Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റഫറിമാർ എന്നെ ലക്ഷ്യമിടുന്നു, വിവേചനം എന്നോട് മാത്രം'; വിലക്കിന് പിന്നാലെ തുറന്നടിച്ച് വിനീഷ്യസ് ജൂനിയർ

text_fields
bookmark_border
‘റഫറിമാർ എന്നെ ലക്ഷ്യമിടുന്നു, വിവേചനം എന്നോട് മാത്രം; വിലക്കിന് പിന്നാലെ തുറന്നടിച്ച് വിനീഷ്യസ് ജൂനിയർ
cancel

മഡ്രിഡ്: റഫറിമാർ തനിക്കെതിരെ വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന പരാതിയുമായി റയൽ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. കളിക്കളത്തിൽ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള ലമീൻ യമാൽ, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രതിഭാധനരായ താരങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും വിനി കൂട്ടിച്ചേർത്തു. റഫറിമാർ തന്നെപ്പോലുള്ള താരങ്ങളോട് സ്വീകരിക്കുന്ന സമീപനത്തിൽ കടുത്ത അതൃപ്തിയാണ് ബ്രസീലിയൻ വിങ്ങർ പ്രകടിപ്പിച്ചത്.

ബുധനാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ റോമക്കെതിരെ 4-3ന്റെ തിരിച്ചുവരവ് വിജയം നേടിയശേഷമാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മതിച്ച വിനീഷ്യസ്, വൈകാതെ തന്നെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പറഞ്ഞു.

റോമക്കെതിരായ മത്സരത്തിന് മണിക്കൂറുകൾക്കുമുമ്പാണ് ലാ ലിഗയിൽ വിനീഷ്യസിന് നാല് മത്സരങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തിയത്. എതിരാളിയുടെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് പ്രതിഷേധിച്ചതിനുമാണ് താരത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. എന്നാൽ, തനിക്ക് ലഭിച്ച ശിക്ഷയുടെ കാഠിന്യത്തിൽ അത്ഭുതമുണ്ടെന്ന് വിനീഷ്യസ് പ്രതികരിച്ചു.

“മറ്റൊരു താരത്തിന് നാല് മത്സരങ്ങളിൽനിന്ന് വിലക്ക് ലഭിച്ചതായി ഓർക്കുന്നില്ല. എന്റെ മുന്നിലുണ്ടായിരുന്ന താരത്തെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അയാളുടെ മുടിയിൽ പിടിക്കാനിടയായത്. അതിന്റെ പേരിൽ ചുവപ്പുകാർഡ് ലഭിച്ചു. റഫറിയോട് നാല് മത്സരത്തെ വിലക്കിന് അർഹമായ തരത്തിൽ മോശമായ ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ, വിനീഷ്യസിന്റെ കാര്യത്തിൽ നടപടിയെടുക്കാൻ വളരെ എളുപ്പമാണ്,” താരം പറഞ്ഞു.

എതിരാളികളും മാധ്യമങ്ങളും തനിക്കെതിരായ നടപടിയെ ന്യായീകരിക്കുമെന്ന് മനസ്സിലാക്കുന്നുവെന്നും എന്നാൽ, താൻ എവിടെനിന്നാണ് വന്നതെന്നും എന്ത് നേടാൻ കഴിയുമെന്നും അറിയാമെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു. തുടർച്ചയായി മെച്ചപ്പെടാനും തന്റെ കളി കൂടുതൽ മികവുറ്റതാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എതിരാളികളുടെ ആരാധകർ തന്നെ കൂവുന്നതിൽ പരാതിയില്ലെന്നും അവരുടെ ടീമിനെതിരെ ഗോളടിക്കുകയാണ് തന്റെ ജോലിയെന്നും വിനീഷ്യസ് പറഞ്ഞു. എന്നാൽ, റഫറിമാരുടെ സമീപനമാണ് മനസ്സിലാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“500 ഫൗളുകൾക്കാണ് ഞാൻ ഇരയായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, അതിന്റെ ഫലമായി അഞ്ച് ചുവപ്പുകാർഡുകൾ മാത്രമാണ് എതിരാളികൾക്ക് ലഭിച്ചത്. മഞ്ഞക്കാർഡുകൾ ലഭിക്കുന്നതാകട്ടെ പലപ്പോഴും വിനീഷ്യസിനും ആക്രമണനിരയിലെ താരങ്ങൾക്കുമാണ്. വ്യത്യസ്തമായ മികവ് കളിയിൽ കൊണ്ടുവരുന്ന താരങ്ങളെ സംരക്ഷിക്കണം. പ്രതിരോധ താരങ്ങൾക്ക് മുഴുവൻ മത്സരവും എന്നെ ഫൗൾ ചെയ്യാം. പക്ഷേ, ഒടുവിൽ കാർഡ് ലഭിക്കുന്നത് എനിക്കാണ്,” വിനീഷ്യസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vinicius Seeks Protection for Talented Players
Next Story