പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോര് മുറുകുന്നു. വമ്പന്മാരായ ആഴ്സനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് വീണ്ടും കാലിടറി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശപോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയോടാണ് നീലപ്പടക്ക് അടിതെറ്റിയത്.
ഒരു ഗോളിന് പിന്നിൽ പോയ വില്ല രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഗംഭീര വിജയം നേടിയത്. ഉനായ് എമരിയും സംഘവും കിരീട പോരിൽ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനം. പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകൾ നേടിയ ഒലി വാറ്റ്കിൻസാണ് വില്ലയുടെ വിജയശിൽപി. തുടർച്ചയായ 11 ജയങ്ങളെന്ന അപൂർവ റെക്കോഡും വില്ല സ്വന്തമാക്കി. 1897, 1914 വർഷങ്ങളിലാണ് ഇതിനു മുമ്പ് വില്ല തുടർച്ചയായി 11 മത്സരങ്ങളിൽ ജയിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തവകാശത്തിലും പാസ്സിങ്ങിലും ഗോളുകളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആതിഥേയർക്കായിരുന്നു ആധിപത്യം. ഒടുവിൽ 37ാം മിനിറ്റിൽ അതിനുള്ള ഫലവും ലഭിച്ചു.
ജാവോ പെഡ്രോയിലൂടെ ലീഡെടുത്തു. റീസ് ജയിംസിന്റ കൃത്യമായ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ചെൽസിയുടെ മുന്നേറ്റത്തിൽ വില്ലയുടെ പ്രതിരോധം പലപ്പോഴും പതറി. ആദ്യ പകുതിയിൽ മാത്രം ഒമ്പതു ഷോട്ടുകളാണ് നീലപ്പടയുടെ കണക്കിലുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ എമരി നടത്തിയ തന്ത്രപരമായ മാറ്റങ്ങൾ വില്ലയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58ാം മിനിറ്റിലാണ് പകരക്കാരുടെ ബെഞ്ചിൽനിന്ന് വാറ്റ്കിൻസ് കളത്തിലെത്തുന്നത്. മിനിറ്റുകൾക്കുള്ളിൽ വാറ്റ്കിൻസ് (63ാം) ടീമിനെ ഒപ്പമെത്തിച്ചു. മോർഗൻ റോജേഴ്സാണ് അസിസ്റ്റ് നൽകിയത്. ആത്മവിശ്വാസം വീണ്ടെടുത്ത വില്ല പിന്നാലെ ആക്രമണവും കടുപ്പിച്ചു. 84ാം മിനിറ്റിൽ വാറ്റ്കിൻസ് വീണ്ടും വലകുലുക്കി.
യൂറി ടൈലമൻസ് എടുത്ത കോർണറിൽനിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം ടീമിന്‍റെ വിജയഗോൾ നേടിയത്. സീസണിലെ താരത്തിന്‍റെ അഞ്ചാം ഗോൾ. അവസാന നിമിഷങ്ങളിൽ ചെൽസി ലിം ഡിലാപ്പിനെയും ജാമി ഗിറ്റൻസിനെയും ഇറക്കിയെങ്കിലും വില്ല പ്രതിരോധിച്ചു നിന്നു. 18 മത്സരങ്ങളിൽനിന്ന് 39 പോയന്‍റുമായാണ് വില്ല മൂന്നാമതുള്ളത്. കഴിഞ്ഞ മത്സരത്തിൽ വില്ല യുനൈറ്റഡിനെ തോൽപിച്ചിരുന്നു. പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും വിജയക്കുതിപ്പ് തുടർന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളും. 48ാം മിനിറ്റിൽ സിറ്റിക്കായി ടിജാനി ടെയ്ൻഡേഴ്സ് അക്കൗണ്ട് തുറന്നു. ആറ് മിനിറ്റിനകം ഒമരി ഹച്ചിൻസണിലൂടെ (54) നോട്ടിങ്ഹാമിന്റെ തിരിച്ചടി. 80ാം മിനിറ്റിൽ റയാൻ ചെർകി മുൻ വിജയഗോൾ നേടി.
സിറ്റി 18 മത്സരങ്ങളിൽനിന്ന് 40 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സനൽ ബ്രൈറ്റണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മത്സരത്തിന്‍റെ 14ാ മിനിറ്റിൽ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആഴ്‌സനലാണ് ആദ്യം ലീഡെടുത്തത്. 52ാം മിനിറ്റില്‍ ജോര്‍ജിനിയോ റട്ടറിന്റെ സെല്‍ഫ് ഗോളിലൂടെ ലീഡ് ഇരട്ടിയായി. 64ാം മിനിറ്റില്‍ ഡീഗോ ഗോമസാണ് ബ്രൈറ്റണിന്‍റെ ആശ്വാസ ഗോൾ നേടിയത്. 18 മത്സരങ്ങളിൽ നിന്ന് 42 പോയന്റുമായി ആഴ്സനൽ ഒന്നാമത് തുടരുന്നത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വൂൾവ്സിനെ പരാജയപ്പെടുത്തി. റയാൻ ഗ്രാവൻബെർച്ച് (41), ഫ്ലോറിയൻ വിർട്സ് (42) എന്നിവരാണ് ചെമ്പടക്കായി ഗോളുകൾ നേടിയത്. 51ാം മിനിറ്റിൽ ഉറുഗ്വായ് താരം സാന്‍റിയാഗോ ബ്യൂണോയാണ് വൂൾവ്സിനായി ഒരു ഗോൾ മടക്കിയത്. ജയത്തോടെ 18 മത്സരങ്ങളിൽനിന്ന് 32 പോയന്‍റുമായി ലിവർപൂൾ നാലാം സ്ഥാനത്തേക്ക് കയറി. 29 പോയന്‍റ് വീതമുള്ള ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

