ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വിജയത്തുടക്കം
text_fieldsപി.എസ്.ജിയുടെ ഗോൾ നേടിയ അഷ്റഫ് ഹകീമി (വലത്ത്) കെയ്ലിയൻ എംബാപ്പെയോടൊപ്പം
പാരിസ്: ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി പാരിസിലേക്ക് പറക്കുമെന്ന വാർത്തകൾ പരക്കുന്നതിനിടെ, ഫ്രഞ്ച് ലീഗ് പുതിയ സീസൺ വിജയാഘോഷത്തോടെ തുടങ്ങി വമ്പന്മാരായ പാരിസ് സെൻറ് ജർമൻ.
സ്ഥാനക്കയറ്റം നേടി ലീഗ് വണ്ണിലെത്തിയ ട്രോയേസിനെതിരെ 2-1നായിരുന്നു പി.എസ്.ജിയുടെ ജയം. ലീഗ് മത്സരത്തിലെ അരങ്ങേറ്റത്തിൽതന്നെ ഗോൾ നേടി മൊറോക്കൻ താരം അഷ്റഫ് ഹകീമി വരവറിയിച്ചപ്പോൾ മറ്റൊരു ഗോൾ മൗറോ ഇകാർഡിയുടെ വകയായിരുന്നു.
ഒമ്പതാം മിനിറ്റിൽതന്നെ കരുത്തർക്കെതിരെ ഗോൾ നേടി ലീഗ് വണ്ണിലെ അരങ്ങേറ്റക്കാർ പി.എസ്.ജിയെ ഞെട്ടിച്ചു. പ്രതിരോധ താരം വലീദ് ഹിജാമിെൻറ ഗോളിലായിരുന്നു തുടക്കം. എന്നാൽ, ഈ ആഹ്ലാദം കൂടുതൽ നേരം നീണ്ടുനിന്നില്ല. 19ാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെ ഹകീമിയും 21ാം മിനിറ്റിൽ കെയ്ലിൻ എംബാപ്പെയുടെ പാസിൽനിന്ന് ഇകാർഡിയും ഗോൾ നേടിയതോടെ പി.എസ്.ജി മുന്നിലെത്തി.
ലീഡ് വർധിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള കുതിപ്പ് പാരിസുകാർക്ക് വിജയത്തോടെ തുടങ്ങാനായി. നേരേത്ത, ഫ്രഞ്ച് കപ്പിൽ ലില്ലെയോട് തോറ്റാണ് പി.എസ്.ജി പുതിയ സീസൺ തുടങ്ങിയത്.

