാം ജയം
text_fieldsബ്രസീലിനായി ഗോൾ നേടിയ നെയ്മർ സഹതാരം റിചാർലിസണൊപ്പം ആഹ്ലാദം പങ്കിടുന്നു
ലിമ: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജൻറീനക്കും തുടർച്ചയായ രണ്ടാം ജയം. ആദ്യമത്സരത്തിൽ അർജൻറീന 2-1ന് ബൊളീവിയയെ മറികടന്നപ്പോൾ പെറുവിനെ 4-2നായിരുന്നു ബ്രസീൽ പഞ്ഞിക്കിട്ടത്. ബ്രസീലിനായി സൂപ്പർ താരം നെയ്മർ മൂന്ന് വട്ടം വലകുലുക്കി.
റൊണാൾഡോയെ മറികടന്നു ഇനി നെയ്മറിന് മുന്നിൽ പെലെ മാത്രം
സൂപ്പർ താരം നെയ്മറിൻെറ ഹാട്രിക് മികവിലായിരുന്നു ബ്രസീലിൻെറ ജയം. ഇതോടെ ബ്രസീലിൻെറ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇതിഹാസ താരം റൊണാൾഡോയെ (62) മറികടന്ന് രണ്ടാമതെത്താൻ 28കാരനായ നെയ്മറിനായി (64). ഇതിഹാസം പെലെ (77) മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്.
രണ്ട് വട്ടം പിറകിൽ പോയ ശേഷമായിരുന്നു ബ്രസീലിൻെറ ഉഗ്രൻ തിരിച്ചുവരവ്. ആറാം മിനിറ്റിൽ ആന്ദ്രേ കാറിലോയുടെ ഗോളിൽ പെറുവാണ് ആദ്യം ലീഡെടുത്തത്. 28ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനെ ഒപ്പമെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിച്ച ശേഷം 59ാം മിനിറ്റിൽ റെനാറ്റോ ടാപിയ ആതിഥേയരെ വീണ്ടും മുന്നിലാക്കി.
റോബർട്ടോ ഫിർമിനോയുടെ പാസിൽ നിന്നും വലചലിപ്പിച്ച് റിചാർലിസണാണ് കാനറികൾക്ക് വീണ്ടും സമനില സമ്മാനിച്ചത്. ശേഷം 83ാം മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച നെയ്മർ ബ്രസീലിനെ ഡ്രൈവിങ് സീറ്റിലാക്കി. ഇതിനിടെ കാർലോസ് സാംബ്രാനോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതിനാൽ പെറു പത്തുപേരായി ചുരുങ്ങിയിരുന്നു.
ഇഞ്ച്വറി സമയത്ത് പോസ്റ്റിൽ തട്ടി മടങ്ങിയ എവർട്ടൻെറ ഷോട്ട് വലയിലേക്ക് തട്ടിയിട്ട് നെയ്മർ ഹാട്രിക് തികച്ചു. അവസാന നിമിഷം പെറുവിൻെറ കളിക്കാരനായ കാർലോസ് കസാഡ കുടി ചുവപ്പ് വാങ്ങി.
ആദ്യ മത്സരത്തിൽ ബൊളീവിയയെ 5-0ത്തിന് തകർത്ത ബ്രസീൽ ഇതോടെ രണ്ട് ജയവുമായി പട്ടികയിൽ ഒന്നാമൻമാരായി. ഹാട്രിക്കിനൊപ്പം റിചാർലിസണിൻെറ ഗോളിനാധാരമായ കോർണർ കിക്കെടുക്കുകയും ചെയ്ത നെയ്മർ കളിയിലെ താരമായി. മത്സരത്തിൽ മികച്ച ജയം നേടിയെങ്കിലും ബ്രസീലിൻെറ പ്രതിരോധത്തിലെ പാളിച്ചകൾ ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.
ദുഷ്പേര് മായ്ച്ച് മെസ്സിയും പിള്ളേരും
15 കൊല്ലത്തിനിടെ ബൊളീവിയയിലെ ലാപാസ് മൈതാനത്തിൽ ജയിച്ചിട്ടില്ലെന്ന ദുഷ്പേര് മായ്ച്ചുകളയുകയായിരുന്നു ലയണൽ മെസ്സിയും പിള്ളേരും. സമുദ്രനിരപ്പിൽ നിന്നും 3650 മീറ്റർ മുകളിൽ നടന്ന മത്സരത്തിൽ ബൊളീവിയക്കെതിരെ പിറകിൽ നിന്ന ശേഷം 2-1നായിരുന്നു അർജൻറീനയുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ജോക്വിൻ കൊറിയയാണ് അർജൻറീനക്കായി വിജയഗോൾ നേടിയത്.
മത്സരം തുടങ്ങി 24ാം മിനിറ്റിൽ തന്നെ സ്വന്തം മൈതാനത്തിൽ മാഴ്സലോ മൊറീനോ ബൊളീവിയയെ മുന്നിലെത്തിച്ചിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബൊളീവിയൻ പ്രതിരോധ ഭടൻ ജോസ് കരാസ്കോ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ലോതരോ മാർടിനസിൻെറ കാലിൽ തട്ടി വലയിലായതോടെ അർജൻറീന ഒപ്പമെത്തി. ലയണൽ മെസ്സിയല്ലാതെ 2016 നവംബറിന് ശേഷം ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജൻറീനക്കായി ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് മാർടിനസ്.
59ാം മിനിറ്റിൽ ലൂകാസ് ഒകാംപസിൻെറ പകരക്കാരനായാണ് കൊറിയ കളത്തിലിറങ്ങിയത്. മത്സരം തീരാൻ 11 മിനിറ്റ് ശേഷിക്കെ മാർടിനസിൻെറ പാസിൽ നിന്നും കൊറിയ ടീമിന് ചരിത്ര ജയം സമ്മാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൻെറ മികവിൽ അർജൻറീന ഇക്വഡോറിനെ 1-0ത്തിന് തോൽപിച്ചിരുന്നു.
മറ്റ് മത്സരങ്ങളിൽ ഇക്വഡോർ 4-2ന് യുറുഗ്വായ്യെയും പാരഗ്വായ് 1-0ത്തിന് വെനിസ്വേലയെയും തോൽപിച്ചു. ചിലിയും കൊളംബിയയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.