ലോകകപ്പ്: കൗണ്ടർ ടിക്കറ്റ് വിൽപന തകൃതി; നിരനിരയായി ആരാധകർ
text_fieldsഡി.ഇ.സി.സിയിൽ ലോകകപ്പ് ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകരുടെ നീണ്ട നിര
ദോഹ: ഓൺലൈനിൽ കുത്തിയിരുന്നിട്ടും ടിക്കറ്റ് കിട്ടാത്തവർക്ക് സന്തോഷ വാർത്തയായിരുന്നു ലോകകപ്പ് മാച്ച് ടിക്കറ്റുകളുടെ കൗണ്ടർ വിൽപന ആരംഭിച്ച വാർത്ത. ചൊവ്വാഴ്ച രാവിലെ അഞ്ചിനുതന്നെ ചിലർ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ കൗണ്ടറിലേക്ക് വെച്ചുപിടിച്ചു. എന്നാൽ, 10 മണിക്കായിരുന്നു ടിക്കറ്റ് വിൽപന ആരംഭിച്ചത്. 40 റിയാലിന്റെ ടിക്കറ്റുകൾ മോഹിച്ചെത്തിയവർക്ക് മുന്നിൽ കാറ്റഗറി ഒന്നും രണ്ടും ടിക്കറ്റുകൾ മാത്രമേ വിൽപനക്കുള്ളൂ എന്ന നോട്ടീസ് പ്രദർശിപ്പിച്ച് വളന്റിയർമാർ എതിരേറ്റതോടെ നീണ്ട ക്യൂ അതിവേഗത്തിൽ മെലിഞ്ഞുണങ്ങി തീർന്നു.
കഴിഞ്ഞ ദിവസം ഫിഫ സി.ഒ.ഒയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡി.ഇ.സി.സിയിലെ കൗണ്ടറുകൾ വഴി കൗണ്ടർ ടിക്കറ്റ് വിൽപന ആരംഭിച്ചത്. രാവിലെ പത്തുമുതൽ രാത്രി 10 വരെയാണ് ലഭ്യതയുടെ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ വിൽക്കുന്നത്. രാവിലെ മുതൽതന്നെ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ടിക്കറ്റ് സ്വന്തമാക്കാൻ വരികളിൽ ഇടംപിടിച്ചിരുന്നു. ഫൈനൽ, സെമി ഫൈനൽ, ഉദ്ഘാടന മത്സരങ്ങളുടെ ടിക്കറ്റുകൾ കൗണ്ടറുകൾ വഴി വിൽക്കില്ലെന്ന് അറിയിച്ചാണ് ആരാധകരെ സെന്റർ വളന്റിയർമാരും ഫിഫ ടിക്കറ്റിങ് അധികൃതരും വരവേറ്റത്.
800 റിയാലിന്റെ കാറ്റഗറി ഒന്ന്, 600 റിയാലിന്റെ കാറ്റഗറി രണ്ട് ടിക്കറ്റുകൾ മാത്രമാണ് ചൊവ്വാഴ്ച വിൽപനക്കുണ്ടായിരുന്നത്. സ്വിറ്റ്സർലൻഡ്- കാമറൂൺ (മാച്ച് നമ്പർ 13), തുനീഷ്യ - ആസ്ട്രേലിയ ( മാച്ച് 21), ജപ്പാൻ - കോസ്റ്റാറിക (മാച്ച് 25), കാമറൂൺ -സെർബിയ (മാച്ച് 29), ദക്ഷിണ കൊറിയ - ഘാന (മാച്ച് 30), ആസ്ട്രേലിയ - ഡെന്മാർക്ക് (മാച്ച് 37) എന്നിവയാണ് ആദ്യദിനത്തിൽ വിൽപനക്കുള്ള ടിക്കറ്റുകൾ. വരുംദിനങ്ങളിൽ വ്യത്യസ്ത മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപനക്കുണ്ടാവും. വിസ കാർഡ് വഴി മാത്രമാണ് ടിക്കറ്റ് തുക നൽകാൻ കഴിയുക. പണമായി സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

