അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?
text_fieldsലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. വെള്ളിയാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ സാന്‍റിയാഗോയിലാണ് മത്സരം.
മുന്നേറ്റ നിരയിൽ ഉൾപ്പെടെ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പരിശീലകൻ ലയണൽ സ്കലോണി സൂചന നൽകിയിട്ടുണ്ട്. സൂപ്പർതാരം ലയണൽ മെസ്സി കളിക്കുന്ന കാര്യവും സംശയത്തിലാണ്. യുവതാരങ്ങളായ ജൂലിയൻ അൽവാരസ്, ജിലിയാനോ സിമിയോണി, ലിയനാർഡോ ബലേർദോ എന്നിവരെല്ലാം പ്ലെയിങ് ഇലവനിലെത്തിയേക്കും. ലൗതാരോ മാർട്ടിനെസ് കളിക്കില്ല. കഴിഞ്ഞ മത്സരങ്ങളിലെ മഞ്ഞകാർഡ് കാരണം സസ്പെൻഷനിലുള്ള നികോളാസ് ഒട്ടമെൻഡിക്കും മത്സരം നഷ്ടമാകും. ഇതോടെ സിമിയോണിക്കൊപ്പം അൽവാരസും പ്ലെയിങ് ഇലവനിൽ സ്ട്രൈക്കറുടെ റോളിലെത്തും.
അറ്റാക്കിങ് മിഡിഫീൽഡർ നിക്കോ പാസ് ആദ്യ ഇലവനിലെത്തും. ക്രിസ്റ്റ്യൻ റൊമേരോ, തിയാഗോ അൽമാഡ എന്നിവർക്കും അവസരമുണ്ടാകും. അതേസമയം, പരിക്കിൽനിന്ന് മുക്തനായെങ്കിലും മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സ്കലോണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മത്സരത്തിൽ മെസ്സി കളിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. താരങ്ങളുടെ പരിക്കും സസ്പെൻഷനും കാരണം പ്ലെയിങ് ഇലവനെ കണ്ടെത്തുക എളുപ്പമല്ല. മധ്യനിരയിൽ ഉൾപ്പെടെ താരങ്ങളുടെ അഭാവമുണ്ട്. അതുകൊണ്ടു തന്നെ പരിശീലനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ടീം പ്രഖ്യാപനമെന്ന് സ്കലോണി പ്രതികരിച്ചു.
സ്കലോണിയും സംഘവും ചിലിയിലെത്തിയിട്ടുണ്ട്. ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്‍റീന 14 മത്സരങ്ങളിൽനിന്ന് 31 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. ചിലി അവസാന സ്ഥാനത്തും. 14 മത്സരങ്ങളിൽനിന്ന് 10 പോയന്‍റ് മാത്രം. 23 പോയന്‍റുമായി ഇക്വഡോർ, 21 പോയന്‍റുമായി യുറുഗ്വായ് ടീമുകള് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.