ജയം തുടരാൻ കിർഗിസ്താനെതിരെ
text_fields1- ചൊവ്വാഴ്ച കിർഗിസ്താനെ നേരിടുന്ന ഖത്തർ ദേശീയ ടീം പരിശീലനത്തിൽ, 2-ഖത്തർ താരം അൽ മുഈസ് അലി കിർഗിസ്താനിലെത്തുന്നു
ദോഹ: നാലു ദിനം മുമ്പ് സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസവുമായി ഖത്തർ ഇന്ന് മറ്റൊരങ്കത്തിന് ബൂട്ട് കെട്ടുന്നു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഓരോ മത്സരവും നിർണായകമായി മാറിയ ഘട്ടത്തിൽ കിർഗിസ്താനെതിരെ തലസ്ഥാന നഗരിയായ ബിഷേകിലാണ് ചൊവ്വാഴ്ചത്തെ അങ്കം.
കഴിഞ്ഞ വ്യാഴാഴ്ച ദോഹയിൽ നടന്ന മത്സരത്തിൽ ഉത്തര കൊറിയയെ 5-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ലൂയി ഗാർഷ്യയുടെ നേതൃത്വത്തിൽ അന്നാബികളുടെ പടപ്പുറപ്പാട്.
നീണ്ട ഇടവേളക്കു ശേഷമെത്തിയ വിജയം ടീമിന്റെ തിരിച്ചുവരവിന്റെ സൂചന കൂടിയാണ് നൽകിയത്. മധ്യനിരയിൽ നിന്ന് കളി നിയന്ത്രിച്ചുകൊണ്ട് നായകൻ അക്റം അഫീഫ് ഉജ്ജ്വല ഫോമിലേക്കുയർന്നപ്പോൾ മുന്നേറ്റത്തിലും പ്രതിരോധത്തിലും യുവതാരങ്ങൾ തങ്ങളുടെ റോളും ഭംഗിയാക്കിയതാണ് ഉത്തര കൊറിയക്കെതിരെ കണ്ടത്.
സസ്പെൻഷനിലായിരുന്ന അൽ മുഈസ് അലി കിർഗിസ്താനെതിരെ തിരികെയെത്തുന്നതാണ് ടീമിന്റെ പ്രതീക്ഷ. അവർക്കൊപ്പം പരിചയസമ്പന്നരും യുവതാരങ്ങളും ചേരുന്നതോടെ മികച്ച ലൈനപ്പായി മാറും.
കഴിഞ്ഞ ഒക്ടോബറിൽ ദോഹയിൽ നടന്ന മത്സരത്തിൽ 3-1നാണ് ഖത്തർ കിർഗിസ്താനെ വീഴ്ത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉസ്ബകിസ്താനോട് ഒരു ഗോളിന് തോറ്റതാണ് കിർഗിസ്താൻ.
നിലവിൽ ഏഴു കളിയിൽ 10 പോയന്റുമായി ഖത്തർ നാലാം സ്ഥാനത്തും, ഒരു ജയം മാത്രമുള്ള കിർഗിസ്താൻ മൂന്നു പോയന്റുമായി അഞ്ചാം സ്ഥാനത്തുമാണ്. ഖത്തറിന് നാലാം റൗണ്ട് ഉറപ്പിച്ചതാണെങ്കിൽ, കിർഗിസ്താന് അവസാന പ്രതീക്ഷ നിലനിർത്താനുള്ള ലാസ്റ്റ് ചാൻസ് കൂടിയാണ് ഈ മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ടിൽ കളിച്ച് ലോകകപ്പിലേക്ക് പ്രതീക്ഷ പുലർത്താം.
എതിരാളിയെ കുറച്ചുകാണാതെ അവരുടെ ശക്തിയും ആരാധക സാന്നിധ്യവും ഉൾക്കൊണ്ടാണ് ഖത്തർ ഇറങ്ങുന്നതെന്ന് കോച്ച് ലൂയി ഗാർഷ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

