‘രണ്ടു ഗോട്ടുകൾ, സി.ആർ7 x 45/47’: ക്രിസ്റ്റ്യാനോയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒരുക്കിയ അത്താഴവിരുന്നിൽ പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കെടുത്തിരുന്നു.
സൗദി പ്രതിനിധി സംഘത്തിനൊപ്പമാണ് അപ്രതീക്ഷിത അതിഥിയായി ക്രിസ്റ്റ്യാനോ എത്തിയത്. താരം വിരുന്നിൽ പങ്കെടുത്തതിന്‍റെ സന്തോഷ് ട്രംപ് പിന്നീട് തുറന്നുപറഞ്ഞിരുന്നു. തന്റെ ഇളയമകൻ ബാരോൺ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഡോണാൾഡ് ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായി തന്നെയാണ് റൊണോൾഡോക്കും ഇരിപ്പിടമൊരുക്കിയത്. ട്രംപും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. ഒരു വരാന്തയിലൂടെ ട്രംപുമായി സംസാരിച്ച് ക്രിസ്റ്റ്യാനോയും പങ്കാളി ജോർജിന റോഡ്രിഗസും നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രംപിന്‍റെ വാക്കുകൾ കേട്ട് ക്രിസ്റ്റ്യാനോ പൊട്ടിചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ‘രണ്ടു ഗോട്ടുകൾ, സി.ആർ7 x 45/47’ എന്ന ക്യാപ്ഷനോടുകൂടിയാണ് എക്സിൽ ഈ വിഡിയോ വൈറ്റ് ഹൗസ് പങ്കുവെച്ചത്. ക്രിസ്റ്റ്യാനോയുടെ വിളിപ്പേരാണ് സിആർ7 എന്നത്. സിആർ എന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതിന്‍റെ ചുരുക്കവും ഏഴ് താരത്തിന്‍റെ ജഴ്സി നമ്പറുമാണ്.
അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്‍റ് എന്ന നിലയിലാണ് ട്രംപിനെ 45/47 എന്ന് വിശേഷിപ്പിക്കുന്നത്. ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഷെവ്റൺ ചീഫ് എക്സിക്യൂട്ടീവ് മൈക് വിർത്, ബ്ലാക്ക് സ്റ്റോൺ സഹസ്ഥാപകൻ സ്റ്റീഫൻ ഷെവാർമാൻ, ജനറൽ മോട്ടോഴ്സ് സി.ഇ.ഒ മേരി ബാര, ഫോഡ് എക്സിക്യൂട്ടീവ് ചെയർമാൻ വില്യം ക്ലേ ഫോഡ്, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഡോണൾഡ് ട്രംപ് ജുനിയർ എന്നിവരും വിരുന്നിൽ പങ്കെടുത്തിരുന്നു.
യു.എസും മെക്സിക്കോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പായിരിക്കും തന്റെ കരിയറിലെ അവസാന ടൂർണമെന്റെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു. ദിവസങ്ങൾക്കു മുമ്പ് ക്രിസ്റ്റ്യാനോ ഒരു അഭിമുഖത്തിൽ ട്രംപിനെ ഏറെ പ്രശംസിക്കുന്നുണ്ട്. ട്രംപിനെ നേരിട്ടു കാണാനുള്ള ആഗ്രഹവും അഞ്ചു തവണ ബാലൺ ദ്യോർ നേടിയ ഫുട്ബാളർ പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

