Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർ‌ജന്റീന ദേശീയ...

അർ‌ജന്റീന ദേശീയ ഫുട്ബാൾ ടീമിൽ എന്താണ് കറുത്ത വർഗക്കാരില്ലാത്തത്?

text_fields
bookmark_border
അർ‌ജന്റീന ദേശീയ ഫുട്ബാൾ ടീമിൽ എന്താണ് കറുത്ത വർഗക്കാരില്ലാത്തത്?
cancel

‘‘മെ​ക്സി​ക്കോ​കാ​ർ ആ​ദി​മ​നി​വാ​സി​ക​ളാ​ണ്. ബ്ര​സീ​ലു​കാ​ർ കാ​ട്ടി​ൽ​നി​ന്നു വ​ന്ന​വ​രാ​ണ്. പ​ക്ഷേ, ഞ​ങ്ങ​ൾ അ​ർ​ജ​ന്റീ​ന​ക്കാ​ർ ക​പ്പ​ലി​ലേ​റി വ​ന്ന​വ​രാ​ണ്. ആ ​ക​പ്പ​ലു​ക​ളാ​വ​ട്ടെ യൂ​റോ​പ്പി​ൽ​നി​ന്നു വ​ന്ന​തും..’’

2021ൽ ​സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസുമായുള്ള കൂടിക്കാഴ്ചക്കിടെ ആവേശത്തോടെ പറഞ്ഞ ഈ വാക്കുകൾ വലിയ പൊല്ലാപ്പാകുമെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് കരുതിക്കാണില്ല. തെക്കേ അമേരിക്കൻ പൗരാണികതയെ മറികടന്ന് യൂറോപ്യൻ ആധുനികതയെ പുണർന്നവരാണ് തങ്ങൾ എന്നു കാണിക്കാനാണ് ആൽബർട്ടോ 1980കളിലെ പ്രശസ്തമായ ഒരു പാട്ടിൽനിന്നുള്ള ഈ വരികൾ ആവർത്തിച്ചത്. തങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തെ പരിഹസിച്ചതിന്റെ പേരിൽ അർജന്റീന പ്രസിഡന്റിനു നേരെ അയൽരാജ്യമായ ബ്രസീലിൽനിന്ന് വലിയ വിമർശനമുയർന്നു. ലാറ്റിനമേരിക്കൻ പൈതൃകത്തെ യൂറോപ്പിനു മുന്നിൽ അടിയറ വെച്ചയാളായി ആൽബർട്ടോ ചിത്രീകരിക്കപ്പെട്ടു.

തൽക്കാലം മാപ്പു പറഞ്ഞ് തടിയൂരിയെങ്കിലും ആൽബർട്ടോയുടെ വാക്കുകൾ അടുത്ത വർഷം വീണ്ടും ചർച്ചയായി- ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന ജേതാക്കളായപ്പോൾ! വിജയത്തിന്റെ ആവേശവും ഉന്മാദവും ഒന്നടങ്ങിയപ്പോൾ ഇടക്കിടെ വരാറുള്ള ഒരു ചോദ്യം വീണ്ടുമുയർന്നു. അർജന്റീന ടീമിൽ എന്താണ് കറുത്ത വർഗക്കാരായ കളിക്കാരില്ലാത്തത്? വിജയാഘോഷങ്ങൾക്കിടെ ഫ്രാൻസ് ടീമിലെ ആഫ്രിക്കൻ വംശജരായ കളിക്കാർക്കു നേരെയുള്ള അർജന്റീന താരങ്ങളുടെ അധിക്ഷേപം കൂടിയായതോടെ ചർച്ച മറ്റൊരു തലത്തിലായി- അർജന്റീന ഒരു വംശീയവെറിയുള്ള രാഷ്ട്രമാണോ? അർജന്റീന ഫുട്ബാളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള ആരാധകരെ അസ്വസ്ഥരാക്കിയ ചോദ്യംകൂടിയായിരുന്നു അത്.

മിത്തും സത്യവും

തെക്കേ അമേരിക്കയിലെ മറ്റേതൊരു ദേശവുംപോലെ ആദിമപാരമ്പര്യവും ആഫ്രിക്കൻ പൈതൃകവും ഉള്ള രാജ്യംതന്നെയായിരുന്നു അർജന്റീന. അടിമവ്യാപാരങ്ങളുടെ കാലത്ത് ലക്ഷക്കണക്കിന് ആഫ്രിക്കക്കാരാണ് മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കെന്നപോലെ അർജന്റീനയിലേക്കും കയറ്റിയയക്കപ്പെട്ടത്. അടിമത്തം അവസാനിച്ചതിനു ശേഷവും ആഫ്രിക്കയിൽനിന്ന് സ്വമേധയാ ഉള്ള കുടിയേറ്റവും തുടർന്നതോടെ 18ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അർജന്റീന ജനസംഖ്യയുടെ മൂന്നിലൊന്നും കറുത്ത വംശജരായിരുന്നു. എന്നാൽ, രണ്ടു നൂറ്റാണ്ടിനുള്ളിൽ കഥ മാറി. 2022ലെ സെൻസസ് അനുസരിച്ച് ഒരു ശതമാനത്തിൽ താഴെയാണ് അർജന്റീന ജനസംഖ്യയിൽ ആഫ്രിക്കൻ വംശജരുടെ പ്രാതിനിധ്യം! ബ്രസീലിൽ ഇത് 10 ശതമാനത്തിലേറെയാണ്.

