ലോകകപ്പ്: 36 റഫറിമാർ ഉൾപ്പെടെ 129 അംഗ സംഘം എത്തി
text_fieldsഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയും ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിറും
ദോഹ: ഒരു വിസിൽ മുഴക്കത്തിൽ, അല്ലെങ്കിൽ സ്പോട്ടിലേക്കുള്ള ഒരു ചൂണ്ടുവിരലിൽ കളിയെയും സൂപ്പർ താരങ്ങളെയും അടക്കിനിർത്താൻ റഫറിമാരുടെ സംഘമെത്തി. വിവിധ രാജ്യങ്ങളിൽ നിന്നായി പലദിവസങ്ങളിലായി ദോഹയിലെത്തിയ റഫറിമാരെ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ, ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന, റഫറീയിങ് ഡയറക്ടർ മാസിമോ ബുസാക എന്നിവർ സ്വാഗതംചെയ്തു. 36 റഫറിമാരും 69 അസിസ്റ്റൻറ് റഫറിമാരും 24 വിഡിയോ അസിസ്റ്റൻറ് റഫറിമാരും ഉൾപ്പെടെ 129 പേരുടെ സംഘമാണ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഖത്തറിലെത്തിയത്. 'ടീം വൺ' എന്നപേരിൽ റഫറിയിങ് സംഘത്തെ ഫിഫ ലോകകപ്പിലേക്ക് സ്വാഗതംചെയ്തു.
പരിശീലന ക്യാമ്പിനും തുടക്കമായി. നിങ്ങളില്ലാതെ ഫുട്ബാളും ലോകകപ്പും ഇല്ല എന്ന വാക്കുകളോടെയായിരുന്നു വിവിധ വൻകരകളിൽനിന്നായി മത്സരം നിയന്ത്രിക്കാൻ തെരഞ്ഞെടുത്തവരെ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ സ്വാഗതം ചെയ്തത്.
ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന വനിത റഫറിമാരായ സ്റ്റെഫാനി ഫ്രാപാർട്,സാലിമ മുകസാംഗ എന്നിവർ
ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നിയന്ത്രിക്കാൻ തെരഞ്ഞെടുത്ത വനിത റഫറിമാരും സംഘത്തിലുണ്ട്. ഫ്രാൻസിൽനിന്നുള്ള സ്റ്റെഫാനി ഫ്രാപാർട്, റുവാണ്ടയിൽനിന്നുള്ള സാലിമ മുകസാംഗ, ജപ്പാനിൽനിന്നുള്ള യോഷിമി യമാഷിത എന്നിവരാണവർ. ഇവരെ കൂടാതെ നുയേസ ബാക് (ബ്രസീൽ), കാരെൻ ഡിയാസ് മെഡീന (മെക്സിക്കോ), കാതറിൻ നെസ്ബിറ്റ് (അമേരിക്ക) എന്നീ വനിത അസി. റഫറിമാരും ലോകകപ്പിനുണ്ട്.
'ആദ്യമായി വനിതകൾ ലോകകപ്പ് മത്സരം നിയന്ത്രിക്കാനുള്ള പട്ടികയിൽ ഇടംനേടിയെന്ന പ്രത്യേകതയുണ്ട്. എന്നാൽ, സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും റഫറിമാരാണ്. എല്ലാവരും ഒരു ടീമിന്റെ ഭാഗമാണ്. ഈ ലോകകപ്പ് നിങ്ങൾക്ക് വളരെയധികം അനുഭവവേദ്യമാകും. ഈ സാഹസിക ദൗത്യത്തിന്റെ വികാരവും ലോകമെങ്ങുമുള്ള 500 കോടിയോളം ജനങ്ങളുടെ വികാരവുമെല്ലാം ഈ മൈതാനത്തുണ്ടാവും. തീരുമാനങ്ങളെടുക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും തയാറാവുക. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ചത്. അതുകൊണ്ടാണ് നിങ്ങൾ ഇവിടെയുള്ളത്' -ഫിഫ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

