വനിത ലീഗ്; ഗോകുലം-കിക്ക് സ്റ്റാർട്ട് ഫൈനൽ ഇന്ന്
text_fieldsഗോകുലം കേരള എഫ്.സി താരങ്ങൾ പരിശീലനത്തിൽ
അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ അപരാജിതയാത്ര തുടർന്ന് കലാശക്കളിക്ക് യോഗ്യത നേടിയ ഗോകുലം കേരള എഫ്.സിക്ക് ഞായറാഴ്ച കിരീടപ്പോരാട്ടം. ട്രാൻസ്റ്റേഡിയയിൽ വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തിൽ കിക്ക് സ്റ്റാർട്ട് എഫ്.സിയാണ് മലബാറിയൻസിന്റെ എതിരാളികൾ.
വെള്ളിയാഴ്ച സെമി ഫൈനലിൽ ഈസ്റ്റേൺ സ്പോർട്ടിങ് യൂനിയനെ 5-1ന് തകർത്താണ് ഗോകുലം ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാർക്കുവേണ്ടി സബിത്ര ഭണ്ഡാരിയും ഇന്ദുമതി കതിരേശനും ഇരട്ട ഗോളുകൾ നേടി. വിവിയൻ കൊനാഡിന്റെ വകയായിരുന്നു മറ്റൊരു ഗോൾ.
2019-20, 2021-22 വനിത ലീഗ് ജേതാക്കളായ ഗോകുലം ഹാട്രിക് കിരീടത്തിനരികിലാണ്. കോവിഡ് കാരണം 2020-21ൽ മത്സരങ്ങൾ നടന്നില്ല. ഇക്കുറി ഗ്രൂപ് എ ജേതാക്കളായാണ് ഗോകുലം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഏഴിൽ ആറ് മത്സരങ്ങളിലും മികച്ച ജയം നേടിയപ്പോൾ മിസാക യുനൈറ്റഡ് ഗോകുലത്തെ ഗോൾരഹിത സമനിലയിൽ തളച്ചു. 28 ഗോളുമായി ടോപ് സ്കോറർ പദവി ഉറപ്പിച്ച നേപ്പാളി സ്ട്രൈക്കർ സബിത്ര ഭണ്ഡാരിയിലും ഇതുവരെ 10 തവണ എതിർവലയിൽ പന്തെത്തിച്ച ഇന്ദുമതിയിലും ചാമ്പ്യന്മാർ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. സേതു എഫ്.സിയെ 2-0ത്തിനാണ് സെമിയിൽ കിക്ക് സ്റ്റാർട്ട് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