എന്താണ് ഇക്കാലയളവിനുള്ളിൽ അർജന്റീനയിൽ സംഭവിച്ചത് എന്നതിന് പല വിശദീകരണങ്ങളുണ്ട്. അർജന്റീനയുടെ സ്വാതന്ത്ര്യസമര യുദ്ധങ്ങളിലും തുടർന്നു വന്ന മഹാമാരികളിലും കൊല്ലപ്പെട്ടവരേറെയും കറുത്ത വർഗക്കാരാണ് എന്നതാണ് പ്രചരിക്കപ്പെടുന്ന കഥകളിലൊന്ന്. എന്നാൽ, അതൊരു മിത്ത് മാത്രമാണെന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നു. സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ അർജന്റീനയിൽ സംഭവിച്ചത് മറ്റൊന്നാണ് - സമർഥമായൊരു വെള്ളപൂശൽ! 1816ൽ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനു പിന്നാലെത്തന്നെ അർജന്റീനയിലെ ഭരണകർത്താക്കൾ യൂറോപ്പിനോട് വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 1854-60 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ജസ്റ്റോ ഹോസെ ഡി ഉർക്വിസ ഭരണഘടനയിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തു. യൂറോപ്യൻ കുടിയേറ്റത്തെ സർക്കാർ സർവാത്മനാ പ്രോത്സാഹിപ്പിക്കുമെന്ന ആ ഭേദഗതി ഇപ്പോഴും അർ‌ജന്റീന ഭരണഘടനയിലുണ്ട്. 1868ൽ പ്രസിഡന്റായി വന്ന ഡൊമിംഗോ ഫോസ്റ്റിനോ സാർമിയെന്റോ കാര്യം പച്ചക്ക് പറഞ്ഞു- 20 വർഷം കഴിയുമ്പോൾ കറുത്ത വർഗക്കാരെ കാണാൻ നമ്മൾ ബ്രസീലിലേക്കു പോവേണ്ടിവരും!ഭരണഘടനാപരമായ ഈ സ്വാഗതമോതൽ അർജന്റീനയിലേക്ക് വലിയതോതിൽ യൂറോപ്യൻസിനെ ആകർഷിച്ചു. 1860 മുതൽ 1960 വരെയുള്ള നൂറു വർഷത്തിനിടെ 60 ലക്ഷത്തോളം ആളുകളാണ് കപ്പലിലേറി അർജന്റീനയിലെത്തിയത്. ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു അതിലേറെയും. 1895 ആയപ്പോഴേക്കും തലസ്ഥാനമായ ബ്വേനസ് എയ്റിസിൽ യൂറോപ്പിൽനിന്നു വന്നവരായി കൂടുതൽ. അതോടെ അർജന്റീനയുടെ നിറവും മാറിത്തുടങ്ങി. യൂറോപ്പിൽനിന്നുള്ള സാധാരണക്കാരെ മാത്രമല്ല അർജന്റീന ആകർഷിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ജർമനിയിൽനിന്ന് രക്ഷപ്പെട്ട നാസി ഓഫിസർമാരുടെ സുരക്ഷിത ഒളിത്താവളം കൂടിയായിരുന്നു അർജന്റീന.

കറുപ്പ് മായുന്നു

വൻതോതിലുള്ള ഈ യൂറോപ്യൻ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചത് അർജന്റീനയിലെ കറുത്ത വർഗക്കാരെയാണ്. രണ്ടാംകിട പൗരന്മാരായി മുദ്രകുത്തപ്പെട്ട അവർക്ക് എണ്ണത്തിൽ കുറഞ്ഞതോടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രാതിനിധ്യം നഷ്ടപ്പെടുകയും ചെയ്തു. അതിലൊന്നായി ദേശീയ ഫുട്ബാൾ ടീമും. 1925ൽ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ് നേടിയ ടീമിൽ അംഗമായിരുന്ന അലെയാന്ദ്രോ ഡെ ലോസ് സാന്റോസ് ആണ് അർജന്റീന ദേശീയ ടീമിൽ കളിച്ച എടുത്തുപറയാവുന്ന കറുത്ത വർഗക്കാരിലൊരാൾ. വ്യവസ്ഥാപിതമായ ഈ വെള്ളപൂശൽ അർജന്റീനക്കാരുടെ പൊതുബോധത്തെയും മാറ്റി എന്നുവേണം പറയാൻ. ലോകമെങ്ങും കളിച്ചു പരിചയമുള്ള ചില ഫുട്ബാൾ താരങ്ങൾപോലും വംശീയതയിൽനിന്നു മുക്തരായില്ല. 2023ലെ കോപ്പ അമേരിക്ക വിജയത്തിനു ശേഷം ടീം ബസിലിരുന്ന് എൻസോ ഫെർണാണ്ടസ് പാടിയ പാട്ടിലെ സഭ്യമെന്നു പറയാവുന്ന ഈ വരികൾപോലും അതുകൊണ്ടാണ് ലോകമെങ്ങുമുള്ള കടുത്ത അർ‌ജന്റീന ആരാധകരെ വേദനിപ്പിച്ചത്.

‘‘അ​വ​ർ ഫ്രാ​ൻ​സി​നു വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. പ​ക്ഷേ, അ​വ​ർ അം​ഗോ​ള​യി​ൽ​നി​ന്നു വ​ന്ന​വ​രാ​ണ്. അ​മ്മ വ​ഴി കാ​മ​റൂ​ണു​കാ​ർ, അ​ച്ഛ​ൻ വ​ഴി നൈ​ജീ​രി​യ​ക്കാ​ർ പ​ക്ഷേ, പാ​സ്പോ​ർ​ട്ട് വ​ഴി ഫ്ര​ഞ്ചു​കാർ..’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argentinalatin american football teamsFootball NewsSports NewsArgentina Football
News Summary - Why Argentina’s National Football Team Lacks Afro-Descendant Players
Next Story