ലോകകപ്പ് കാണാം, ദുബൈയിലിരുന്ന്
text_fields
ഖത്തർ ലോകകപ്പിനായി ദുബൈയിലും ഒരുക്കം സജവീമാണ്. ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പ്ൾ എൻട്രി വിസ കൂടി പ്രഖ്യാപിച്ചതോടെ ഇത് ഗൾഫിന്‍റെ ലോകകപ്പാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൾട്ടിപ്പൾ എൻട്രി വിസയുള്ളവർക്ക് ഖത്തറിൽ പോയി കളി കണ്ട ശേഷം ദുബൈയിലെത്തി താമസിക്കാൻ കഴിയും. കൈയിൽ കാശുള്ളവർക്ക് ഓരോ മത്സരവും ഇങ്ങനെ ഖത്തറിലെത്തി കാണാൻ കഴിയും. ദുബൈയിൽ നിന്ന് വിമാനത്തിൽ 45 മിനിറ്റ് മതി ഖത്തറിലേക്ക്. ഈ ദിവസങ്ങൾക്കിടയിൽ ദുബൈയിൽ തങ്ങുന്നവർക്കായി നഗരത്തിൽ അങ്ങിങ്ങോളം ഫാൻസ് സോണുകളും ഫുട്ബാൾ പാർക്കുകളും ഒരുങ്ങുകയാണ്. ഇഷ്ട ഭക്ഷണവും ആസ്വദിച്ച് ബിഗ് സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് ഈ ഫാൻസ് സോണുകൾ ഒരുക്കുന്നത്. താമസിക്കുന്ന ഹോട്ടലുകൾ മുതൽ പാർക്കുകളിൽ വരെ ഈ സംവിധാനമുണ്ടാകും. ദുബൈ ഇന്‍റർനാഷനൽ ഫിനാൻസ് സെന്‍ററിലെ (ഡി.ഐ.എഫ്.സി) ഗേറ്റ് അവന്യൂവിൽ തുറക്കുന്ന ഫുട്ബാൾ പാർക്കിൽ കളി ആസ്വദിക്കാൻ ബിഗ് സ്ക്രീൻ ഒരുങ്ങും. ടൂർണമെന്‍റ് തുടങ്ങുന്ന നവംബർ 20 മുതൽ ഇവിടെ ഫാൻ സോണും തുറക്കും. ആഡംബര റസ്റ്റാറന്‍റുകളിലെ ഭക്ഷണത്തിനും ആരവങ്ങൾക്കും നടുവിലായിരിക്കും ബിഗ് സ്ക്രീൻ ഒരുങ്ങുക. ആർട്ട് ദുബൈ ഗ്രൂപ്പാണ് സംവിധാനം ഏർപെടുത്തുന്നത്. ആഡംബര സംവിധാനങ്ങളോടെയുള്ളതായതിനാൽ സാധാരണക്കാർക്ക് എത്രമാത്രം ഉപകാരപ്പെടുന്നതാണെന്ന് കണ്ടറിയണം. ദുബൈ മീഡിയ സിറ്റി ആംഫി തീയറ്ററിലും ഫാൻ സോൺ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോർ ടി.വി സ്ക്രീനായിരിക്കും ഇവിടെ സ്ഥാപിക്കുകയെന്നാണ് സംഘാടകരുടെ അവകാശ വാദം. ഐറിഷ് പബ് ചെയിനായ മക് ഗെറ്റിഗനാണ് ഫാൻ പാർക്ക് ഒരുക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ്നിരക്ക്. തത്സമയ സംഗീത പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെയുണ്ടാകും. കൊക്ക കോള അരീനയിലും ദുബൈ ഹാർബറിലുമാണ് മറ്റ് ഫാൻ സോണുകളുള്ളത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.