ആവേശത്തിമിർപ്പിൽ എടയപ്പുറം ഗ്രാമം
text_fieldsഎടയപ്പുറത്ത് ഫുട്ബാൾ പ്രേമികൾ സ്ഥാപിച്ച പ്രിയ താരങ്ങളുടെ കട്ടൗട്ടുകൾ, യു.സി കോളജ് ഒരുക്കിയ ലോകകപ്പ്
മാതൃക
ആലുവ: ലോക ഫുട്ബാൾ ആരാധകരുടെ ആവേശം ഖത്തറിന്റെ മണ്ണിൽ അലയടിക്കുമ്പോൾ ഫുട്ബാൾ പനിയിലമർന്ന് ഒരു ഗ്രാമം. ആലുവ നഗരത്തോട് ചേർന്ന കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം ഗ്രാമത്തിലാണ് ഫുട്ബാൾ ആവേശം പകർച്ചപ്പനിപോലെ പടർന്നത്. ഇഷ്ട ടീമുകളുടെ ഫ്ലക്സുകൾകൊണ്ട് ഗ്രാമത്തിലെ കവലകളും റോഡ് സൈഡുകളും നിറഞ്ഞിട്ട് ആഴ്ചകളായി. ഇഷ്ടതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും പലഭാഗത്തും തലയെടുപ്പോടെ നിറഞ്ഞുനിൽക്കുന്നു.
റോഡിന്റെ ഇരുവശത്തും വിവിധ രാജ്യങ്ങളുടെ കൊടികൾ നിറഞ്ഞിട്ടുണ്ട്. രണ്ടു കിലോമീറ്ററോളം റോഡിന്റെ ഇരുവശത്തും അർജൻറീന ആരാധകർ ഫ്ലക്സ് വെച്ചിട്ടുണ്ട്. 35 അടി നീളത്തിലാണ് പ്രിയതാരം മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് മറുപടിയായി പോർചുഗൽ ആരാധകർ റൊണാൾഡോയുടെ 40 അടി കട്ടൗട്ടും ബ്രസീൽ ആരാധകർ 45 അടി വരുന്ന നെയ്മർ കട്ടൗട്ടും സ്ഥാപിച്ചു.
വലിയ ഫ്ലക്സ് ബോർഡുകളും പ്രതിരോധത്തിന് സ്ഥാപിച്ചിട്ടുണ്ട്. നാടിനെ ഇളക്കിമറിച്ചുള്ള വിവിധ പരിപാടികളും അരങ്ങുതകർക്കുന്നുണ്ട്. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ, ഫാൻസിഡ്രസ് ധരിച്ചാണ് വിവിധ പരിപാടികൾ ഫാൻസുകാർ ഒരുമിച്ചു നടത്തിയത്. മറ്റുള്ള നാടുകളിൽനിന്ന് വ്യത്യസ്തമായി ഖത്തർ ടീമിന്റെ ഫ്ലക്സും 25 അടി വരുന്ന ഖത്തർ അമീറിന്റെ കട്ടൗട്ടും ഖത്തർ പ്രവാസി കൂട്ടായ്മ നാട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. ബ്രസീൽ, അർജൻറീന, പോർചുഗൽ തുടങ്ങിയ ടീമുകൾക്കാണ് ആരാധകർ ഏറെയുള്ളത്. ഫ്രാൻസ്, ജർമനി, ഖത്തർ, സ്പെയിൻ, ബെൽജിയം, ഇറാൻ, സെനഗൽ തുടങ്ങിയ ടീമുകൾക്കും ആരാധകരുണ്ട്. ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച ഫ്ലഡ്ലിറ്റ് ഷൂട്ടൗട്ട് മത്സരവും നടത്തുന്നുണ്ട്. വൈകീട്ട് ഏഴിന് എം.വൈ.എൽ, എം.എസ്.എഫ് നേതൃത്വത്തിലാണ് വിവിധ ടീമുകളെ ഉൾപ്പെടുത്തി മത്സരം നടത്തുന്നത്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യവും പല ക്ലബുകളും ഒരുക്കുന്നുണ്ട്.
റെക്കോഡ് പ്രതീക്ഷയിൽ ഭീമൻ ലോകകപ്പ് മാതൃക
ആലുവ: റെക്കോഡ് പ്രതീക്ഷയിൽ യു.സി കോളജ് ഒരുക്കിയ ഭീമൻ ലോകകപ്പ് മാതൃക. കോളജ് ശതാബ്ദി ആഘോഷഭാഗമായി നടന്ന സെൻറിനിയൽ വിസ്റ്റ മെഗാ പ്രദർശനത്തിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗമാണ് ഫിഫ ലോകകപ്പിന്റെ കൂറ്റൻ മാതൃക തയാറാക്കിയത്. ഏഷ്യയിലെ ഏറ്റവും വലിയ മാതൃകയെന്ന നിലയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടാനാണ് സാധ്യത. 9.7 അടി ഉയരവും 3.8 അടി വിസ്തീർണവും ഒരു മെട്രിക് ടൺ ഭാരവുമാണ് കപ്പിനുള്ളത്. ശിൽപി ഷാജി ഒക്കലാണ് മാതൃക നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

