എമി ആസ്റ്റൺവില്ല വിടുമോ? വമ്പൻ ഓഫറുകളുമായി സൗദി, യൂറോപ്യൻ ക്ലബുകൾ
text_fieldsഎമിലിയാനോ മാർട്ടിനെസ്
ലണ്ടൻ: അർജന്റീനയുടെ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. സൗദി അറേബ്യൻ ലീഗിൽനിന്നും യൂറോപ്യൻ ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ ലഭിച്ചതിനാലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ടീമായ ആസ്റ്റൺ വില്ലയിൽ നിന്ന് എമിലിയാനോ കൂടുമാറ്റത്തിനൊരുങ്ങുന്നത്.
ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ വിശ്വവിജയികളായ അർജന്റീന ടീമിലെ നിർണായക താരമായിരുന്നു എമിലിയാനോ മാർട്ടിനെസ്. ഫ്രാൻസിനെതിരായ കലാശക്കളിക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ ചാമ്പ്യൻ പട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത് എമിയുടെ മനസ്സാന്നിധ്യവും അത്യുഗ്രൻ സേവുകളുമായിരുന്നു.
വെള്ളിയാഴ്ച ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചുകയറിയ മത്സരം വില്ല പാർക്കിൽ മാർട്ടിനെസിന്റെ അവസാനത്തേതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 37 കളികളിൽ 66 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ് ക്ലബ്. ഈമാസം 25ന് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുശെനറ്റഡിനെതിരെയാണ് പ്രീമിയർ ലീഗിൽ വില്ലയുടെ സീസണിലെ അവസാന മത്സരം.
2024 -25 വർഷത്തെ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിലും എമിലിയാനോ മാർട്ടിനെസ് ഉണ്ടായിരുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇരുപാദങ്ങളിലുമായി പി.എസ്.ജിയോട് 4 - 5 എന്ന സ്കോറിന് കഷ്ടിച്ച് തോറ്റാണ് ക്ലബ് പുറത്തായത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ ആസ്റ്റൺ വില്ല നേടിയ വിജയത്തിന് കാരണമായത് മാർട്ടിനെസിന്റെ മികച്ച സേവുകളായിരുന്നു.
അർജന്റീനൻ സ്പോർട്സ് ജേർണലിസ്റ്റായ ഗാസ്റ്റൺ എഡുലിന്റെ അഭിപ്രായത്തിൽ, സൗദി അറേബ്യയിലെ ഒരു ക്ലബിൽ നിന്നും രണ്ട് മികച്ച യൂറോപ്യൻ ക്ലബുകളിൽ നിന്നും അർജന്റീനിയൻ താരത്തിന് മികച്ച ഓഫർ ലഭിച്ചിട്ടുണ്ട്. എന്നാൽ, ലോകകപ്പിലേക്കായി കൂടുതൽ ഒരുങ്ങാൻ സൗദി അറേബ്യക്കു പകരം യൂറോപ്യൻ ക്ലബുകളിൽനിന്നുള്ള ഓഫർ അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗാസ്റ്റൺ എഡുൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

