വനിത ലീഗ്: നിതയെ തകർത്ത് ഗോകുലം
text_fieldsഫസീല ഇക്വാപുട്ട്
കോഴിക്കോട്: ഉഗാണ്ടൻ താരം ഫസീല ഇക്വാപുട്ടിന്റെ ഹാട്രിക്കിൽ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി 4-1ന് നിത ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാംപാതിയിൽ ഫസീലയുടെ ഗോൾപെയ്ത്തിൽ നിത പതറി. നാല് ഗോളും ഫസീലയുടെ വകയായിരുന്നു. 47ാം മിനിറ്റിലായിരുന്നു തുടക്കം. 52ാം മിനിറ്റിലും 63ാം മിനിറ്റിലും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കി മുന്നേറ്റം തുടർന്നു. 75ാം മിനിറ്റിൽ നിത ഫുട്ബാൾ അക്കാദമിയുടെ ഫോർവേഡ് ഘാന താരം റഹ്മാ ജഫാറു ഗോളടിച്ച് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും 82ാം മിനിറ്റിൽ ഫസീല ഗോകുലത്തിനു വേണ്ടി നാലാമത്തെ ഗോളും ഉതിർത്തു.
സീസണിൽ ഗോകുലത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. 13 മത്സരങ്ങളിൽ 34 പോയന്റുമായി ഈസ്റ്റ് ബംഗാൾ ഇതിനകം ജേതാക്കളായിട്ടുണ്ട്. 13 മത്സരങ്ങളിൽ 29 പോയന്റുമായി രണ്ടാമതാണ് ഗോകുലം. ഏപ്രിൽ 18ന് കൊൽക്കത്തയിൽ നടക്കുന്ന ഈസ്റ്റ് ബംഗാൾ-ഗോകുലം മത്സരത്തോടെ വനിത ലീഗ് സീസൺ സമാപിക്കും.

