ഈ അർജന്റീനയെ ആര് പിടിച്ചുകെട്ടും?
text_fieldsയൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ മൂന്ന് ഗോളിന് കീഴടക്കി ഫൈനലിസിമ കിരീടം മെസ്സിയും സംഘവും ബ്യൂണസ് ഐറിസിൽ എത്തിച്ചതോടെ ഇനി അർജന്റീനയെ ആര് പിടിച്ചുകെട്ടുമെന്നാണ് ഫുട്ബാൾ ആരാധകരുടെ ചോദ്യം. തുടർച്ചയായ 32 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് സ്കലോണിയുടെ സംഘം. ബുധനാഴ്ച വെംബ്ലിയിൽ അവർ നടത്തിയ പോരാട്ടം കണ്ടാൽ അടുത്ത ലോകക്കപ്പ് മെസ്സി ഏറ്റുവാങ്ങുമെന്ന് ഉറച്ചു വിശ്വസിക്കാൻ ആരാധകർക്ക് ന്യായമുണ്ട്.
ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരും യൂറോപ്യന്‍ ജേതാക്കളും കൊമ്പുകോർക്കുമ്പോൾ തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് പ്രവചിച്ചവരെ അമ്പരപ്പിച്ചാണ് അർജന്റീന മൂന്ന് ഗോൾ മാർജിനിൽ ജയം പിടിച്ചെടുത്തത്. ആദ്യ 20 മിനിറ്റിനു ശേഷം ഇറ്റലി ചിത്രത്തിലേ ഇല്ലായിരുന്നു. ലൗറ്ററോ മാർട്ടിനസും ഡിമരിയയും പൗലോ ഡിബാലയും ഇറ്റാലിയൻ വല നിറച്ചപ്പോൾ അതിൽ രണ്ടെണ്ണത്തിന് വഴിയൊരുക്കിയത് സൂപ്പർ താരം മെസ്സിയായിരുന്നു. അസൂറികൾക്കെതിരെ നിറഞ്ഞുകളിച്ച മെസ്സി തന്നെയായിരുന്നു മത്സരത്തിലെ താരവും. അരഡസനിലധികം അവസരങ്ങളാണ് ഫുട്ബാളിന്റെ മിശിഹ ഒരുക്കിയെടുത്തത്.
2019ലെ കോപ അമേരിക്ക സെമിഫൈനലിലാണ് അർജന്റീന അവസാനമായി പരാജയമറിഞ്ഞത്. അന്ന് ബ്രസീലിന് മുമ്പിലായിരുന്നു കീഴടങ്ങിയത്. ഇതേ ബ്രസീലിനെ തോൽപിച്ചാണ് കോപ അമേരിക്കയിൽ ടീം കിരീടം ചൂടിയത്. കോപ്പയിൽ കണ്ട അതേ വീര്യം ഫൈനലിസിമയിലും കാണാനായി.
ഒരു ടീമെന്ന നിലയിൽ ലയണൽ സ്‌കലോണി അർജന്റീനയെ വാർത്തെടുത്തത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുന്ന മത്സരമായിരുന്നു ഫൈനലിസിമയിലേത്. ആധികാരികമായും സുന്ദരമായും അവർ മത്സരം വരുതിയിലാക്കി. തന്ത്രങ്ങളുടെ ആശാനായ റോബർട്ടോ മാൻചിനി ആയുധമില്ലാതെ അന്തംവിട്ടുനിന്ന മത്സരത്തിന് കൂടിയാണ് ഫുട്ബാൾ ആരാധകർ സാക്ഷിയായത്. അർജന്റീന ഗോൾകീപ്പർ മുതൽ പ്രതിരോധവും മധ്യനിരയും മുന്നേറ്റ നിരയുമെല്ലാം ഒരേ മനസ്സോടെ പകർന്നാടുന്നത് കണ്ട് കാൽപന്തുകളിയെ സ്നേഹിക്കുന്നവരുടെയെല്ലാം മനസ്സ് നിറഞ്ഞു.
കളി കഴിഞ്ഞപ്പോൾ, മെസ്സിയെ എടുത്തുയർത്തിയുള്ള അർജന്‍റീന കളിക്കാരുടെ ആഹ്ലാദനൃത്തത്തിൽ എല്ലാമുണ്ടായിരുന്നു. അതെ, അവരുടെ രാജാവ് അവരെ ഉയരങ്ങളിലേക്ക് ഉയർത്തിക്കൊണ്ടേയിരിക്കുന്നു.