നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്
text_fieldsബ്രസീൽ സൂപ്പർതാരം നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസ് വിട്ട് യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം. തുർക്കിഷ് ക്ലബായ ഫെനെർബാഷെയാണ് 33കാരനായി ചരടുവലിക്കുന്നത്.
ജോസ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന തുർക്കിഷ് ക്ലബ് നെയ്മറിനെ ടീമിലെത്തിക്കുന്നത് കാര്യമായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒരു വർഷത്തെ കരാറാണ് നെയ്മറിന് വാഗ്ദാനം ചെയ്തത്. ഇതോടൊപ്പം ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും നൽകും. ആറുമാസമായി ബ്രസീൽ ക്ലബ് സാന്‍റോസിനൊപ്പമാണ് നെയ്മർ. താരത്തിന് എപ്പോൾ വേണമെങ്കിലും സൗജന്യ ട്രാൻസ്ഫറിൽ യൂറോപ്യൻ ക്ലബിലേക്ക് പോകാനുള്ള ക്ലോസ് സന്‍റോസ് കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഓപ്ഷൻ നെയ്മർ വിനിയോഗിക്കുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
ബാല്യകാല ക്ലബിലേക്ക് മടങ്ങിയെത്തിയിട്ടും നെയ്മറിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താനായിട്ടില്ല. സീസണിൽ 14 മത്സരങ്ങൾ കളിച്ചെങ്കിലും മൂന്നു ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. മൂന്നു ഗോളുകൾക്ക് അസിസ്റ്റ് നൽകി. നെയ്മറിന്‍റെ അന്താരാഷ്ട്ര പ്രശസ്തിയും കളി മികവും തുർക്കിഷ് സൂപ്പർ ലീഗിന് ലോക ശ്രദ്ധ നേടികൊടുക്കുമെന്നതിൽ സംശയമില്ല. അതേസമയം, നെയ്മറിനെ ക്ലബിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും സാന്‍റോസ് അധികൃതർ നടത്തുന്നുണ്ട്.
താരത്തിന്‍റെ അനുഭവവും നേതൃഗുണവും പ്രതിഭയും യുവതാരങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ക്ലബ് അധികൃതർ.
നെയ്മറുമായി കരാറിലെത്താനായാൽ ഫെനെർബാഷെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാകും. പരിക്കിനെ തുടർന്ന് ദീർഘനാൾ പുറത്തിരുന്നശേഷമാണ് നെയ്മർ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവിൽ താരത്തിന് സാന്‍റോസിൽ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഏഴു മത്സരങ്ങൾ താരത്തിന് നഷ്ടമായി. ബ്രസീലിന്‍റെ എക്കാലത്തെയും ലീഡിങ് ഗോൾ സ്കോററാണ് നെയ്മർ.
പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച ബ്രസീൽ ലോകകപ്പ് യോഗ്യത സ്ക്വാഡിലും താരത്തിന് ഇടംലഭിച്ചിരുന്നില്ല. നിരന്തരം പരിക്കുകൾ വേട്ടയാടുന്ന താരത്തിന് 2023 ഒക്ടോബറിനുശേഷം ദേശീയ ടീമിനായി കളിക്കാനായിട്ടില്ല. സൗദി ക്ലബ് അല്‍ ഹിലാലിൽനിന്നാണ് നെയ്മർ സാന്‍റോസിലെത്തിയത്. പരസ്പര സമ്മതത്തോടെ ഹിലാലും താരവും വേർപിരിഞ്ഞത്.
പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജഴ്‌സിയില്‍ കളിക്കാനായത്. 18 മാസക്കാലമാണ് നെയ്മര്‍ അല്‍ ഹിലാലിലുണ്ടായിരുന്നത്. പ്രതിവര്‍ഷം ഏകദേശം 10.4 കോടി ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

