ലോകകപ്പ് യോഗ്യത; ഖത്തർ -യു.എ.ഇ കലാശപ്പോര് ഇന്ന്
text_fieldsഖത്തർ ഫുട്ബാൾ ടീം
ദോഹ: ഈ കളി, ഇത് ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാണ്. ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ യു.എ.ഇക്ക് എതിരെ ഇറങ്ങുന്ന ഖത്തറിന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല. ഇന്ന് രാത്രി എട്ടിന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഖത്തർ-യു.എ.ഇ ക്ലാസിക് പോരാട്ടത്തിന് വേദിയാകുക. കഴിഞ്ഞ മത്സരത്തിൽ ഒമാനെ കീഴടക്കിയ യു.എ.ഇക്ക് ഖത്തറിനെതിരെ സമനില നേടിയാലും ഗ്രൂപ്പ് ജേതാക്കളായി ലോകകപ്പിലേക്ക് യോഗ്യത നേടാം. എന്നാൽ, ആദ്യ മത്സരത്തിൽ ഒമാനെതിരെ സമനില വഴങ്ങിയ ഖത്തറിന് കാര്യങ്ങൾ കുറച്ച് കടുപ്പമാണ്. ഖത്തറിന് യോഗ്യത ഉറപ്പാക്കണമെങ്കിൽ യു.എ.ഇക്ക് എതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്.
ഇതുവരെയുള്ള കണക്കില്‍ 36 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 മത്സരങ്ങളില്‍ ഖത്തറും 12 തവണ യു.എ.ഇയും വിജയിച്ചു. 10 കളി സമനിലയിലായി. ഇരുവരുടെയും മികച്ചത് 5 ഗോള്‍ വിജയമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ യു.എ.ഇയാണ് മുന്നില്‍. യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ ഖത്തറിനെ അവരുടെ മണ്ണിലും(3-1) അബൂദബിയിലും (5-0) തോല്പിച്ചിരുന്നു. അറബ് കപ്പില്‍ സമനിലയായിരുന്നു. ഇരു ടീമുകള്‍ക്കും അഭിമാന പോരാട്ടമായതിനാല്‍ മത്സരം ഗള്‍ഫ് ഡെര്ബിയെന്ന പേരിലാണറിയപ്പെടുന്നത്.
ഖത്തർ-യു.എ.ഇ മത്സരത്തിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും വിറ്റുതീർന്നു. ആതിഥേയരായ ഖത്തറിന് ലഭിക്കുന്ന വലിയ ആരാധക പിന്തുണ ടീമിന് മുതൽക്കൂട്ടാകും. എന്നാൽ, ഒമാനെതിരായ മത്സരത്തിന് മുമ്പ് തന്നെ യു.എ.ഇയുടെ വൻ ആരാധകക്കൂട്ടം ഖത്തറിലെത്തിക്കഴിഞ്ഞു. ഇരു ടീമുകളുടെയും ആരാധകക്കൂട്ടം ചൊവ്വാഴ്ച സ്റ്റേഡിയം കുലുക്കുമെന്ന് ഉറപ്പാണ്.
അറ്റാക്കിങ് തന്ത്രം സ്വീകരിച്ചാകും യു.എ.ഇക്ക് എതിരെ ഖത്തർ കളിക്കുക. പരിശീലകൻ ജൂലെൻ ലോപ്റ്റെഗി ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. ഒമാനെതിരെ പിന്നിൽ നിന്ന് ജയിച്ച് കയറിയ ആത്മവിശ്വാസത്തിലാണ് യു.എ.ഇ എത്തുന്നത്. ലോകകപ്പിന് യോഗ്യത നേടുക എന്നത് തന്നെയാണ് ഖത്തറിന്റെ ലക്ഷ്യം. ആദ്യ മത്സരത്തിലെ സമനില പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും യു.എ.ഇക്ക് എതിരായ മത്സരം കളിക്കാരിൽ സമ്മർദം ചെലുത്തില്ലെന്നും ഖത്തർ പരിശീലകൻ ലോപ്റ്റെഗി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഖത്തർ ശക്തരായ എതിരാളികളാണെന്നും അവരുടെ ആരാധക പിന്തുണയുടെ മേൽക്കൈ തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും യു.എ.ഇ ഗോൾകീപ്പർ ഖാവിദ് ഈസ പറഞ്ഞു.
നാലാം റൗണ്ടിലെ ഗ്രൂപ് ജേതാക്കളായി 2026 ഫിഫ ലോകകപ്പിലേക്ക് എത്താനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്. മത്സരത്തിൽ ഖത്തർ വിജയിച്ചാൽ നേരേ ലോകകപ്പിലേക്ക് യോഗ്യത നേടും, യു.എ.ഇ അഞ്ചാം റൗണ്ടിലേക്ക് പിന്തള്ളപ്പെട്ട് യോഗ്യത നേടാനുള്ള ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് മത്സരങ്ങൾക്കായി കാത്തിരിക്കണം. ഒമാന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവിടെ അവസാനിക്കുകയും ചെയ്യും. എന്നാൽ യു.എ.ഇ വിജയിച്ചാൽ ഒമാന്‍ അഞ്ചാം റൗണ്ട് യോഗ്യതയിൽ പ്രതീക്ഷയുണ്ട്. ഖത്തറിനെ രണ്ട് ഗോളുകൾക്ക് എങ്കിലും തോൽപിച്ചാൽ മാത്രമേ ഒമാന്‍ സാധ്യതയുള്ളു. ലോക റാങ്കിങ്ങില്‍ ഖത്തറാണ് മുന്നില്‍. 53ാം സ്ഥാനക്കാരായ ഖത്തറും 67ാം സ്ഥാനത്തുള്ള യു.എ.ഇയും മത്സരിക്കുമ്പോള്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.ആറ് ഏഷ്യൻ രാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾ ഖത്തറിലും സൗദിയിലുമായി നടക്കുന്നത്. ഖത്തർ, യു.എ.ഇ, ഒമാൻ അടങ്ങുന്ന ഗ്രൂപ്പ് എ മത്സരങ്ങളാണ് ദോഹയിൽ നടക്കുന്നത്. സൗദി, ഇറാഖ്, ഇന്തോനേഷ്യ ടീമുകളുടെ ഗ്രൂപ്പ് ബി മത്സരങ്ങളാണ് സൗദിയിൽ നടക്കുന്നത്. ഇരു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് അഞ്ചാം റൗണ്ട് പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന അവസരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

