വൻകരയുടെ രാജാവാര്? ആഫ്കോണിൽ ഇന്ന് മൊറോക്കോ-സെനഗാൾ ഫൈനൽ
text_fieldsമൊറോക്കോ താരങ്ങൾ പരിശീലനത്തിൽ
റബാത് (മൊറോക്കോ): ആഫ്രിക്കൻ വൻകരയുടെ കാൽപ്പന്ത് രാജാക്കന്മാരെ ഞായറാഴ്ചയറിയാം. ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ഫുട്ബാൾ ഫൈനൽ പോരാട്ടത്തിൽ സെനഗാൾ ആതിഥേയരായ മൊറോക്കോയെ നേരിടും. കാൽ നൂറ്റാണ്ടിന്റെ കിരീട വരൾച്ചക്ക് വിരാമമിടാനാണ് അറ്റ്ലസ് ലയൺസ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. മൊറോക്കോയെപ്പോലെ ലോക ഫുട്ബാളിനെ പലവട്ടം അതിശയിപ്പിച്ച സെനഗാൾ ലക്ഷ്യമിടുന്നത് രണ്ടാം കിരീടമാണ്.
സെമി ഫൈനലിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ കീഴടക്കിയെത്തിയ മൊറോക്കോ ടൂർണമെന്റിൽ ഇതുവരെ പരാജയം രുചിച്ചിട്ടില്ല. ചോരാത്ത കൈകളുമായി ക്രോസ് ബാറിന് കീഴെ നിലയുറപ്പിക്കുന്ന യാസീൻ ബോനുവിന്റെയും പി.എസ്.ജിയുടെ പ്രതിരോധ ഭടൻ അഷ്റഫ് ഹകീമിയുടെയും ആഫ്കോണിൽ ടോപ് സ്കോറർ പട്ടം ചൂടാനിരിക്കുന്ന റയൽ മഡ്രിഡ് താരം ബ്രാഹിം ഡയസിന്റെയും സംഘത്തെ തോൽപിക്കുക സാദിയോ മാനെയുടെ ടീമിനെ സംബന്ധിച്ച് വെല്ലുവിളിയാവും. 1976ൽ ആണ് മൊറോക്കോ ആദ്യമായും അവസാനമായും ജേതാക്കളായത്.
കിരീട ഫേവറിറ്റുകളായ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെ മാനെയുടെ ഗോളിൽ മടക്കിയാണ് സെനഗാൾ ഫൈനലിൽ കടന്നത്. 2021നു ശേഷം ഒരിക്കൽക്കൂടി ചാമ്പ്യന്മാരാവുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

