ലോകകപ്പ്: സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പഴുതടക്കാൻ 'വത്വൻ'
text_fieldsകഴിഞ്ഞ വർഷത്തെ ‘വത്വൻ’ സുരക്ഷാ അഭ്യാസത്തിൽനിന്ന്
ദോഹ: ലോകകപ്പിന് പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ ലോകകപ്പ് സുരക്ഷ സമിതി അഞ്ചു ദിവസം നീളുന്ന സുരക്ഷാഭ്യാസം സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോകകപ്പ് സുരക്ഷ സമിതി മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ 'വത്വൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സുരക്ഷാഭ്യാസ പ്രവർത്തനങ്ങൾ അടുത്ത ഞായറാഴ്ച ആരംഭിക്കും.
11 മന്ത്രാലയങ്ങളുടെയും സൗദി അറേബ്യ, പാകിസ്താൻ, ഫ്രാൻസ്, ജർമനി, പോളണ്ട്, ഇറ്റലി, ജോർഡൻ, കുവൈത്ത്, സ്പെയിൻ, തുർക്കി, ഫലസ്തീൻ, അമേരിക്ക, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സുരക്ഷ വിദഗ്ധരുടെയും പങ്കാളിത്തത്തിലാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണശേഷി വിലയിരുത്തുക, സൈനിക, സിവിൽ ഏജൻസികൾ തമ്മിലുള്ള കമാൻഡ്, കൺട്രോൾ, സഹകരണ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക, ലോകകപ്പ് സമയത്തെ പതിവ് ദൗത്യങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിലെ ബന്ധപ്പെട്ട അധികാരികളുടെ പങ്ക് വർധിപ്പിക്കുക തുടങ്ങിയവയാണ് 'വത്വൻ' അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ, വലിയ കായിക ചാമ്പ്യൻഷിപ്പുകളും ടൂർണമെൻറുകളും സംഘടിപ്പിക്കുന്നതിലെ സുരക്ഷാനടപടികൾ കുറ്റമറ്റതാക്കുന്നതിന് സംയുക്ത സഹകരണം ഉറപ്പാക്കുംവിധത്തിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന സഹോദര-സൗഹൃദ സേനകളുമായുള്ള അടുത്ത സഹകരണവും അനുഭവ കൈമാറ്റവും വർധിപ്പിക്കാനും സൈനികാഭ്യാസം ലക്ഷ്യമിടുന്നു.ലോകകപ്പ് ഫുട്ബാൾ പോലെയുള്ള വലിയ ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുമ്പോൾ മുന്നിലുണ്ടാകുന്ന എല്ലാ അപകടസാധ്യതകളെയും അടിസ്ഥാനമാക്കി അതിന്റെ വിവിധ സാഹചര്യങ്ങളുടെ തോതുകളും വൈവിധ്യവും പരിശീലനത്തിലൂടെ അവതരിപ്പിക്കപ്പെടും.
2021 നവംബറിൽ നടത്തിയ സൈനികാഭ്യാസവുമായി താരതമ്യംചെയ്യുമ്പോൾ, സൈനിക, സിവിൽ വകുപ്പുകളുടെ വലിയ പങ്കാളിത്തം, ചില സഹോദര-സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള സുരക്ഷയുടെ പ്രത്യേക ചുമതലകളുള്ള സുരക്ഷ, പൊലീസ് സേനകളുടെ പങ്കാളിത്തം എന്നിവയിൽ ഈ വർഷത്തെ 'വത്വൻ' സൈനികാഭ്യാസം സമഗ്രവും വൈവിധ്യപൂർണവുമാണ്. ടൂർണമെൻറ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഘടിപ്പിക്കുന്ന പരിശീലനം ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷ സമിതി നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

