ജയം: നോക്കൗട്ട് സാധ്യതയിലേക്ക് കാനഡ
text_fieldsഗോൾ നേടിയ ജൊനാഥൻ ഡേവിഡ്
വാഷിങ്ടൺ: 10 പേരായി ചുരുങ്ങിയ പെറുവിനെതിരെ രണ്ടാം പകുതിയിൽ ജൊനാഥൻ ഡേവിഡ് അടിച്ചുകയറ്റിയ ഗോളിന് ജയം പിടിച്ച് കാനഡ. 24 വർഷത്തിനിടെ ഒരു ലാറ്റിൻ അമേരിക്കൻ ടീമിനെതിരെ നേടുന്ന ആദ്യ ജയവുമായി കാനഡ നോക്കൗട്ട് സാധ്യത നിലനിർത്തി.
അർജന്റീനയോട് ആദ്യ കളി എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ ടീമിന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചിലിക്കെതിരെ സമനില നേടിയാൽ തങ്ങളുടെ കന്നി കോപ അമേരിക്കയിലെ അവസാന എട്ടിൽ ഇടംപിടിക്കാം. മറ്റൊരു ടീമായ അർജന്റീന നേരത്തേ നോക്കൗട്ടിലെത്തിയിട്ടുണ്ട്.
59ാം മിനിറ്റിൽ മിഗ്വൽ അറോയോ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെയാണ് പെറു 10 പേരായി ചുരുങ്ങിയത്. ഇതോടെ, ആക്രമണം കനപ്പിച്ച കാനഡ 74ാം മിനിറ്റിൽ വിധി നിർണായക ഗോൾ സ്വന്തമാക്കി. സൈൽ ലാറിൻ നൽകിയ പാസിൽ പെനാൽറ്റി പോയന്റിനു സമീപം നിന്ന് പായിച്ച പൊള്ളുന്ന ഷോട്ട് വല കുലുക്കുകയായിരുന്നു.
അമേരിക്കക്കാരനായ പുതിയ പരിശീലകൻ ജെസ്സി മാർഷിന് കീഴിൽ ടീം നേടുന്ന ആദ്യ ഗോളെന്ന സവിശേഷതയുമുണ്ട്. നേരത്തേ കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും കോപ അമേരിക്കയിൽ അർജന്റീനക്കെതിരെയും ടീം ഗോളടിച്ചിരുന്നില്ല.
ഇതോടെ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് കാനഡ. മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ചിലിക്കും പെറുവിനും ഒരു പോയന്റാണ്. മത്സരത്തിനിടെ അസിസ്റ്റന്റ് റഫറി കളത്തിൽ കുഴഞ്ഞുവീണത് അൽപനേരം കളി നിർത്തിവെക്കാനിടയാക്കിയിരുന്നു. സ്ട്രെച്ചറിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

