ഇന്ത്യയിലെത്തുമോ മെസ്സി...? ; ഡിസംബര്‍ 13 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ
text_fieldsഅർജന്റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ടീം സന്ദര്‍ശിക്കുമെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. ഇന്ത്യന്‍ പര്യടനത്തില്‍ മെസ്സി തന്റെ കരിയറിനെയും കായികരംഗത്തോടുള്ള പ്രതിബദ്ധതയും പ്രതിപാദിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.
കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയില്‍ മെസ്സിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമമായ സീ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും. കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരില്‍ ഒരു സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ഡൽഹിയിൽ മെസ്സി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമോ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടോ സന്ദർശിക്കാനും സാധ്യതയുണ്ട്. അതേസമയം, മുംബൈയിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ ഒരു പ്രത്യേക പരിപാടിയിൽ താരത്തിന് ആതിഥേയത്വം വഹിക്കും, അവിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായുള്ള കൂടിക്കാഴ്ച നടക്കും. കൊൽക്കത്തയെപ്പോലെ, ഡൽഹിയിലും മുംബൈയിലും ഗ്രാസ്‌റൂട്ട് ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വർക്ക്‌ഷോപ്പുകളും യുവജന ഇടപെടൽ സെഷനുകളും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ മാധ്യമങ്ങളുടെ റിപ്പോർട്ടല്ലാതെ മറ്റു ഔദ്യോഗിക സ്ഥീരികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം മെസ്സിയുടെ സന്ദർശനത്തിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ഈവർഷം ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തി സൗഹൃദമത്സരം കളിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തെ പറഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ട് വന്നതോടെ മെസ്സിയുടെ വരവ് വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

