റയൽ മഡ്രിഡ് ക്യാമ്പിൽ തിരിച്ചെത്തി വിനീഷ്യസ് ജൂനിയർ; താരത്തിനായി ശ്രമം തുടർന്ന് ആഴ്‌സണൽ
text_fieldsമാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണലിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ റയൽ മാഡ്രിഡ് പരിശീലന ക്യാമ്പിൽ തിരിച്ചെത്തി ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. ലോകകപ്പിന് ശേഷമുള്ള നീണ്ട അവധി കഴിഞ്ഞ് ക്ലബ്ബിന്റെ വാൽഡെബെബാസ് ട്രെയിനിങ് സെന്ററിൽ റിപ്പോർട്ട് ചെയ്ത 26-കാരൻ, വൈദ്യപരിശോധനകൾ പൂർത്തിയാക്കി പ്രീ-സീസൺ പരിശീലനവും ആരംഭിച്ചു.
ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് വിനീഷ്യസിന്റെ ഭാവി. റയൽ മാഡ്രിഡുമായുള്ള താരത്തിന്റെ കരാർ സംബന്ധിച്ച അനിശ്ചിതത്വങ്ങളാണ് ആഴ്സണൽ ട്രാൻസ്ഫർ വാർത്തകൾക്ക് കരുത്തേകിയത്. എന്നാൽ, പരിശീലനത്തിന് തിരിച്ചെത്തിയതോടെ താരത്തിന്റെ ഇപ്പോഴത്തെ മുഴുവൻ ശ്രദ്ധയും റയലിനൊപ്പം പുതിയ സീസണിനായി ഒരുങ്ങുന്നതിലാണെന്ന് വ്യക്തമായി. മറ്റു ക്ലബ്ബുകൾക്ക് താരത്തിലുള്ള താല്പര്യം വർധിക്കുമ്പോഴും, തങ്ങളുടെ വിശ്വസ്ത താരത്തെ ക്ലബ്ബിൽ നിലനിർത്താൻ റയൽ മാനേജ്‌മെന്റ് പുതിയ ദീർഘകാല കരാറിനായുള്ള ചർച്ചകൾ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുന്നേറ്റനിര കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിടുന്ന ആഴ്സണൽ പരിശീലകൻ മിക്കൽ ആർട്ടെറ്റ വിനീഷ്യസിനായി വലവിരിച്ചിട്ടുണ്ടെന്ന വാർത്തകൾ ഇംഗ്ലീഷ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. എന്നാൽ, ഈ വമ്പൻ ട്രാൻസ്ഫർ ഉടനടി നടക്കാൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ. താരത്തിന്റെ പ്രതിനിധികളും നേരത്തെ തന്നെ ഈ കൂടുമാറ്റ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
വരും ആഴ്ചകളിൽ റയലിലെ കരാർ ചർച്ചകൾ നിർണായകമാകുമെങ്കിലും, നിലവിൽ ട്രാൻസ്ഫർ വാർത്തകളേക്കാൾ റയൽ മാഡ്രിഡിനൊപ്പം വരാനിരിക്കുന്ന സീസണിനായി ഒരുങ്ങാനാണ് വിനീഷ്യസ് പ്രഥമ പരിഗണന നൽകുന്നത്. ഇതോടെ ആഴ്സണൽ ആരാധകരുടെ പ്രതീക്ഷകൾക്കാണ് താൽക്കാലികമായെങ്കിലും മങ്ങലേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

