'ഭീഷണി എന്നോടു വേണ്ട'; ബാഴ്സക്കെതിരെ പ്രതികരണവുമായി ഡെംബലെ
text_fieldsബാഴ്സലോണ: കരാർ പുതുക്കിയില്ലെങ്കിൽ ക്ലബ് വിടണമെന്ന ബാഴ്സലോണയുടെ ആജ്ഞക്ക് പ്രതികരണമറിയിച്ച് ഫ്രഞ്ച് ഫുട്ബാൾ താരം ഉസ്മാൻ ഡെംബലെ. ഭീഷണിയൊന്നും വേണ്ടെന്നും തന്‍റെ പേരിൽ പ്രചരിപ്പിക്കുന്ന പരദൂഷണങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് താരത്തിന്‍റെ പ്രതികരണം.
ജനുവരിയിലെ ട്രാന്‍ഫര്‍ ജാലകം അടക്കുന്നതിന് മുമ്പ് ക്ലബ് വിടണമെന്ന് ബാഴ്സ താക്കീത് നൽകിയതോടെയാണ് ഡെംബലെ പ്രതികരണവുമായി എത്തിയത്.
'ഭീഷണിപ്പെടുത്തിയത് കൊണ്ട് കാര്യമൊന്നുമില്ല, അതുമായി ബന്ധപ്പെട്ട് എന്‍റെ പേരിൽ പ്രചരിപ്പിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കണം. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാനെന്‍റെ ഏജന്‍റിനെ ഏൽപ്പിച്ചിട്ടുണ്ട്. അതയാൾ നോക്കിക്കോളും, എന്‍റെ മേഖല ഫുട്ബാൾ ആണ്. അതിലൂടെ ടീം അംഗങ്ങളെയും ആരാധകരെയും സന്തോഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്'- ഡെംബലെ പറഞ്ഞു.
ഈ സീസണിൽ കരാര്‍ അവസാനിക്കാനിരിക്കെ പുതിയ കരാറിൽ ഒപ്പിടാൻ വൻ പ്രതിഫലമാണ് ഫ്രഞ്ച് താരം ആവശ്യപ്പെടുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബാഴ്‌സ ഡെംബലെയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. കരാർ പുതുക്കില്ലെന്ന് ഉറപ്പായതിനാൽ താരത്തെ ജനുവരിയിൽ തന്നെ വിൽക്കാനാണ് കാറ്റലൻ ക്ലബിന്റെ തീരുമാനം.
എന്നാൽ സൈനിങ് ബോണസ് ലഭിക്കുന്നതിനായി ഫ്രീ ഏജന്റാവാൻ വേണ്ടി കരാർ അവസാനിക്കുന്നതു വരെ ക്ലബിൽ തന്നെ തുടരാനാണ് ഡെംബലെ ശ്രമിക്കുന്നത്. കരാർ പുതുക്കാതെ ബാഴ്‌സയിലെ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഡെംബലെ ഫ്രീ ഏജന്റായി മാറുകയും ബാഴ്‌സയ്ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും.
2017ൽ നെയ്മർ ക്ലബ്ബ് വിട്ടതിനു പിന്നാലെയാണ് വൻതുക മുടക്കി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ബാഴ്‌സലോണ ഡെംബലെയെ വാങ്ങിയത്. ലയണൽ മെസി ക്ലബ്ബ് വിട്ടതിനെ തുടർന്ന് ടീമിലെ പ്രധാന താരമായി മാറിയ ഫ്രഞ്ചുകാരനെ ക്ലബ്ബിൽ നിലനിർത്താനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ജനുവരിയിൽ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാൻ ഡെംബലെ താൽപര്യം പ്രകടിപ്പിച്ചെങ്കിലും കോച്ച് സാവിയുമായി സംസാരിച്ച ശേഷം താരത്തിന്റെ മനംമാറുകയായിരുന്നു.