കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ വിട്ടുനൽകുകയാണെങ്കിൽ മൂന്ന് താരങ്ങളെ പകരം നൽകാമെന്ന് അറിയിച്ച് എ.ടി.കെ. പ്രമുഖ ഫുട്ബാൾ ജേണലിസ്റ്റ് മാർകസ് മെർഗുൽഹോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ, എ.ടി.കെയുടെ ആവശ്യത്തോട് ബ്ലാസ്റ്റേഴ്സ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. സഹലിന് ബ്ലാസ്റ്റേഴ്സുമായി 2022 വരെ കരാറുണ്ട്.
2018-19 സീസണിലെ എമർജിങ് പ്ലയറായിരുന്ന സഹലിന് പിന്നീടുള്ള സീസണുകളിൽ പേരിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. എന്നാൽ പല വേളയിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിക്കുകയും ചെയ്തു. പലപ്പോഴും പൊസിഷൻ മാറിക്കളിച്ചതും സഹലിന് വിനയായി.
ഐ.എസ്.എല്ലിന്‍റെ ഈ സീസണിലും മികച്ച മുന്നൊരുക്കമാണ് എ.ടി.കെ നടത്തുന്നത്. ജയേഷ് റാണ, സുമിത് റായ് , മൈക്കൽ റെഗിൻ, കോമൽതട്ടാൽ തുടങ്ങിയ താരങ്ങളുമായി ഇത്തവണ ക്ലബ് കരാർ പുതുക്കിയില്ല. അമരീന്ദർ സിങ്, അശുതോഷ് മേത്ത, കിയൻ നാസ്സിരി, ജോൺ കൗകോ, ദീപക് ഡാഗ്രി, ഹ്യൂഗോ ബൗമസ്, ലിസ്റ്റൺ കൊളോക്കോ തുടങ്ങി ഒരുപിടി താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്‍റ് കപ്പിനുള്ള ടീമിൽ സഹൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ പരിക്ക് മൂലം സഹലിന് ഗ്രൗണ്ടിലിറങ്ങാനായിട്ടില്ല. എന്നാൽ താരത്തിന്‍റെ പരിക്ക് ഗുരുതരമുള്ളതല്ല. സഹൽ പരിശീലനം ആരംഭിച്ചതായി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.