‘ബഗാന്റെ നടപടി വെല്ലുവിളിയായി എടുക്കുന്നു, എനിക്കുവേണ്ടവരെ കിട്ടിയിട്ടുണ്ട്’; ലഭ്യമായവരുമായി പോരാടുമെന്ന് ഖാലിദ് ജമീൽ
text_fieldsഖാലിദ് ജമീൽ
ബംഗളൂരു: ദേശീയ ക്യാമ്പിലേക്ക് ഏഴു പ്രധാന താരങ്ങളെ വിട്ടുതരാതിരുന്ന മോഹൻ ബഗാൻ ക്ലബ്ബിന്റെ നടപടി വെല്ലുവിളിയായി എടുക്കുന്നുവെന്ന് ഇന്ത്യൻ സീനിയർ ഫുട്ബാൾ പരിശീലകൻ ഖാലിദ് ജമീൽ. തിങ്കളാഴ്ച ബംഗളൂരുവിൽ ടീം പ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാരണങ്ങളാൽ ചില ക്ലബ്ബുകൾ താരങ്ങളെ വിട്ടു നൽകുന്നില്ല. ഇതിനു പുറമെ, ഓഫ് സീസൺ കഴിഞ്ഞാണ് നമ്മൾ ക്യാമ്പിലേക്ക് വരുന്നത്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. അതിനാൽ ലഭ്യമായവരുമായി പോരാടുക എന്നതേ ചെയ്യാനുള്ളൂ. എനിക്കൊപ്പമുള്ള താരങ്ങളിൽ എനിക്കൊരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. എനിക്കുവേണ്ടവരെ കിട്ടിയിട്ടുണ്ട്. പുതിയ കളിക്കാർക്കും പ്രതിഭ തെളിയിക്കാൻ അവസരം നൽകും. ഇനി ഏറ്റവും മികച്ച ഫലം നൽകാനുള്ള സമയമാണ്- അദ്ദേഹം പറഞ്ഞു.
ഐ.എസ്.എൽ സംബന്ധിച്ച അനിശ്ചിതത്വത്തെ കുറിച്ച് ആരാഞ്ഞപ്പോൾ, ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കഴിയുന്ന പ്രഫഷനലുകളാണ് കളിക്കാരെന്ന് ജമീൽ പ്രതികരിച്ചു. ഇത് കളിക്കാരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതായി തോന്നിയിട്ടില്ലെന്നും കളിക്കാരുടെ മനോഭാവം മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ ടൂർണമെന്റിനെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. അടുത്ത പ്രധാനപ്പെട്ട മൂന്നു നാല് മൽസരങ്ങൾക്കു മുമ്പുള്ള മുന്നൊരുക്കമായാണ് ഇതിനെ കാണുന്നത്. കാഫ കപ്പിൽ എതിരാളികൾ ശക്തരാണ്. എവിടെയൊക്കെ മെച്ചപ്പെടുത്തണമെന്നത് ഈ ടൂർണമെന്റിൽ അറിയാനാവും. സുനിൽ ഛേത്രിക്ക് മുന്നിൽ അവസരങ്ങൾ ബാക്കിയുണ്ടെന്നും ജമീൽ വ്യക്തമാക്കി.
ഐ.എസ്.എൽ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാഴാഴ്ച അപ്ഡേറ്റ് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു. ആഗസ്റ്റ് 31ന് അന്താരാഷ്ട്ര ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കളിക്കാർക്ക് ഉപയോപ്പെടുത്താനാവുംവിധം ഇക്കാര്യത്തിൽ തീരുമാനമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു തവണ മികച്ച കോച്ചിനുള്ള പുരസ്കാരം നേടിയ ഖാലിദ് ജമീലിനെ സീനിയർ ടീം കോച്ചായി നിയമിച്ചത് അഭിമാനകാര്യമാണെന്നും നമ്മളിൽ ആത്മവിശ്വാസമുണ്ടാക്കിയെടുക്കുക എന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്നും ഇത് കളത്തിൽ പ്രതിഫലിപ്പിക്കാൻശേഷിയുള്ള പരിശീലകനാണ് ജമീലെന്നും ചൗബേ പറഞ്ഞു. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, സെക്രട്ടറി സത്യനാരായണ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

