ലോകകപ്പ് യോഗ്യത; ചരിത്രത്തിനരികെ ഫറോ
text_fieldsലണ്ടൻ: അരലക്ഷം ജനസംഖ്യയുമായി അറ്റ്ലാന്റിക് സമുദ്രത്തിൽ ആരോരുമറിയാതെ കിടന്നൊരു ദ്വീപുകൂട്ടം ലോക സോക്കറിൽ ചരിത്രം കുറിക്കാമെന്ന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നു. ചെക് റിപ്പബ്ലിക്കെന്ന അതികായരെയും മറിച്ചിട്ട് തുടർച്ചയായ മൂന്നാം ജയവുമായി ഫറോ ദ്വീപുകൾ ലോകകപ്പ് യോഗ്യതയെന്ന ചെറുസാധ്യതക്കരികെയാണ്.
അവസാന രണ്ട് മത്സരങ്ങളിൽ ജിബ്രാൾട്ടറിനെയും (1-0) മോണ്ടിനെഗ്രോയെയും (4-0) വീഴ്ത്തിയ ആവേശവുമായി ചെക്കുകാരെ നേരിട്ട ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയിച്ചുകയറിയത്. ഹാനസ് സോറെൻസെൻ, മാർട്ടിൻ അഗ്നാർസൺ എന്നിവർ ടീമിനായി ഗോൾ നേടിയപ്പോൾ ആദം കരാബെകിന്റെ വകയായിരുന്നു ചെക്കുകാരുടെ ആശ്വാസഗോൾ. ഇതോടെ ഏഴു കളികളിൽ 12 പോയന്റുമായി ഫറോ ദ്വീപുകൾ എൽ ഗ്രൂപ്പിൽ മൂന്നാമതാണ്. ഒരു പോയന്റ് അധികമുള്ള ചെക് റിപ്പബ്ലിക് രണ്ടാമതും 16 പോയന്റുള്ള ക്രൊയേഷ്യ ഒന്നാം സ്ഥാനത്തുമാണ്.
അടുത്ത എവേ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യക്കെതിരെ ജയിക്കുകയും ചെക്ക് ടീം പോയന്റ് നഷ്ടപ്പെടുത്തുകയും ചെയ്താൽ ചരിത്രത്തിലാദ്യമായി ഫറോ ദ്വീപുകൾ പ്ലേഓഫിലെത്തും. എന്നാൽ, ഒരു കളിപോലും തോൽക്കാതെ പോയന്റ് നിലയിൽ അപ്രമാദിത്വം തുടരുന്ന ക്രൊയേഷ്യ ഒറ്റഗോൾ മാത്രമാണ് കഴിഞ്ഞ കളികളിൽ വഴങ്ങിയത്. അവസാന മത്സരത്തിൽ ടീം ജിബ്രാൾട്ടറിനെ ഏകപക്ഷീയമായ കാൽ ഡസൻ ഗോളുകൾക്ക് തകർത്തിരുന്നു. ഫിഫ റാങ്കിങ്ങിൽ 136ാം സ്ഥാനവുമായി സോക്കർ ചിത്രത്തിൽ എവിടെയുമില്ലാതിരുന്നിട്ടും സമീപകാലത്ത് നടത്തിയ വൻ കുതിപ്പുമായി ലോകകപ്പ് യോഗ്യതക്കരികെ എത്തിയത് 55,000 വരുന്ന ജനസംഖ്യയെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
ജയിച്ച് ഡച്ചുകാർ
ആംസ്റ്റർഡാം: ഗ്രൂപ് ജിയിൽ ആധികാരിക ജയവുമായി നെതർലൻഡ്സ് കുതിപ്പ് തുടരുകയാണ്. ഫിൻലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ടീം മുക്കിയത്. ഈ കളിയിലും വല കുലുക്കി മെംഫിസ് ഡീപെ രാജ്യത്തിനായി 54 വട്ടം വലകുലുക്കി റെക്കോഡിട്ടു. ഡോനിൽ മാലെൻ, വിർജിൽ വാൻ ഡൈക്, കോഡി ഗാക്പോ എന്നിവരാണ് മറ്റു സ്കോറർമാർ. ഇതേ ഗ്രൂപ്പിൽ മൂന്ന് പോയന്റ് കുറവുള്ള പോളണ്ട് ആണ് രണ്ടാമത്. ടീം ലിത്വാനിയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. റോബർട്ട് ലെവൻഡോവ്സ്കി, സെബാസ്റ്റ്യൻ സിമാൻസ്കി എന്നിവർ വല കുലുക്കി.
ഗ്രൂപ് സിയിൽ ഡെന്മാർക്കും സ്കോട്ലൻഡും ജയത്തുടർച്ചയുമായി പോയന്റ് നിലയിലും ഒപ്പത്തിനൊപ്പമാണ്. സ്കോട്ലൻഡ് ഒന്നിനെതിരെ രണ്ടു ഗോളിന് ബെലറൂസിനെയും ഡെന്മാർക്ക് 3-1ന് ഗ്രീസിനെയും വീഴ്ത്തി. ഗോൾ ശരാശരിയിൽ ഡെന്മാർക്കാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. ഗ്രൂപ് എച്ചിൽ ഓസ്ട്രിയ എതിരില്ലാത്ത ഒരു ഗോളിന് റുമാനിയയോടും തോറ്റു.
അഞ്ചാമന്മാരായി ഘാന
അക്ര (ഘാന): അടുത്ത വർഷം അമേരിക്കൻ വൻകരയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിലേക്ക് ടിക്കറ്റെടുത്ത് ഘാന. ആഫ്രിക്കയിൽനിന്ന് അൽജീരിയ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ ടീമുകൾക്കു പിറകെ അഞ്ചാമതായാണ് ഘാന യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ് ഐയിലെ ടീമിന്റെ അവസാന മത്സരത്തിൽ ഒറ്റ പോയന്റ് തേടിയിറങ്ങിയ ടീം കൊമോറോസിനെതിരെ എതിരില്ലാത്ത ഒരു ഗോൾ ജയവുമായാണ് യോഗ്യത ഉറപ്പാക്കിയത്.
ഗ്രൂപ്പിൽ രണ്ടാമതായിരുന്ന മഡഗാസ്കർ എതിരാളികളായ മാലിയോട് ഒന്നിനെതിരെ നാലു ഗോളിന് തോൽക്കുക കൂടി ചെയ്തതോടെ പോയന്റ് നിലയിൽ ലീഡ് ബഹുദൂരം ഉയർത്തിയാണ് ഘാന പടയോട്ടം. ടോട്ടൻഹാമിന്റെ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് കുദുസ് ആണ് ഏക ഗോൾ കുറിച്ചത്. ആഫ്രിക്കയിൽനിന്ന് ഒമ്പതു ഗ്രൂപ്പുകളിലെ ജേതാക്കൾ യോഗ്യത ഉറപ്പാക്കും. മികച്ച നാല് റണ്ണറപ്പുമാർ രണ്ട് സെമിയും ഒരു ഫൈനലുമടങ്ങുന്ന മിനി ടൂർണമെന്റ് കളിച്ച് ജേതാവായ ടീമും യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

