ലോകകപ്പ് ഫുട്ബാൾ: ആവേശക്കടൽ തീർത്ത് കെടാമംഗലം
text_fieldsകെടാമംഗലത്ത് ജഴ്സി അണിഞ്ഞ് ഫിഫ കപ്പിന്റെ വരവ്
ആഘോഷിക്കുന്ന ആരാധകർ
പറവൂർ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന്റെ അലമാല തീർത്ത് കെടാമംഗലത്തെ യുവകൂട്ടായ്മകൾ. ലോക ഫുട്ബാൾ താരങ്ങളുടെ ഫാൻസ് അസോസിയേനുകളുടെ നേതൃത്വത്തിൽ തെരുവുകളിൽ പടുകൂറ്റൻ ബോർഡുകളും ബാനറുകളും ഉയർന്നുകഴിഞ്ഞു. പ്രധാനമായും അർജന്റീനിയൻ താരം മെസ്സിയുടെയും ബ്രസീൽ താരം നെയ്മർ, പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസുകളാണ് എവിടെയും. കൊച്ചുകുട്ടികൾ മുതൽ യുവാക്കളും യുവതികളും മുതിർന്നവരും താരങ്ങൾ പ്രതിധാനം ചെയ്യുന്ന രാജ്യങ്ങളുടെ ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് ഓരോ രാജ്യങ്ങളെയും പിന്തുണക്കുന്നത്.
ഓരോ ഫാൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ വലിയ ടി.വികൾ സംഘടിപ്പിച്ച് ഒരോ സെന്ററുകളിലും ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ സാഹചര്യം ഒരുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കെടാമംഗലം മോസ്കോ സ്റ്റോപ്പിൽ ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലോകകപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു.മോസ്കോ സ്റ്റോപ്പിൽ ബ്രസീൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളായ നിബിൻ വാരിജാക്ഷൻ, അഭിജിത് വിനിൽകുമാർ, റഹീം മജീദ്, നിഖിൽ അജയൻ എന്നിവരുടെ നേതൃത്വത്തിലും അർജന്റീനിയൻ ഫാൻസ് അംഗങ്ങളായ ആദർശ് അനിൽകുമാർ, അഭിജിത് മനീഷ്, പി.എച്ച്. അമൽജിത്, രാഗേഷ് സജീവ് എന്നിവരടങ്ങുന്ന സംഘവുമാണ് ബോർഡുകൾ സ്ഥാപിച്ചത്. കെടാമംഗലം വാട്ടർ ടാങ്കിന് സമീപത്താണ് പോർചുഗൽ ഫാൻസ് അസോസിയേഷൻ ഫിഫ കപ്പിന്റെ വരവ് ആഘോഷിച്ചത്.

