സൂപ്പർതാരം വിനീഷ്യസ് സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയനായി? താരത്തിന്‍റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറൽ
text_fieldsവിനീഷ്യസ് ജൂനിയർ
മഡ്രിഡ്: ഫിഫ ലോകകപ്പ് കാമ്പയിൻ ബ്രസീലിനും സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയറിനും സന്തോഷം നൽകുന്ന ഒന്നായിരുന്നില്ല. പ്രശസ്ത പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ലോകകപ്പ് കളിക്കാനെത്തിയ കാനറികൾക്ക് പ്രീ-ക്വാർട്ടറിൽ നോർവെയോട് കാലിടറി.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്‍റെ തോൽവി. ടീമിന്‍റെ മുന്നേറ്റങ്ങളിൽ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞിരുന്ന വിനീഷ്യസിന് നേർവെക്കെതിരെ തിളങ്ങാനായില്ല. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ആരാധകരെ ഞെട്ടിച്ച് യുവതാരം എർലിങ് ഹാലണ്ടാണ് രണ്ടു തവണയും വലകുലുക്കിയത്. എന്നാൽ, ലോകകപ്പിനുശേഷം സമൂഹമാധ്യമങ്ങളിൽ റയൽ മഡ്രിഡ് വിങ്ങറായ വിനീഷ്യസ് ഇപ്പോൾ വൈറലാണ്. താരത്തിന്‍റെ പുതിയ ലുക്കാണ് ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. താരം സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയനയതായി ബ്രസീലിയൻ മാധ്യമങ്ങൾ പറയുന്നു. ബ്രസീലിലെ ഗോയാനിയയിൽ മുഖത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ഫേഷ്യൽ ഹാർമനൈസേഷൻ ചികിത്സക്ക് (chin harmonisation procedure) വിധേയനായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പിനുശേഷം നാട്ടിലേക്ക് മടങ്ങിയ ഉടൻ തന്നെ താര ശസ്ത്രക്രിയ നടത്തിയെന്നും പറയുന്നു.
സമൂഹമാധ്യമങ്ങളിൽ വൈറലായ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബ്രസീലിനായി ലോകകപ്പിൽ വിനീഷ്യസ് നാലു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തെങ്കിലും കിരീടമെന്ന സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. അതേസമയം, സ്പെയിനിനെതിരായ ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ ഏതാനും ദിവസത്തെ വിശ്രമത്തിനായി സൂപ്പർതാരം ലയണൽ മെസ്സി ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിലെ വീട്ടിലെത്തി.
ഫ്ലോറിഡയിലെ ഫോർട്ട് ലാഡർഡേലിൽനിന്ന് സ്വകാര്യ ജെറ്റ് വിമാനത്തിലാണ് താരം നാട്ടിലെത്തിയത്. നിരവധി ആരാധകർ ബാനറുകളും പ്ലക്കാഡുകളുമായി കാത്തുനിന്നിരുന്നെങ്കിലും ആർക്കും മുഖംകൊടുത്തില്ല.
മെസ്സിയുടെ വാഹനം വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അസുഖബാധിതനായ 68 വയസ്സുള്ള പിതാവ് ജോർജിനെ കാണാൻ കൂടിയാണ് മെസ്സി നാട്ടിലെത്തിയത്. താരത്തെ ഒരു നോക്ക് കാണാനായി പുലർച്ചെ മുതൽ തന്നെ ആരാധകർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.
എം.എൽ.എസ സീസണിനായി ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ മെസ്സി ഇന്റർ മയാമി ടീമിനൊപ്പം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

