ആരാകും...പന്താട്ടഭൂമിയിലെ പഞ്ച പാണ്ഡവർ? യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ എന്താണ് സംഭവിക്കുന്നത്?
text_fieldsകാൽപന്താട്ടത്തിന്‍റെ 2024-25 സീസൺ കഴിയാനായതോടെ യൂറോപ്പിലെ ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ക്ലൈമാക്സിലേക്ക്. വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഇനിയുള്ളത് ആവേശപ്പോരാട്ടങ്ങൾ. കിരീടത്തിനായുള്ള പോരിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യതക്കും കടുത്ത മത്സരമാണ് ഓരോ ലീഗിലും നടക്കുന്നത്.
ഇതാ ലിവർപൂൾ
പ്രീമിയർ ലീഗിൽ 33 മത്സരങ്ങളിൽനിന്ന് 79 പോയന്‍റ് നേടിയ ലിവർപൂൾ കിരീടം ഉറപ്പിച്ച മട്ടാണ്. ഒരു കളി അധികം കളിച്ച രണ്ടാമതുള്ള ആഴ്സനലിനേക്കാൾ 12 പോയന്‍റാണ് ലിവർപൂളിന് അധികമുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പോയന്‍റ് നേടാനായാൽ നാല് സീസണിന് ശേഷം കിരീടം വീണ്ടും ആൻഫീൽഡിലെത്തും.
മിക്കവാറും ഇന്ന് രാത്രിതന്നെ ചെമ്പട ജേതാക്കളാവും. എന്നാൽ ലിവർപൂൾ, രണ്ടാം സ്ഥാനക്കാരായ ആഴ്സനൽ എന്നിവക്ക് പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന മറ്റു മൂന്ന് ടീമുകൾക്ക് ലീഗിൽ കടുത്ത പോരാട്ടമാണ് തുടരുന്നത്. മൂന്നാമതുള്ള ന്യൂകാസിലും ഏഴാമതുള്ള ആസ്റ്റൺ വില്ലയും തമ്മിൽ അഞ്ച് പോയന്റ് അകലം മാത്രമാണുള്ളത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.
ഇന്‍റർ-നാപ്പോളി ക്ലൈമാക്സ്
സീരി എ ഇറ്റാലിയൻ ലീഗിൽ കിരീടത്തിന് ഇന്‍റർ മിലാനും നാപ്പോളിയും കടുത്ത പോരാട്ടത്തിലാണ്. 33 മത്സരങ്ങൾ കളിച്ച ഇരു ടീമിനും 71 പോയന്‍റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ ടേബിളിൽ ഇന്‍റർമിലാനാണ് മുന്നിൽ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങൾ ഇരു ടീമിനും നിർണായകമാണ്. ഈ രണ്ട് ടീമുകൾക്ക് പുറമെ രണ്ട് ടീമുകൾകൂടി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. 64 പോയന്‍റുമായി ടേബിളിൽ മൂന്നാമതുള്ള അറ്റ്ലാന്‍റക്ക് വലിയ വെല്ലുവിളികളൊന്നുമില്ല. എന്നാൽ, നാല് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ള അഞ്ച് ടീമുകൾ തമ്മിലുള്ള പോയന്‍റ് വ്യത്യാസം വെറും നാലാണ്.
കുതിച്ച് ബാഴ്സ; വിടാതെ റയൽ
സ്പാനിഷ് ലാ ലിഗയിൽ 33 കളികളിൽ 76 പോയന്‍റ് നേടിയ ബാഴ്സലോണ മുന്നിലാണെങ്കിലും ആശ്വസിക്കാനായിട്ടില്ല. 72 പോയന്‍റുമായി ചിരകാല വൈരികളായ റയൽ മഡ്രിഡ് തൊട്ടുപിന്നാലെയുണ്ട്. ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ റയലിനെ സംബന്ധിച്ച് ലാ ലിഗയിലെ ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമാണ്. 66 പോയന്‍റുമായി അത്‍ലറ്റിക്കോ മഡ്രിഡും 60 പോയന്‍റുമായി അത്‍ലറ്റിക്കോ ക്ലബും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള അവസാന സ്ഥാനമായ അഞ്ചിന് 54 പോയന്‍റുള്ള റയൽബെറ്റിസും 52 പോയന്‍റുള്ള വിയ്യറയലും കനത്ത പോരാട്ടത്തിലാണ്. വിയ്യറയലിന് ഒരു കളി കുറവാണ്.
പി.എസ്.ജി എന്നാൽ സുമ്മാവാ
ഫ്രഞ്ച് ലീഗായ ലീഗ് വണിൽ പി.എസ്.ജി കിരീടം ഉറപ്പിച്ചുകഴിഞ്ഞു. 31 മത്സരങ്ങളിൽനിന്നായി 78 പോയന്‍റാണ് ടീമിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. എന്നാൽ, ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന മറ്റു രണ്ട് സ്ഥാനങ്ങൾക്ക് ലീഗിൽ കടുത്ത പോരാട്ടമാണ്. 55 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് ഡി മേഴ്സല്ലെയും ഏഴാമതുള്ള സ്റ്റാർസ്ബർഗും തമ്മിലുള്ള പോയന്‍റ് വ്യത്യാസം വെറും നാലാണ്. ലീഗിലെ രണ്ടും മൂന്നും സ്ഥാനത്തിനായി ആറ് ടീമുകൾക്കും ഇനിയുള്ളത് ജീവൻമരണ പോരാട്ടമാണ്.
തിരിച്ചുപിടിക്കാൻ ബയേൺ
ജർമൻ ബുണ്ടസ് ലിഗയിൽ കഴിഞ്ഞ വർഷം നഷ്ടമായ കിരീടത്തിനരികെയാണ് ഇത്തവണ ബയേൺ മ്യൂണിക്. 31 കളികളിൽനിന്ന് 75 പോയന്‍റാണ് ടീം ഇതുവരെ നേടിയത്. 67 പോയന്‍റുമായി ബയർലവെർകുസൻ രണ്ടാമതുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള മൂന്ന്, നാല് സ്ഥാനങ്ങൾക്ക് മറ്റു ലീഗുകളെപ്പോലെത്തന്നെ പൊരിഞ്ഞ പോരാട്ടമാണ്. മൂന്ന് മുതൽ എട്ട് വരെ സ്ഥാനത്തുള്ള ആറ് ടീമുകൾ തമ്മിലുള്ള പോയന്‍റ് വ്യത്യാസം ഏഴ് പോയന്‍റുകൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

