അർജന്റീനയുടെ എതിരാളി ആര്...?; മുൻനിരയിൽ മൂന്ന് ടീമുകൾ, ലോകകപ്പ് അങ്കം ആവർത്തിക്കുമോ..? ആവേശത്തോടെ ആരാധകർ
text_fields2022 ലോകകപ്പിൽ അർജന്റീന-സൗദി അറേബ്യ മത്സരത്തിൽ നിന്ന്
കോഴിക്കോട്: ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവ് ഉറപ്പിച്ചതിനു പിന്നാലെ എതിരാളികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ ആരാധകർ. ശനിയാഴ്ച അതിരാവിലെയോടെ അർജന്റീന ടീമിന്റെ കേരള പര്യടനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ ഫാൻ ഗ്രൂപ്പുകളിലും പേജുകളിലും ഏറ്റവും വലിയ ചർച്ചയും എതിരാളികൾ ആരായിരിക്കുമെന്നതാണ്.
ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന അർജന്റീനയുടെ മൂന്ന് മത്സരങ്ങളുടെയും എതിർ ടീമുകൾ ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ ആറ് മുതൽ 14 വരെ ഷെഡ്യൂളിലെ ആദ്യ മത്സരം അമേരിക്കയിലാണ്. നവംബർ 10-18 രണ്ടാം ഷെഡ്യൂളിലാണ് അംഗോളയിലേക്കും കേരളത്തിലേക്കുമായി പുറപ്പെടുന്നത്. എതിർ ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനും, കേരളത്തിലെ സംഘാടകരും അറിയിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള മികച്ച ടീമുകളിൽ ഒരാളാവും അർജന്റീനയെ കേരള മണ്ണിൽ നേരിടുകയെന്നതാണ് സൂചന. ഫിഫ റാങ്കിങ്ങിൽ 24ാം സ്ഥാനത്തുള്ള ആസ്ട്രേലിയ അർജന്റീനക്കെതിരെ കളിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തുവന്നതായി കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. ഇവർക്കു പുറമെ മറ്റു രണ്ടു ടീമുകളും ചർച്ചകളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയും, ലോകകപ്പിന്റെ ആതിഥേയരായ ഖത്തറും പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. സൗദി അറേബ്യയോ, ആസ്ട്രേലിയയോ ആണ് വരുന്നതെങ്കിൽ കഴിഞ്ഞ ലോകകപ്പിന്റെ ‘റീ േപ്ല’ ആയിരിക്കും ആരാധകർക്ക് സമ്മാനിക്കുന്നത്. ലോകകപ്പിൽ അർജന്റീനക്ക് കിരീടത്തിലേക്കുള്ള കുതിപ്പിന് ഊർജമായി മാറിയത് സൗദി അറേബ്യയോടേറ്റ തോൽവിയാണെന്ന് വിശ്വസിക്കുന്ന ആരാധകർ ഏറെയുണ്ട്. കിരീട സ്വപ്നവുമായെത്തിയ ലയണൽ മെസ്സിയെയും സംഘത്തെയും 2-1ന് അട്ടിമറിച്ച സൗദിയുടെ കളി കണ്ട് ലോകം തന്നെ അതിശയിച്ചു. ഈ തോൽവിയൽ നാണക്കേടിലായ അർജന്റീന ഉയിർത്തെഴുന്നേറ്റ ശേഷം അവസാനിച്ചത് കിരീട വിജയത്തിലായിരുന്നുവെന്നതാണ് ഹൈലൈറ്റ്. ലോകകപ്പിന്റെ പ്രീക്വാർട്ടറിലായിരുന്നു ആസ്ട്രേലിയയും അർജന്റീനയും ഏറ്റുമുട്ടിയത്.
ലയണൽ മെസ്സിയും അൽവാരസും സ്കോർ ചെയ്ത മത്സരത്തിൽ 2-1നായിരുന്നു അർജന്റീനയുടെ വിജയം. സൗദിയെ കേരളത്തിൽ കളിക്കാൻ കിട്ടിയാൽ പഴയ നാണക്കേടിന് മധുര പ്രതികാരം തീർക്കാമെന്നാണ് ആരാധക അഭിപ്രായം. മലയാളികൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് വലിയ നാണക്കേടായിരുന്നു ഈ തോൽവി. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ് അർജന്റീന. ഫിഫ റാങ്കിൽ 50ൽ താഴെ സ്ഥാനക്കാർ മാത്രമേ അർജന്റീനയുടെ എതിരാളികളായി വരൂ. ആസ്ട്രേലിയക്ക് പുറമെ, ലോകറാങ്കിങ്ങിൽ 12ാം സ്ഥാനക്കാരായ മൊറോക്കോ, 40ാം സ്ഥാനക്കാരായ കോസ്റ്ററീക ടീമുകളും മുൻനിരയിലുണ്ട്. ഇവരുമായി ചർച്ച നടന്നുവെന്നാണ് സൂചന. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ സംഘമായിരുന്നു മൊറോക്കോ.
ജപ്പാൻ (17ാം റാങ്ക്), ഇറാൻ (20), ദക്ഷിണ കൊറിയ (23), ആസ്ട്രേലിയ (24) ടീമുകൾക്ക് ഏഷ്യയിൽ നിന്നും 50ലുള്ളവർ. നിലവിലെ റാങ്കിങ്ങിൽ ഖത്തർ 53ലും, സൗദി അറേബ്യ 59ലുമാണുള്ളത്. നവംബർ 10നും 18നുമിടയിൽ നടക്കുന്ന മത്സരത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാവും വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

